ന്യൂസീലൻഡിലെ കടലിൽ കാണാതായ മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Mail This Article
മൂവാറ്റുപുഴ / കുട്ടനാട്/ ഫാങ്കരെ ∙ ന്യൂസീലൻഡിലെ കടലിടുക്കിൽ റോക്ക് ഫിഷിങ് നടത്തുന്നതിനിടെ കടലിൽ കാണാതായ 2 മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ചമ്പക്കുളം പഞ്ചായത്ത് 13–ാം വാർഡ് ആറ്റുവാത്തല ശശി നിവാസിൽ ശശിധരൻ നായരുടെയും ശ്യാമള കുമാരിയുടെയും (റിട്ട. അധ്യാപിക, എൻഎസ്എച്ച്എസ്എസ്, നെടുമുടി) മകൻ എസ്. ശരത്കുമാറിന്റെ (37) മൃതദേഹമാണ് ഇന്നലെ നോർത്ത് ലാൻഡ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. ഒപ്പം ഉണ്ടായിരുന്ന മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാൽ ബാബു ജോർജ്– ലൈല ദമ്പതികളുടെ മകൻ ഫെർസിൽ ബാബുവിനു (36) വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.
ന്യൂസീലൻഡിലെ ഫാങ്കരെ പ്രദേശത്ത് കടലിനോടു ചേർന്നുള്ള പാറക്കെട്ടുകളിൽ റോക്ക് ഫിഷിങ് നടത്തുന്നതിനിടെ ബുധനാഴ്ച ന്യൂസീലൻഡ് സമയം വൈകിട്ട് നാലോടെയാണ് ഇവരെ കാണാതാകുന്നത്. ചൂണ്ട ഇടുന്നതിനിടയിൽ ശരത്കുമാർ ഭാര്യയ്ക്കു ലൊക്കേഷൻ സ്കെച്ച് അയച്ചിരുന്നു. വൈകിയും ഭർത്താവ് തിരിച്ച് എത്താതിരുന്നതോടെ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെ വിശദീകരിച്ച് ഇവർ നോർത്ത് ലാൻഡ് പൊലീസിൽ പരാതി നൽകി. തുടർന്ന് ഫാങ്കരെ ഹെഡ്സിലെ തൈഹരൂർ കടലിടുക്കിൽ ഉൾപ്പെടെ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നു 3 കിലോമീറ്റർ മാറി തീരക്കടലിൽ നിന്നാണ് ശരത്കുമാറിന്റെ മൃതദേഹം ലഭിച്ചത്. ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷമേ നാട്ടിലേക്കു കൊണ്ടുവരുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുകയുള്ളു. കുവൈത്തിൽ നഴ്സ് ആയിരുന്ന ശരത്തും കുടുംബവും 6 മാസം മുൻപാണു ന്യൂസീലാൻഡിലേക്കു പോയത്. ഭാര്യ: സൂര്യ എസ്. നായർ. മകൾ ഐഷാനി നായർ, സഹോദരി: ശിൽപ എസ്. നായർ.