കംപാല∙ 2022ലെ ഉഗാണ്ടയിലെ മികച്ച 40 നേതാക്കളുടെ പട്ടികയിൽ സ്ഥാനം നേടി മലയാളി വർഗീസ് തമ്പി. പൊതുജനാഭിപ്രായ പ്രകാരമായിരുന്നു തിരഞ്ഞെടുപ്പ്. 2040ഓടെ ഉഗാണ്ടയെ കർഷക രാജ്യത്തിൽ നിന്ന് ആധുനിക സമ്പന്ന രാജ്യത്തിലേക്ക് പരിവർത്തനം ചെയ്യുമെന്ന ലക്ഷ്യത്തിലേക്കുള്ള സംഭാവനകൾ പരിഗണിച്ചാണു മികച്ച നേതാക്കളെ തിരഞ്ഞെടുത്തത്.
ലിംഗ സമത്വം, സാമ്പത്തിക വളർച്ച, വ്യാവസായിക വികസനം തുടങ്ങിയ മേഖലകളിലേക്കു നൽകിയ സംഭാവനകളാണ് തൃശൂർ സ്വദേശി വർഗീസ് തമ്പിയെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രധാന കാരണങ്ങൾ. ചേലക്കര തോലത്ത് കുടുംബാംഗമാണ്.
ഉഗാണ്ട ഡമണ്ട് ട്രസ്റ്റ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആണു വർഗീസ് തമ്പി. 2007ൽ ആണ് അദ്ദേഹം ഉഗാണ്ടയിലെത്തിയത്. ഇവിടെ മതപരവും സാമൂഹികപരവുമായ ഒട്ടേറെ കാര്യങ്ങളിൽ വ്യാപൃതനാണ്. സി ന്യൂസ് ലൈവിന്റെ ആഫ്രിക്ക കോർഡിനേറ്റർ, ഗ്ലോബൽ കാത്തലിക് കോൺഗ്രസിന്റെ ആഫ്രിക്കയിലെ ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഉഗാണ്ട സെന്റ് വിൻസന്റ് ഡിപോൾ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു.
സമൂഹത്തിന്റെ നന്മയ്ക്കായി യാതൊരു മടിയും കൂടാതെ പ്രവർത്തിക്കാൻ തയാറാകുന്ന വ്യക്തി എന്ന നിലയിൽ ജനസമ്മിതി നേടിയ ആളാണ് വർഗീസ് തമ്പി.