ADVERTISEMENT

വെല്ലിംഗ്ടൺ/ചെറുതുരുത്തി ∙ പറക്കാത്ത കിവിപ്പക്ഷികളുടെ നാടായ ന്യൂസീലൻഡിൽ രഞ്ജിത്ത് എന്ന മലയാളി ഒരു ദൗത്യത്തിലാണ്: ക്രിക്കറ്റിന്റെ അനന്ത വിഹായസ്സിലേക്കു പുതിയ തലമുറയെ പറക്കാൻ പഠിപ്പിക്കുക! ഓക്‌ലൻഡ് അണ്ടർ 16 ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചും ഓൾറൗണ്ട് ക്രിക്കറ്ററുമാണു ചെറുതുരുത്തി മേച്ചേരിക്കുന്ന് രഞ്ജിത് നിവാസിൽ രഞ്ജിത് രവീന്ദ്രൻ (37).

ഇന്ത്യയിൽ കളിച്ചു മികവു തെളിയിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും വിദേശ മണ്ണിൽ വേരുറപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണു രഞ്ജിത്ത്. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നതിനിടെ 13ാം വയസ്സിൽ ഷൊർണൂർ ക്രിക്കറ്റ് ക്ലബ്ബിലാണു രഞ്ജിത് പ്രഫഷനലായി കളി തുടങ്ങുന്നത്. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബിരുദ പഠനം പൂർത്തിയാക്കുന്നതിനിടെ ജില്ലാതലത്തിൽ ഒട്ടേറെ ടൂർണമെന്റുകളിൽ വിജയിച്ചു കയറി. പാലക്കാട് അണ്ടർ 22 ടീമിൽ നിന്നു കേരള സീനിയർ സോൺ ടീമിലേക്കുമെത്തി.

വലംകയ്യൻ ബാറ്ററും ലെഗ്സ്പിന്നറുമായ രഞ്ജിത് ഓൾറൗണ്ട് മികവിൽ കൂടുതൽ ഉയരങ്ങൾ ലക്ഷ്യമിട്ടെങ്കിലും അവസരങ്ങൾ കുറഞ്ഞു വന്നു. ഇതോടെ ദുബായ് ഷിപ്പിങ് കമ്പനിയിൽ നിന്നു ലഭിച്ച അവസരം സ്വീകരിച്ചു വിദേശ ജീവിതം ആരംഭിച്ചു. 2015–ലാണ് ന്യൂസിലൻഡിൽ കോർണവാൽ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചു തുടങ്ങിയത്. 2016–ൽ അംഗീകൃത പരിശീലകനായി ജോലിതുടങ്ങി. 12 വർഷമായി ന്യൂസീലൻഡിൽ നടക്കുന്ന ഇന്തോ–കിവി ട്രോഫി ക്രിക്കറ്റിൽ കേരള വാരിയേഴ്സ് ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമാണ്. കഴിഞ്ഞ മാർച്ചിൽ ഈ ടൂർണമെന്റ് ജയിക്ക‍ാനും കഴിഞ്ഞു.

ശ്രീകാന്ത് വിദ്യാധരൻ, അലൻ ജോയ് എന്നിവർക്കൊപ്പം കഴിഞ്ഞ വർഷം മലയാളികളെ അണിനിരത്തി കേരള പ്രീമിയർ ലീഗ് ക്രിക്കറ്റും ന്യൂസീലൻഡിൽ ആരംഭിച്ചു. 8 ജില്ലകളുടെ പേരിലാണു ടീമുകൾ അണിനിരക്കുന്നത്. ഇതിൽ കോട്ടയം ടീമിന്റെ ക്യാപ്റ്റനും രഞ്ജിത് തന്നെ. ഐടി ജീവനക്കാരിയായ പ്രണിത നന്ദകുമാർ ആണു ഭാര്യ. മകൻ റിവാൻ സോൾ.

English Summary : Keralite Ranjith Raveendran appointed assistant coach to Oakland under 16 cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com