മെൽബൺ ∙ വിക്ടോറിയാ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈസ്റ്റർ കലാസന്ധ്യ വർണ്ണാഭമായി. അസോസിയേഷന്റെ യുവജന വിഭാഗമായ കെസിവൈഎൽ മെൽബൺ ആയിരുന്നു ഈസ്റ്റർ കലാസന്ധ്യ നടത്തിയത്.

മെൽബണിലെ നോബിൾ പാർക്ക് സെന്റ് ആന്റണിസ് പാരിഷ് ഹാളിൽ നടന്ന കലാസന്ധ്യാ വിക്ടോറിയാ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ പ്രസിഡന്റ് റെജി മോനിപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്നാനായ കാത്തലിക് മിഷന്റെ മെൽബണിലെ ചാപ്ലയിൻ ഫാദർ പ്രിൻസ് തൈപുരയിടം അനുഗ്രഹ പ്രഭാഷണം നടത്തി. കെസിവൈഎൽ പ്രസിഡന്റ് രോഹിത് ജോമോൻ അധ്യക്ഷത വഹിച്ചു. വികെഡബ്ല്യുഎസ് പ്രസിഡന്റ് ട്രീസ സാജൻ, കെസിവൈഎൻഒ പ്രസിഡന്റ് ആൽഫി സജി, കെസിസിഒ പ്രതിനിധികളായ സുനു സൈമൻ, ജൂബി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

രേണു തച്ചേടൻ, ബിനോയി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സദസിനെ സംഗീത മഴയിൽ ആറാടിച്ചു. അസോസിയേഷന്റെ അംഗങ്ങളുടെ കപ്പിൾ ഡാൻസും അരങ്ങേറി. മെൽബണിന്റെ ചരിത്രത്തിൽ ആദ്യമായി വനിതകളുടെ ചെണ്ടമേളം അരങ്ങേറ്റം നടത്തി. ‘ദി ബീറ്റ്സ് ഓഫ് ഏയ്ഞ്ചൽസ് മെൽബൺ’ എന്ന് നാമകരണം ചെയ്തിട്ടുള്ള സംഘത്തിൽ അസോസിയേഷന്റെ ചുറുചുറുക്കുള്ള വനിതകളാണ് ചെണ്ടമേളത്തിൽ അണിനിരന്നത്. ഇതിനോടകം മെൽബണിലെ വിവിധ പരിപാടികൾക്ക് വേണ്ടി ചെണ്ടമേളത്തിന്റെ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞെന്ന് കോഓർഡിനേറ്റർ ജൂലി ടോണി അറിയിച്ചു.

കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ ഏറെ ശ്രദ്ധ നേടി. വിവിധ മൽസരങ്ങളിൽ ജയിച്ചവർക്ക് സമ്മാനദാനവും നടത്തി. വിക്ടോറിയ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ ക്യാംപിന്റെ വിജയത്തെ തുടർന്ന് നടത്തിയ ഈസ്റ്റർ കലാസന്ധ്യ അസോസിയേഷന്റെ പ്രസിഡന്റ്, റെജി മോനിപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് ഒരു പൊൻതൂവൽ കൂടി നൽകി. ഈസ്റ്റർ കലാസന്ധ്യയ്ക്ക് സൈമൺ തച്ചേട്ട്, ആൻ റോസ് കുഴിവേലി എന്നിവർ അവതാരകരായി. പരിപാടിക്ക് ഭാരവാഹികളായ റെജി മോനിപ്പള്ളി, സോണി തോമസ് പൂഴിക്കുന്നേൽ, ബിജോ മുളയ്ക്കൽ, വിവിയാൻ തോമസ്, ജിനു കുര്യൻ, ജസ്റ്റിൻ ജോസ്, ജിബി മാത്യു, ജൂലി ടോണി, ബിജിമോൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ കലാസന്ധ്യ അവസാനിച്ചു.