ADVERTISEMENT

മെൽബൺ∙ പ്രഫ: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു. മെൽബണിലെ റോയൽ ഡെന്റൽ ഹോസ്പിറ്റലിലെ എൻഡോഡോണ്ടിക്‌സിന്റെ സ്പെഷലിസ്റ്റ് ഹെഡും പ്ലെന്റി വാലി കമ്മ്യൂണിറ്റി ഹെൽത്തിന്റെ ക്ലിനിക്കൽ ഡയറക്ടറുമായിരുന്നു.

 

സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാദേശിക ഉൾക്കാഴ്ചകൾ കൊണ്ടുവരുന്നതിനുള്ള വിക്ടോറിയൻ ഗവൺമെന്റിന്റെ ഉപദേശക സംഘമായ നോർത്തേൺ മെട്രോപൊളിറ്റൻ പാർട്ണർഷിപ്പിൽ അദ്ദേഹം അംഗമായിരുന്നു.

 

2007ൽ ഡോ. കോശി ബേൺസ്ഡെയ്ൽ റീജിയണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്തിരുന്നപ്പോൾ, വിക്ടോറിയൻ പബ്ലിക് ഹെൽത്ത് കെയർ അവാർഡിലെ ഏറ്റവും മികച്ച ടീമിനുള്ള മന്ത്രിയുടെ അവാർഡ് ലഭിച്ചു.  2008ൽ ഓസ്‌ട്രേലിയൻ ഡെന്റൽ അസോസിയേഷന്റെ പൊതു ദന്തചികിത്സയിലെ മികവിനുള്ള അച്ചീവ്‌മെന്റ് അവാർഡും ലഭിച്ചു.

 

2010ൽ വിക്ടോറിയയുടെ ആദ്യത്തെ പബ്ലിക് ഓറൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ചു. 2012 ൽ  മറ്റൊരു വിക്ടോറിയൻ മൾട്ടി കൾച്ചറൽ അവാർഡ് കൂടി ലഭിച്ചു.

 

2015 മുതൽ 18 വരെ കൗൺസിൽ ഓഫ് ഓസ്‌ട്രേലിയൻ ഗവൺമെന്റ്‌സ് (COAG) മിനിസ്റ്റീരിയൽ ഹെൽത്ത് കൗൺസിൽ നാഷണൽ ഡെന്റൽ ബോർഡിലേക്കും ഹെൽത്ത് റെഗുലേറ്ററി ബോഡിയായ AHPRA യിലേക്കും  നിയമിതനായി. ഈ ദേശീയ ബോർഡിൽ നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.  പുതുതായി രൂപീകരിച്ച വിക്ടോറിയൻ ക്ലിനിക്കൽ കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു.

 

2016ൽ ഡോ കോശിയെ ഓസ്‌ട്രേലിയയുടെ അഭിമാനകരമായ സിവിലിയൻ ബഹുമതി ഓർഡർ ഓഫ് ഓസ്‌ട്രേലിയ മെഡൽ നൽകി ആദരിച്ചു. ഇത് ഒരു പ്രധാന നിയമനവും ഓസ്‌ട്രേലിയയിലെ ക്ലിനിക്കൽ ഗവേണൻസുമായുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള കൂടുതൽ അംഗീകാരവുമായിരുന്നു.

 

2021ൽ വിക്ടോറിയയിലെ നയരൂപീകരണ കമ്മിറ്റി അംഗമായി നിയമിതനായി.  2021 മാർച്ചിൽ ഡോ. സജീവ് കോശിയെ ഷെവലിയർ പദവിയോടെ ഓർഡർ ഓഫ് നൈറ്റ്സ്, ഹോസ്പിറ്റൽ ഓഫ് സെന്റ് ജോൺ (നൈറ്റ്സ് ഹോസ്പിറ്റലർ) ആയി നിയമിച്ചു.

 

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.  തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജിലെ പൂർവ്വ വിദ്യാർഥിയായ സജീവ് തിരുവനന്തപുരം കൈതമുക്കിൽ കുടുംബത്തിൽ പരേതനായ വി ഒ കോശിയുടെ മകനാണ്. ഭാര്യ രജനി കുമ്പനാട് സ്വദേശിനി.  മക്കൾ: ഡോ. ജിതിൻ സജീവ് (കാർഡിയോളജിസ്റ്റ്), ഡോ. ജീസൺ സജീവ് (എൻഡോഡോണ്ടിസ്റ്റ്).

 

മെൽബൺ മാർത്തോമ്മാ പള്ളിയിൽ വച്ചുള്ള സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

 

വാർത്ത∙ജോർജ് തോമസ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com