തിരുവനന്തപുരം ∙ ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മേയ് ആറിന് കൊച്ചിയിൽ നടത്തുന്ന അവാർഡ് ചടങ്ങിനോടനുബന്ധിച്ചുള്ള ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രൈൻഡ് നഴ്സസ് അസോസിഷൻ (ടിഎൻഎഐ) സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. സോനാ മന്ത്രിയിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി.
നഴ്‌സിങ് രംഗത്ത് മികച്ച സേവനം നടത്തുന്നവർക്കായി ഐഎച്ച്എൻഎഏർപ്പെടുത്തിയ ഗ്ലോബൽ നഴ്സിങ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്‌ട്രേലിയ, ഇന്ത്യ, ദുബായ്, യുകെ, അമേരിക്ക എന്നിവിടങ്ങളിൽ വച്ചാണ് നൽകുന്നത്. ആദ്യ അവാർഡ് ദാന ചടങ്ങ് 2022 ഒക്ടോബറിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ വച്ചു അഞ്ച് മലയാളി നഴ്‌സുമാർക്ക് നൽകിയിരുന്നു. രണ്ടാമത്തെ ചടങ്ങ് മേയ് ആറിന് കൊച്ചിയിൽ വച്ച് നടക്കും. ഏഴു ലക്ഷം രൂപയുടെ വിവിധ അവാർഡുകളാണ് ഇന്ത്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്കായി നൽകുന്നതെന്ന് ഐഎച്ച്എൻഎ സിഇഒ ബിജോ കുന്നുംപുറത്തു അറിയിച്ചു.
ഐഎച്ച്എൻഎ കൊച്ചി ക്യാംപസ് ഡയറക്ടർ ഓഫ് സ്റ്റഡീസ് ഡോ. ഫിലോമിന ജേക്കബ്, പ്രിൻസിപ്പൽ ജെറിൽ ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.