ADVERTISEMENT

മെൽബൺ∙ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളില്‍ കേന്ദ്ര  സര്‍ക്കാർ തിരുത്തല്‍ വരുത്തണമെന്ന് ഓസ്ട്രേലിയ പ്രവാസി കേരള  കോണ്‍ഗ്രസ്  (എം) ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് 20% നികുതി ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങൾ ജനവിരുദ്ധ നടപടിയാണെന്നും പ്രവാസികളുടെ കേരളത്തിലെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ  തീരുമാനങ്ങൾ പിൻവലിച്ചതു സ്വാഗതാർഹമാണെന്നും പ്രവാസി കേരള കോണ്‍ഗ്രസ് (എം) നാഷനല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.  

 

ഇന്ത്യയുടെ വിദേശ വരുമാനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാർ തയ്യാറാകണം. രാഷ്ട്രീയ തലത്തിലും ജനപ്രതിധികളുടെ ഇടപെടല്‍ വഴി പാര്‍ലമെന്റിൽ  ഇക്കാര്യം ഉന്നയിക്കുന്നതിനും അടിയന്തിര ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ സാധ്യമാക്കുകയും ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തോട് പാര്‍ട്ടിയുടെ ഓസ്ട്രേലിയ പ്രവാസി നാഷനല്‍ കമ്മിറ്റി അഭ്യർഥിച്ചു. ഓസ്ട്രേലിയയിൽ ജീവിതച്ചെലവ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നു നല്‍കുന്ന സാമ്പത്തിക പിന്തുണയോടെയാണു മിക്ക വിദ്യാർഥികളും പഠനം പൂര്‍ത്തിയാക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ  വീടുകള്‍ വാങ്ങിക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയ്ക്കായി നിരവധി പ്രവാസി കുടുംബങ്ങള്‍ ഇന്ത്യയില്‍ നിന്നും പണമെത്തിക്കാറുണ്ട്. മെച്ചപ്പെട്ട ജോലിക്കായി പ്രവാസ ജീവിതത്തിനു തയാറാകുന്ന മലയാളി കുടുംബങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാവുന്ന  പുതിയ നയങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക മനസിലാക്കി അനുകൂലമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര  സര്‍ക്കാർ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസ്ട്രേലിയ  പ്രവാസി കേരള കോണ്‍ഗ്രസ്  (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം,  ജനറല്‍ സെക്രട്ടറി സിജോ ഈന്തനാംകുഴി ട്രഷറർ ജിൻസ് ജയിംസ്,എന്നിവര്‍ അഭിപ്രായപ്പെട്ടു.

 

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ ഘടകം കേരള കോണ്‍ഗ്രസ്സ്‌ (എം) പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി, കോട്ടയം പാര്‍ലമെന്റ് അംഗം തോമസ് ചാഴികാടന്‍ എന്നിവരെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഈ വിഷയം അടിയന്തിരമായി ഉന്നയിച്ചു പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിവേദനം വഴിയും നേരിട്ടും അഭ്യര്‍ഥിച്ചിട്ടുണ്ട്

 

പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ശക്തമായ പ്രതിഷേധമുണ്ടായാല്‍ സര്‍ക്കാരുകള്‍ക്ക് ഈ ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് പിന്തിരിയേണ്ട സാഹചര്യമുണ്ടാവുമെന്നും പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഓസ്ട്രേലിയ ഘടകം അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com