
സിഡ്‌നി ∙ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമോതി സിഡ്‌നി സെൻറ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മാജിക്കൽ ക്രിസ്മസ് 2020’ എന്ന പരിപാടി പ്രത്യേക ശ്രദ്ധ നേടി.
മുഖ്യ അതിഥിയായി വന്ന സംഗീതജ്ഞൻ അൽഫോൻസ് പങ്കുവച്ച ക്രിസ്തീയ സാക്ഷ്യവും അദ്ദേഹം ആലപിച്ച ഗാനങ്ങളും ഒരുപോലെ മനോഹരമായിരുന്നു. പ്രേക്ഷകരുടെ നിറസാന്നിധ്യത്തിൽ ഇക്കഴിഞ്ഞ ഡിസംബർ ഇരുപതിന് പരിപാടി സൂമിലൂടെ തൽസമയം സംപ്രേഷണം ചെയ്തപ്പോൾ, കുട്ടികൾ അടക്കമുള്ള കലാകാരൻമാരും കലാകാരികളും ആവേശത്തോടെ അവതരിപ്പിച്ച വിവിധയിനം കലാരൂപങ്ങളും നൃത്തനൃത്യങ്ങളും സമന്വയിപ്പിച്ച വിഡിയോ പല ഘട്ടങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെടുകയായിരുന്നു.

അനിശ്ചിതത്വവും നിയന്ത്രണങ്ങളും നിറഞ്ഞ ഈ കോവിഡ് കാലത്തിനു പോലും മനുഷ്യന്റെ അടിസ്ഥാനപരമായ, കലാസൃഷ്ടികളോടുള്ള അഭിവാഞ്ഛയെ ഇല്ലാതാക്കാൻ കഴിയുകയില്ല എന്ന് തെളിയിക്കുന്നതായിരുന്നു വനിതാ സമാജം പ്രവർത്തകർ അവതരിപ്പിച്ച ‘ലൂപ്പ് വിഡിയോ’ എങ്കിൽ യുവത്വത്തിന്റെ ആവേശവും ക്രിസ്തീയ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതായിരുന്നു യുവ തലമുറ അവതരിപ്പിച്ച നൃത്ത രൂപങ്ങളും ഷോർട് ഫിലിമും. ഇടവക ശ്രുശ്രൂഷാ സംഘം ആലപിച്ച ‘ജനനപ്പെരുന്നാൾ ഗാനങ്ങൾ’ ഒരു സ്വർഗ്ഗീയ സംഗീത വിരുന്നായിരുന്നു. ക്രിസ്മസിന്റെയും സാന്താക്ലോസിന്റെയും മാസ്മരിക ലോകത്തേക്ക് പ്രായഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായിരുന്നു കൊച്ചു കൂട്ടുകാർ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ എന്നത് എടുത്തു പറയേണ്ടതാണ്.
ഡൊമിനിക്കൻ സന്യാസ സമൂഹത്തിലെ ‘ഓർഡർ ഓഫ് പ്രിചെർ’ ആയ സിസ്റ്റർ ജൊവാൻ മാരി നൽകിയ ക്രിസ്മസ് സന്ദേശം ആനുകാലിക പ്രസക്തവും, ത്യാഗനിർഭരമായ ആത്മീയ ജീവിതത്തിന്റെയും ദാനധർമ്മത്തിന്റെയും ആവശ്യകതയ്ക്ക് ഊന്നൽ നൽകുന്നതുമായിരുന്നു.
വികാരി ഫാ. മനീഷ് കുര്യാക്കോസ് ചിറപ്പാട്ടിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ കൂട്ടായ അക്ഷീണ പ്രയത്നത്തിന്റെ ഫലമായിരുന്നു ‘മാജിക്കൽ ക്രിസ്മസ് 2020’. സിഡ്‌നിയിലെ കലാ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായ ഡോ. എമി റോയ് ആയിരുന്നു അവതാരക.