ADVERTISEMENT

സിഡ്നി ∙ കഴിഞ്ഞ നാലു ദിവസമായി ഓസ്ട്രേലിയയുടെ കിഴക്കൻ മേഖലയിൽ തുടരുന്ന മഴയ്ക്ക് ശമനമില്ല. ന്യൂസൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നുമായ സിഡ്നി ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ചു. 

നഗരത്തിലെ പ്രധാന നദികളെല്ലാം അപകടനിലയിലാണ് ഒഴുകുന്നതെന്നാണ് സാറ്റ്‍ലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ, കൂടുതൽ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. 85,000 പേരെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഏതാണ്ട് 50000 പേരെ മഴ ബാധിച്ചുവെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമനിക് പെറോട്ടെറ്റ് പറഞ്ഞു. 

floods-in-sydney

‘അപകടരമായ അവസ്ഥ ഇപ്പോഴും തുടരുകയാണ്. ഞങ്ങൾ ഉചിതമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്’– പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. മഴയുടെ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായമായി 1000 ഓസ്ട്രേലിയൻ ഡോളർ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മൂന്നു ദിവസത്തിനുള്ളിൽ ഓസ്‌ട്രേലിയയുടെ വാർഷിക ശരാശരിയേക്കാൾ കൂടുതൽ മഴ പെയ്തുവെന്നാണ് റിപ്പോർട്ട്. ഇതാണ് നഗരത്തെ വെള്ളപ്പൊക്കത്തിലേക്ക് തള്ളിവിട്ടത്. മഴ മേഘങ്ങൾ ദിശ മാറി സഞ്ചരിക്കുന്നതിനാൽ അടുത്ത ദിവസം മുതൽ സിഡ്‌നിയിൽ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) അറിയിച്ചു. 

എന്നാൽ, കനത്തമഴ ഭൂരിഭാഗം ജലസ്രോതസ്സുകളെയും പരമാവധി ശേഷിയലധികം എത്തിച്ചതിനാൽ വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യത ആഴ്‌ചയിലുടനീളം നിലനിൽക്കുമെന്നും അധികൃതർ പറഞ്ഞു.

സിഡ്നിയിലെയും ന്യൂസൗത്ത് വെയിൽസിലെയും പ്രധാന റോഡുകളും വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിനു പേർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ശക്തമായ കാറ്റും മഴയും കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇതു മൂലം 19,000 വീടുകൾ ഇരുട്ടിലായി. കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും സഹായത്തിനുമായി സൈന്യം ഉൾപ്പെടെയുള്ളവരുടെ സഹായം തേടി. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. 

English Summary: Homes of 85,000 people at risk, but rain eases around Sydney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com