sections
MORE

പ്രവാസികൾക്ക് തിരിച്ചടി: ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളും മലേഷ്യൻ സർക്കാർ റദ്ദാക്കി

flight
SHARE

ക്വാലാലംപുർ ∙ ഇന്ത്യയിലെ കോവിഡ് രോഗവ്യാപനത്തെ തുടർന്ന് മലേഷ്യൻ സർക്കാർ ഇന്ത്യയുടെ വന്ദേഭാരത് വിമാനസർവീസുകൾ പൂർണ്ണമായും റദ്ദ് ചെയ്ത് ഉത്തരവിറക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് മലേഷ്യയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും ആർക്കും യാത്ര ചെയ്യാനാകില്ല. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെയാണ് മലേഷ്യ വ്യമാതിർത്തികൾ അടച്ചിട്ടത്.

ഒരു വർഷം പിന്നിട്ടിട്ടും തൽസ്ഥിതി തുടരുന്ന രാജ്യത്ത് നിന്നും സ്വദേശത്തേക്ക് യാത്ര ചെയ്യാൻ ഇവാക്വേഷൻ വിമാനങ്ങൾ മാത്രമായിരുന്നു ഇതരരാജ്യങ്ങളിലെ യാത്രക്കാരുടെ ആശ്രയം. മലേഷ്യൻ സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലെത്താൻ ആശ്വാസമായിരുന്ന വന്ദേഭാരത് മിഷന്റെ വിമാന സർവീസുകളും നിർത്തലാക്കിയതോടെ വരും ദിവസങ്ങളിൽ യാത്ര പുറപ്പെടേണ്ടിയിരുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയായി.

തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ മലേഷ്യയുടെ സുരക്ഷാ ചുമതലയുള്ള മന്ത്രി ദത്തോ സെരി ഇസ്മായിൽ സബ്റി ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ നിർത്തലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ഇന്ത്യൻ എംബസിയിലേക്ക് ഔദ്യാഗിക അറിയിപ്പ് ലഭിച്ചത്. മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം അടുത്ത മാസം അഞ്ച് വിമാനങ്ങളാണ് ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്.

ഗർഭിണികൾ ഉൾപ്പടെ ആരോഗ്യകരമായ പ്രശനങ്ങളുള്ളവരും ജോലി നിർത്തലാക്കി പോകുന്നവരുമാണ് വന്ദേഭാരത് സർവീസുകളിലെ ഭൂരിഭാഗം യാത്രക്കാരും. കോവിഡിന്റെ രണ്ടാം തരംഗത്തെ ശക്തമായി ചെറുക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായുള്ള നിരോധനമാണെന്നാണ് മലേഷ്യൻ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും വിലക്ക്  എത്ര കാലംതുടരുമെന്ന് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികളുൾപ്പെടുന്ന യാത്രക്കാരെല്ലാം ആശങ്കയിലാണ്. 

മലേഷ്യയിലേക്ക് യാത്ര ചെയ്യാൻ മലേഷ്യൻ എമിഗ്രേഷൻ ഡയറക്ടറുടെ അനുമതി വേണമെന്നിരിക്കെ ഇതിനോടകം ചികിത്സാർഥവും അത്യാവശ്യ ചടങ്ങുകളിൽ പങ്കെടുക്കാനുമായി നിരവധി പ്രവാസികൾ നാട്ടിലെത്തിയിട്ടുണ്ട്. ഏറെക്കാലത്തെ പരിശ്രമത്തിനു ശേഷം അനുമതി ലഭിച്ച് വരും ദിവസങ്ങളിലെ വിമാനങ്ങളിൽ മലേഷ്യയിലേക്ക് യാത്ര ചെയ്യാനിരുന്ന മലയാളികളടക്കമുള്ള യാത്രക്കാരും ഇതോടെ വെട്ടിലായിരിക്കുകയാണ്.

നാട്ടിൽ നിന്നും കോവിഡ് ടെസ്റ്റ് കഴിഞ്ഞ് മലേഷ്യയിലെത്തുന്ന വിദേശികളിൽ നിന്നും ഏഴുദിവസത്തെ ക്വാറന്റീൻ ചെലവ് സഹിതം ഏകദേശം എഴുപതിനായിരം ഇന്ത്യൻ രൂപയാണ് മലേഷ്യൻ സർക്കാർ ഈടാക്കുന്നത്. ഗർഭിണികളും, ജോലി നഷ്ടപ്പെട്ടവരും, അത്യാഹിത രോഗമുള്ളവരുമടങ്ങുന്ന യാത്രക്കാരെ ഇന്ത്യയിലേക്കെത്തിക്കാൻ  എംബസിയുടെ ഭാഗത്തു നിന്നും ഉചിതമായ നടപടിയുണ്ടാകണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പല പ്രവാസി സംഘടനകളും ഇതിനോടകം ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നിവേദനം നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA