ADVERTISEMENT

ക്വലാലമ്പൂർ: ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജൂലൈ ഒൻപതിന് മലേഷ്യയിലെത്തി.

 

പ്രതിരോധമന്ത്രിയോടൊപ്പം മലേഷ്യയിലെ വിവിധ പ്രവാസി സംഘടനകളെയും ഇതര ബിസിനസ്സ് പ്രതിനിധികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രത്യേക അത്താഴ വിരുന്നൊരുക്കി. ക്വലാലമ്പൂർ സിറ്റിയിലെ മാൻഡറിൻ ഓറിയന്റൽ ഹോട്ടലിൽ തിങ്കളാഴ്ച രാത്രി ഏഴരമുതൽ പത്ത് വരെയായിരുന്നു ചടങ്ങ്.

 

വിരുന്നിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിഭകളുടെ ഒഡീസി നൃത്തവും, സിതാറും കർണാടിക് സംഗീതവും ഒരുക്കിയിരുന്നു. ഹൈക്കമ്മീഷണർ ബി.എൻ.റെഡ്‌ഡി സ്വാഗതവും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സുഭാഷിണി നാരായണൻ നന്ദിയും പറഞ്ഞു.

 

വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്), ആൾ മലേഷ്യൻ മലയാളി അസോസിയേഷൻ(അമ്മ), ജോഹോർ മലയാളി കൂട്ടായ്മ (ജെ.എം.കെ) തുടങ്ങി മലേഷ്യയിലെ മലയാളി സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായി. 

 

തിങ്കളാഴ്ച ക്വാലാലംപൂരിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രതിരോധ മന്ത്രി അനാച്ഛാദനം ചെയ്തു. കൂടാതെ മലേഷ്യയിലെ പ്രസിദ്ധ ക്ഷേത്രമായ ബത്തു കേവ്, രാമകൃഷ്ണ മിഷൻ എന്നിവിടങ്ങളും സന്ദർശനം നടത്തി.

 

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ഏകീകരിക്കുന്നതിന്റെ ഭാഗമായി മലേഷ്യയിലെത്തിയ പ്രതിരോധമന്ത്രി മലേഷ്യൻ പ്രധാനമന്ത്രി വൈ.ബി ദത്തോ സെരി അൻവർ ബിൻ ഇബ്രാഹിമുമായും പ്രതിരോധമന്ത്രി ദത്തോ സെരി മുഹമ്മദ് ഹസനുമായി ചർച്ചകൾ നടത്തി.

 

ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി പങ്കാളിത്ത താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുമെന്നും ഇന്ത്യൻ പ്രതിരോധമന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

English Summary: Defence Minister Rajnath Singh arrives in Malaysia for a three-day official visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com