മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മൂന്ന് യുവാക്കളെ വിദേശത്ത് ജയിലിലാക്കിയ പ്രതി പിടിയിൽ

Mail This Article
മീനങ്ങാടി∙ ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടിയെടുക്കുകയും വീസയില്ലാതെ മൂന്ന് പേരെ മലേഷ്യയിലേക്ക് കടത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി ഗൂഡല്ലൂര്‍, ഒന്നാംമൈല്‍ അന്‍വര്‍ സാദത്ത്(38)നെയാണ് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും പിടികൂടിയത്. ഇയാൾ മലേഷ്യയിലേക്ക് കടത്തിയ ആളുകൾ ഇപ്പോൾ ജയിലിലാണ്.
പ്രതി തനിക്കെതിരെ കേസെടുത്ത വിവരം അറിഞ്ഞതോടെ രാജ്യം വിടാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അതിവിദഗ്ദമായി പിടികൂടുകയായിരുന്നു. മീനങ്ങാടി, അപ്പാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി പല ആളുകളെയും ആവശ്യമായ രേഖങ്ങളില്ലാതെ വിദേശത്ത് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മനുഷ്യകടത്ത് സംഘവുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
പരാതിക്കാരന്റെ മകനും സുഹൃത്തുക്കളുടെ മക്കള്‍ക്കും ജോലി വാഗ്ദാനം ചെയ്ത് ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പല തവണകളായി ആറ് ലക്ഷം രൂപയാണ് അന്‍വര്‍ സാദത്ത് വാങ്ങിയെടുത്തത്. തുടര്‍ന്ന്, 25 വയസുള്ള മൂന്ന് യുവാക്കളെയും ഫ്രീ വീസയുള്ള ഓഗസ്റ്റ് അഞ്ചില്‍ തായ്‌ലാൻഡിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയി. അവിടെനിന്ന് വീസയില്ലാതെ നിയമവിരുദ്ധമായി കരമാര്‍ഗം മലേഷ്യയിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു. പിന്നീട്, മലേഷ്യന്‍ പൊലീസ് ഇവരെ പിടികൂടി ജയിലിലാക്കി.