ADVERTISEMENT

ക്വാലാലമ്പൂർ ∙ ഈയടുത്ത കാലത്താണ് വ്യത്യസ്തമായ പേരിൽ ഇങ്ങനെയൊരു തട്ടുകടക്കായി മലേഷ്യയിലെ സെലങ്ങൂരിൽ കൂടാരം കെട്ടിയത്. പേര് പോലെ തന്നെ മറ്റ് തട്ടുകടകളിൽ നിന്നും വ്യത്യസ്തത കൊണ്ട് ഓരോ ദിവസവും 'ക്യാപ്റ്റൻ കോർണറി'ന്റെ രുചിയും കൂടുകയാണ്. മലേഷ്യക്കാരനായ അസ്‌റിൻ മുഹമ്മദാണ് കോവിഡ് കവർന്നെടുത്ത തന്റെ സ്വപ്‌ന ചിറകുകൾക്ക് തട്ടുകടയെന്ന ആശയത്തിലൂടെ പുതു ജീവൻ നൽകിയിരിക്കുന്നത്. ആകാശത്തിൽ യന്ത്ര ചിറകുകൾക്ക് ചുക്കാൻ പിടിച്ച അസ്‌റിൻ മുഹമ്മദ് സാക്ഷാൽ പൈലറ്റാണെന്നുള്ളത് തന്നെയാണ് ഈ തട്ടുകടയുടെ ഏറ്റവും വലിയ പ്രത്യേകത.

20 വർഷം വിമാനം പറത്തിയ അസ്‌റിൻ മലേഷ്യൻ, ലയൺ, മലിണ്ടോ തുടങ്ങി  എയർലയൻസുകളിലെ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓരോ ജോലികൾക്കും അതിന്റെതായ മഹത്വമുണ്ടെന്ന് തെളിയിക്കുകയാണ് ഈ വൈമാനികൻ. ചെയ്യുന്ന ജോലി ഏതായാലും അതിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയ്ക്ക് മുന്നിൽ കോവിഡ്‌ പോലും തോറ്റു പോവുന്നു.

ഒട്ടുമിക്ക രാജ്യാന്തര അതിർത്തികളും  അടച്ചതോടെ അടിസ്ഥാന മാസ ശമ്പളമില്ലാതെ പറക്കുന്ന ദിവസങ്ങൾക്ക് മാത്രമായി ശമ്പളം ചുരുങ്ങിയപ്പോൾ കുടുംബത്തെ സഹായിക്കാൻ വരുമാനമില്ലാതെയായി. എയർലൈൻ പൈലറ്റെന്ന നിലയിൽ 'ക്യാപ്റ്റൻ-കോർണർ' തികച്ചും പ്രതീകാത്മകമായതിനാലാണ് ഈയൊരു പേരിൽ തന്നെ പുതിയ സംരംഭം തുടങ്ങിയതെന്നാണ് അസ്‌റിൻ പറയുന്നത്.

ഭാര്യാ മാതാവിന്റെ റംസാൻ സ്റ്റാളിനായി വാങ്ങിയ പല പാത്രങ്ങളും കൂടാരങ്ങളും വീട്ടിൽ കരുതിയതിനാൽ ക്യാപ്റ്റൻ കോർണറിന്റെ ടേക് ഓഫ്‌ എളുപ്പത്തിലാക്കി.

മലേഷ്യ പൊതുവെ ഭക്ഷണ പ്രേമികളുടെ നാടാണ്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ സായാഹ്നങ്ങളിൽ എല്ലാ തെരുവുകളിലെയും മുക്കിലും മൂലയിലും തീന്‍ മേശകൾ നിരക്കുന്നത് മലേഷ്യയിലെ സാധാരണ കാഴ്ചയാണ്. ചിക്കൻ പൊരിച്ചതും മീൻ പൊരിച്ചതും നൂഡിൽ സൂപ്പുകൾക്കും പുറമേ വ്യത്യസ്ത കറികളും എണ്ണപ്പലഹാരങ്ങളും കടൽ മത്സ്യ വിഭവങ്ങളുമെല്ലാം ക്യാപ്റ്റൻ കോർണറിലെ മുഖ്യ ഡിഷുകളാണ്. മുൻപണിഞ്ഞ ക്യാപ്റ്റന്റെ വേഷത്തിലാണ് അസ്‌റിൻ തട്ടുകടയിലെ കോക് പിറ്റിലും നിലയുറപ്പിച്ചിരിക്കുന്നത്. സഹായികൾക്ക് നൽകിയതാകട്ടെ ക്രൂവിന്റെ വേഷവും. ക്യാപ്റ്റൻ കോർണറിലെത്തിയാൽ ഒരാകാശമയമെന്ന് ചുരുക്കം. യാതൊരു ജാഡയും കൂടാതെ ഓരോ കസ്റ്റമറോടും കുശലം പറയുന്ന ക്യാപ്റ്റൻ മലേഷ്യയിലെ സ്റ്റാറായി കഴിഞ്ഞു.

അതിരാവിലെ ചന്തയിലെത്തി ഭക്ഷണ ചേരുവകൾ വാങ്ങുന്നതും വീട്ടിലെത്തി അവ തയാറാക്കുന്നതും അസ്‌റിൻ ആണ്. സഹായത്തിനായി അസ്റിന്റെ ഭാര്യയും, ഭാര്യയുടെ ബന്ധുക്കളും ഉണ്ട്. വൈമാനികനായി തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഇപ്പോഴാണ് ഞാൻ 24x7 ജോലിയെടുക്കുന്നതായി തോന്നുന്നതെന്നാണ് അദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com