ക്വാലലംപുർ∙ വേൾഡ് മലയാളി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ ക്വാലലംപുരിലെ ബ്രിക്സ്ഫീൽഡ് കലാമണ്ഡപം ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. മലേഷ്യയിലെ ഇതര മലയാളി സംഘടനാ പ്രതിനിധികളും ഡബ്ല്യു.എം.എഫ് ഭാരവാഹികളും ചേർന്ന് ചടങ്ങിന് തിരിതെളിയിച്ചു. മലേഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ തദ്ദേശീയരും പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി. മലേഷ്യയിലെ ഇന്ത്യൻ ഹൈകമ്മിഷണർ ബി.എൻ.റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി.
ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത നൃത്ത പരിപാടികളും, വടം വലിയും, ഉറിയടിയും കാണികളുടെ മനംകവർന്നു. കുട്ടികൾക്കായി പ്രത്യേകം നടത്തിയ ഓണക്കളികളും വിപുലമായ സദ്യയും ഓണപ്പരിപാടികൾക്ക് രുചിയേകി. കലാപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ചെണ്ട, വയലിൻ, ഫ്യൂഷൻ എന്നിവ പ്രേക്ഷകർക്ക് നവ്യാനുഭവമായിരുന്നു. ഡബ്ല്യു.എം.എഫ് നാഷനൽ കോർഡിനേറ്റർ ബബിൻ ബാബു സ്വാഗതവും വനിതാ വിഭാഗം കോർഡിനേറ്റർ രാജലക്ഷ്മി വെങ്കിടാചലം നന്ദിയും പറഞ്ഞു.
English Summary: Onam celebration was held in Malaysia under the auspices of the World Malayali Federation