ADVERTISEMENT

ശരിയായ ആശയവിനിമയം ഇല്ലാതെ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങൾ. അത്തരം കുടുംബബന്ധങ്ങൾക്കിടയിൽ പെട്ട്‌ പിരിമുറുക്കം അനുഭവിക്കുന്ന കൗമാരപ്രായക്കാർക്ക് സംഭവിക്കാവുന്ന അപകടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയണോ? എങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചെറുസിനിമയാണ് യുവസംവിധായകൻ ഷബിലിന്റെ നേതൃത്വത്തിൽ ജപ്പാനിൽ നിർമിച്ച 'മറുമരുന്ന്'. കുടുംബജീവിതം നയിക്കുന്നവർക്കും അതിനായി തയാറെടുക്കുന്നവർക്കും ഒരു വഴികാട്ടി കൂടിയാണ് ഈ ചെറുസിനിമ.

 

 25 മിനിറ്റൊക്കെ ഒരു ഷോർട് ഫിലിമിന് കൂടുതലല്ലേ എന്ന മുൻവിധിയോടെയാണ് മറുമരുന്ന് കാണാൻ ഇരുന്നത്. മുൻധാരണകളെ അസ്ഥാനത്താക്കി കൊണ്ട് ഇരുന്ന ഇരിപ്പിൽ സമയം പോയതറിഞ്ഞില്ല എന്ന് തന്നെ പറയാം. മാത്രമല്ല ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഈ കഥ എങ്ങനെ പറഞ്ഞു തീർത്തു എന്ന് ആശ്ചര്യപ്പെടുകയും ചെയ്തു. ഒരു മുഴുനീളൻ സിനിമയിൽ ഉണ്ടായേക്കാവുന്ന എല്ലാവിധ മാനുഷിക വികാര വിക്ഷോഭങ്ങളും, 25 മിനിറ്റിനുള്ളിൽ വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പകർന്നു കൊടുക്കാൻ  മറുമരുന്നിന് സാധിച്ചു എന്നത് നിസ്സാര കാര്യമല്ല. പൂർണ്ണമായും ജപ്പാനിൽ നിർമ്മിച്ച 'മറുമരുന്ന്' റിലീസ് ചെയ്തത് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ, സംഗീത സംവിധായകൻ രമേഷ് നാരായൺ, കവി മുരുകൻ കാട്ടാക്കട, യുവ സംവിധായകൻ അദ്വൈത്‌ ഷൈൻ എന്നിവർ ചേർന്നാണ്. ജപ്പാൻ, ഓസ്ട്രേലിയ, യുഎഇ, ഇറ്റലി, ബഹ്‌റൈൻ, ഇന്ത്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർചടങ്ങിൽ പങ്കെടുത്തു. 

film-jp

 

ഈ ചെറുസിനിമയുടെ ചിത്രീകരണത്തിന് ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് ഷബിലിനും ടീമിനും. വളരെ കുറച്ച് മാത്രം മലയാളികൾ ഉള്ള ജപ്പാൻ പോലൊരു രാജ്യത്ത് അഭിനയിക്കാൻ താൽപ്പര്യവും കഴിവും ആഗ്രഹവുമുള്ള അഭിനേതാക്കളെ കണ്ടെത്തുക ദുഷ്‌കരമായ ഒരു കർമ്മം തന്നെയായിരുന്നു. ശുദ്ധമായ മലയാളം പറയുന്ന ഒരു മലയാളി സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തുവാനും സമയമെടുത്തു. സോഫ്ട്‍വെയർ എൻജിനിയർ ആയ കിരൺ - ദീപ ദമ്പതികളുടെ മകൾ ദേവിയാണ് ഇതിലെ നായിക. ആദ്യമായിട്ടാണ് ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമാവുന്നതെങ്കിലും സ്വതസിദ്ധമായ ഭാവപ്രകടനങ്ങളിലൂടെ കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു ഈ മിടുക്കി.

 

ഷോർട്ട് ഫിലിമിൽ മാസ്സ് സീനുകൾ കൊണ്ടുവരിക എന്നത് ദുഷ്കരമായ ഒരു കാര്യമാണ്. നീലൻ എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്ന ഉദയരാജ് തോപ്പിൽ, മാസ്സ് സീനുകളിൽ കൊണ്ട് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതിലും വിജയിച്ചു. പ്രവീണ രമണൻ, ബിജു നാരായണൻ, രോഹിത് നിരഞ്ജൻ, അജയ്കുമാർ, നിഷാന്ത് ഗോമസ് എന്നിവരുടെ അഭിനയവും എടുത്ത് പറയേണ്ടത് തന്നെയാണ്. ഷിഫ ഷബിലിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം, ക്യാമറ, എഡിറ്റിങ്, സിനിമാറ്റോഗ്രാഫി, നിർമ്മാണം  എന്നിവ നിർവഹിച്ചത് സംവിധായകനായ ഷബിൽ തന്നെയാണ്. ഷൈൻ കുമാർ ആണ് സഹനിർമ്മാണം.

 

ടോക്കിയോ നഗരത്തിനുള്ളിൽ മലയാളത്തിൽ ഒരു  ചെറു സിനിമ ചിത്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. നാട്ടിലാണെങ്കിൽ സങ്കൽപ്പിച്ച പോലെ ലൊക്കേഷനുകളും ആർട്ടിസ്റ്റുകളെയും ലഭിക്കാൻ എളുപ്പമാണ്. ഷൂട്ടിങ്ങിന് ആവശ്യമായ എല്ലാ സഹായങ്ങളും ഇതിൽ അഭിനയിച്ചവരും സുഹൃത്തുക്കളും ചേർന്നാണ് ഒരുക്കിയത്. 

 

ജപ്പാൻ, ഓസ്ട്രേലിയ, യുഎഇ, ഇറ്റലി, ബഹ്‌റൈൻ, ഇന്ത്യ, സിങ്കപ്പൂർ, അയർലൻഡ്, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ റിലീസ് ചടങ്ങിൽ പങ്കെടുത്തു. ശ്രീകുമാറും അഖില അനൂപും ചേർന്ന് റിലീസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

 

ഷോർട്ട്‌ ഫിലിം കാണാനുള്ള ലിങ്ക്:

 

https://youtu.be/9JcashkiopM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com