ADVERTISEMENT

മെൽബൺ ∙ മെൽബൺ സിറോ മലബാർ രൂപത കാത്തലിക് മിഷൻ ഓസ്ട്രേലിയയുമായി സഹകരിച്ച് സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോവിഡ് കിറ്റുകൾ കേരളത്തിൽ വിതരണം ചെയ്യുന്നു. കാരിത്താസ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് കേരളത്തിലും ഏതാനും വടക്കൻ സംസ്ഥാനങ്ങളുമായി കോവിഡ് രോഗികളുടെ കുടുംബങ്ങൾക്ക് ആയുള്ള മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, ഇൻഹെയ്‌ലറുകൾ, ഫെയ്സ്മാസ്ക് തുടങ്ങി നിരവധി പിപിഇ ആവശ്യ വസ്തുക്കൾ അടങ്ങുന്നതാണ് കിറ്റ്.

‘എത്തിചേരുക: ജീവൻ നൽകുക’ എന്ന് പേരിട്ടിരിക്കുന്ന കോവിഡ് കിറ്റ് വിതരണ പദ്ധതിയുടെ കേരള തല ഉദ്ഘാടനം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി നിർവഹിച്ചു. പദ്ധതിക്കായി പണം സ്വരൂപിച്ച സിറോ മലബാർ സഭ മെൽബൺ രൂപതയ്ക്കും കാത്തലിക് മിഷൻ ഓസ്‌ട്രേലിയക്കും കർദിനാൾ ആലഞ്ചേരി നന്ദി അറിയിച്ചു. പാലാരിവട്ടം പിഒസി സെന്ററിൽ നടന്ന മെഡിക്കൽ കിറ്റ് വിതരണ ഉദ്ഘാടന ചടങ്ങിൽ സിബിസിഐ വൈസ് പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ മാർ ജോഷ്വ മാർ ഇഗ്നേഷ്യസ്, കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിൽ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിൽ ആവശ്യമുള്ള രോഗികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുന്ന പരിപാടിയിൽ കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് (കെസിബിസി ) യും കേരള സോഷ്യൽ സർവീസ് ഫോറവും നേതൃത്വം നൽകുന്നു. കോവിഡ് രോഗബാധിതരുടെയും കോവിഡ് ലക്ഷണങ്ങൾ ഉള്ളവരുടെയും കുടുംബങ്ങൾക്കാണ് ഇത്തരം കിറ്റുകൾ നൽകുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് പാലയ്ക്കപ്പള്ളി അറിയിച്ചു.

മെൽബൺ സിറോ മലബാർ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ ആഹ്വാനത്തെ തുടർന്ന് രൂപത നേതൃത്വം ഒരു ലക്ഷത്തി അയ്യായിരത്തിലധികം ഡോളർ ഈ പദ്ധതിക്ക് സമ്മാനിക്കുകയുണ്ടായി. ഇതിൽ 58, 511 ഡോളർ ഓസ്ട്രേലിയയിലെ വിവിധ സിറോ മലബാർ വിശ്വാസികളിൽ നിന്നും സംഭാവനയായി ലഭിച്ചതാണ്. ഓസ്ട്രേലിയയിലെ മറ്റു പൗരസ്ത്യ രൂപതകളിൽ നിന്നും ലത്തീൻ രൂപതകളിലെ നിന്നുമായി 16, 625 ഡോളറും ഓസ്ട്രേലിയയിലെ കാത്തലിക് മിഷൻ സൊസൈറ്റി മുപ്പതിനായിരം ഡോളറും നൽകിയതും ചേർന്നാണ് ഈ പദ്ധതിക്കായി തുക കണ്ടെത്തിയത്. 

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആരംഭിച്ച സാഹചര്യത്തിലായിരുന്നു കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ കിറ്റുകൾ നൽകാൻ സഭാനേതൃത്വം തീരുമാനം എടുത്തത്. രോഗത്തെ സംബന്ധിച്ച അറിവും ആവശ്യമായ മെഡിക്കൽ കിറ്റ് ലഭ്യതയും ഉണ്ടെങ്കിൽ പല മരണങ്ങളും ഒഴിവാക്കാമായിരുന്നു എന്ന വിദഗ്ധ ഉപദേശത്തെ തുടർന്നായിരുന്നു മെഡിക്കൽ കിറ്റുകൾ നൽകണമെന്ന തീരുമാനം കൈക്കൊണ്ടതെന്ന് കാരിത്താസ് ഇന്ത്യ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com