യുറഗ്വായുടെ നൊമ്പരമായി ഷെറിക; 26–ാം വയസിൽ മുൻ മിസ് വേൾഡ് മത്സരാർഥി വിടവാങ്ങി
Mail This Article
2015 ലെ മിസ് വേൾഡ് മത്സരത്തിൽ യുറഗ്വായെ പ്രതിനിധീകരിച്ച മുൻ മിസ് വേൾഡ് മത്സരാർഥി ഷെറിക ഡി അർമാസ് സെർവിക്കൽ കാൻസർ ബാധിച്ച് ഈ മാസം 13ന് അന്തരിച്ചു. 26 വയസായിരുന്നു. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെറിക ഡി അർമാസിന് കീമോതെറാപ്പിയും റേഡിയോ തെറാപ്പി ചികിത്സയും നടത്തിയിരുന്നു. ‘അനിയത്തി, ഉയരത്തിൽ പറക്കുക. എല്ലായ്‌പ്പോഴും എന്നേക്കും’ ഷെറികയുടെ സഹോദരൻ മെയ്ക് ഡി അർമാസ് സമൂഹ മാധ്യമത്തിലെഴുതി. 2022 ലെ മിസ് യൂണിവേഴ്സ് യുറഗ്വായ് കാർല റൊമേറോ ഷെറിക ഡി അർമാസിന്‍റെ വിയോഗത്തിൽ അനുശോചിച്ചു. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാൾ എന്നാണ് കാർല അനുശോചന സന്ദേശത്തിൽ പറഞ്ഞത്.
2015-ൽ ചൈനയിൽ സംഘടിപ്പിച്ച ലോകസുന്ദരി മത്സരത്തിൽ ആദ്യ 30–ൽ ഷെറിക ഡി അർമാസ് ഇടം നേടിയിരുന്നില്ല. അതേസമയം, മത്സരത്തിൽ പങ്കെടുത്ത 18 വയസുള്ള ആറ് പേരിൽ ഒരാൾ ഷെറികയായിരുന്നു.
അന്ന് നെറ്റുറുഗ്വേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെറിക പറഞ്ഞു. ‘ഒരു ബ്യൂട്ടി മോഡലായാലും പരസ്യ മോഡലായാലും ക്യാറ്റ്‌വാക്ക് മോഡലായാലും ഞാൻ എപ്പോഴും ഒരു മോഡലാകാൻ ആഗ്രഹിക്കുന്നു. ഫാഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു, ഒരു സൗന്ദര്യമത്സരത്തിനുള്ളിൽ, മിസ് യൂണിവേഴ്സിൽ പങ്കെടുക്കാനുള്ള അവസരം ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണെന്ന് ഞാൻ കരുതുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ അനുഭവം അസ്വദിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’.
ഷെയ് ഡി അർമാസ് സ്റ്റുഡിയോ എന്നറിയപ്പെടുന്ന തന്റെ മേക്കപ്പ് ഉത്പനങ്ങൾ പുറത്തിറങ്ങുന്ന സംരംഭം ഷെറിക നടത്തിയിരുന്നു. കാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നുള്ള ഫൗണ്ടേഷനു വേണ്ടിയും ഷെറിക പ്രവർത്തിച്ചിരുന്നു.
ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സ്ത്രീകളിൽ ഏറ്റവും സാധാരണമായ നാലാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ. 2018 ൽ, ലോകമെമ്പാടും 570,000 സ്ത്രീകൾക്ക് ഗർഭാശയ അർബുദം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, ഏകദേശം 311,000 സ്ത്രീകൾ ഈ രോഗം മൂലം മരിച്ചു. ഫലപ്രദമായ ചികിത്സ ആദ്യഘട്ടങ്ങളിൽ സാധ്യമാണെന്ന് ലോക ആരോഗ്യ സംഘടന പറയുന്നു.