ADVERTISEMENT

മെൽബൺ ∙ ന്യൂസിലാൻഡിനെയും ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ മെൽബൺ സെന്റ് തോമസ് സിറോ-മലബാർ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ ലിയൊനാർഡോ സാന്ദ്രി 2021 മാർച്ച് 29 ന് ഇതു സംബന്ധിച്ചുള്ള ഡിക്രിയിൽ ഒപ്പുവച്ചു.

ഈ രാജ്യങ്ങളിൽ വർധിച്ചുവരുന്ന സിറോ-മലബാർ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ഈ തീരുമാനം തോമാശ്ലീഹായും പിൻഗാമികളും കൈമാറിയ സിറോ-മലബാർ ആത്മീയ പൈതൃകത്തെയും ആരാധനാക്രമ, സഭാ പാരമ്പര്യത്തെയും മെച്ചപ്പെടുത്തും. 

ഈ ഉത്തരവനുസരിച്ച് ഇനി മുതൽ മെൽബൺ സെന്റ് തോമസ് സിറോ-മലബാർ രൂപതയുടെ അധികാരപരിധിയിൽ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാൻഡിനും പുറമെ ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെടും. 

ഈ പ്രദേശങ്ങളിലെ സിറോ-മലബാർ വിശ്വാസികളുടെ അജപാലന ആവശ്യങ്ങൾ കൂടുതൽ നന്നായി നിറവേറ്റുന്നതിന് അധികാരപരിധി വിപുലീകരണം സഹായിക്കുമെന്ന് ഡിക്രിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലാൻഡിവും ഓഷ്യാനിയ ദ്വീപ് സമൂഹങ്ങളിലുമുള്ള സിറോ-മലബാർ സഹോദരങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറന്നു നൽകുന്നതാണ് ഈ തീരുമാനം. കുടിയേറ്റത്തിലൂടെ സിറോ-മലബാർ സഭ ഇപ്പോൾ കൂടുതൽ ആഗോളമാവുകയാണ് എന്ന് പരിശുദ്ധ സിംഹാസനവും ഓഷ്യാനിയയിലെ എപ്പിസ്കോപ്പൽ സമിതികളും അംഗീകരിക്കുന്നതിന്റെ അടയാളം കൂടിയാണ് ഇത്.

ഫ്രാൻസിസ് മാർപാപ്പയുടെ ഈ ഉത്തരവനുസരിച്ച് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഓഷ്യാനിയ പ്രദേശങ്ങളിലെ എല്ലാ സിറോ-മലബാർ വിശ്വാസികളും ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ അധികാരപരിധിയിൽ ഉൾപ്പെടുകയും ബിഷപ്പ് ബോസ്കോ പുത്തൂർ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് ഓഷ്യാനിയ സിറോ-മലബാർ രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്യും.

രൂപതയിലെ എല്ലാ വൈദികരോടും വിശ്വാസികളോടും ചേർന്ന് ബിഷപ്പ് ബോസ്കോ പുത്തൂർ ദൈവത്തിന് നന്ദി പറയുകയും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ,  അഭിവന്ദ്യ കർദ്ദിനാൾ ലിയൊനാർഡോ സാന്ദ്രി, പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള തിരുസംഘം, മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് കർദ്ദിനാൾ ആലഞ്ചേരി, സിറോ-മലബാർ സിനഡ്, ന്യൂസിലാൻഡിലെയും ഓഷ്യാനിയയിലെയും നൂൺഷ്യോമാർ, മെത്രാൻ സമിതികൾ എന്നിവരെ കൃതജ്ഞതയോടെ ഓർമ്മിക്കുകയും ചെയ്യുന്നു. 

ഫ്രാൻസിസ് മാർപാപ്പയുടെ ഈ തീരുമാനം ഈ പ്രദേശത്തുടനീളമുള്ള മാർ തോമാശ്ലീഹായുടെ എല്ലാ പുത്രീപുത്രന്മാർക്കും നമ്മുടെ കർത്താവായ ഈശോമിശിഹായുടെ സുവിശേഷത്തിന് സിറോ-മലബാർ പൗരസ്ത്യ, ആത്മീയ, ആരാധനാക്രമ, സഭാ പാരമ്പര്യത്തിലൂടെ കൂടുതൽ തീക്ഷ്ണതയോടെ സാക്ഷ്യം വഹിക്കാനുള്ള ദൗത്യവും വെല്ലുവിളിയുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com