ADVERTISEMENT

ടൊറന്റോ∙ ചരിത്രമുഹൂർത്തത്തെ പ്രാർഥനാപൂർവം വരവേൽക്കാൻ കാനഡയിലെ സിറോ മലബാർ സമൂഹം ഒരുങ്ങി. മിസ്സിസാഗ ആസ്ഥാനമായുള്ള രൂപതയുടെ ഔപചാരികമായ ഉദ്ഘാടനവും പ്രഥമ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകവും മേയ് 25 ന് നടക്കും. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും.

രാവിലെ ഒൻപതിന് മിസ്സിസാഗയിലെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ വിശിഷ്ടാതിഥികളെ വരവേൽക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് കുർബാനയും മെത്രാഭിഷേക ചടങ്ങുകളും. ശാലോം അമേരിക്കയിൽ രാവിലെ ഒൻപതര മുതൽ ചടങ്ങിന്റെ തൽസമയ സംപ്രേഷണമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. 

പതിനൊന്നരയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ അപ്പസ്തോലിക് നൻഷ്യോ ആർച്ച്ബിഷപ്പ് ലൂയിജി ബൊണാസി മാർപാപ്പയുടെ സന്ദേശം അറിയിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ടൊറന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്, കനേഡിയൻ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് (സിസിസിബി) വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് റിച്ചാർഡ് ഗനോൻ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് തുടങ്ങിയവർ പങ്കെടുക്കും. ഫാ. ഡാരിസ് മൂലയിൽ, എബി അലറിക്, ഡോ. സാബു ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ചാൻസലർ ഫാ. ജോൺ മൈലംവേലിൽ, ഫിനാൻസ് ഓഫിസർ ഫാ. ജേക്കബ് എടക്കളത്തൂർ, ജനറൽ കൺവീനർമാരായ സോണി കയാനിയിൽ, ജോസഫ് അക്കരപട്ടിയാക്കൽ തുടങ്ങിയവർ നേതൃത്വം നൽകും. 

കാനഡയിലെ സിറോ മലബാർ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന് വഴിയൊരുക്കി നാലു വർഷം മുൻപാണ് ഫ്രാൻസിസ് മാർപാപ്പ അപ്പസ്തോലിക് എക്സാർക്കേറ്റ് പ്രഖ്യാപിച്ചത്. മൂന്നുവർഷവും മൂന്നു മാസവും കഴിഞ്ഞപ്പോൾ രൂപതായി ഉയർത്തിയ പ്രഖ്യാപനം ഏറെ അഭിമാനത്തോടെയാണ് വിശ്വാസികൾ വരവേറ്റത്. 

ഇപ്പോൾ രൂപതയുടെ ഉദ്ഘാടനവും മെത്രാഭിഷേകവും നടക്കുമ്പോൾ കേരളത്തനിമയിലുള്ള സിറോ മലബാർ സഭയെ കനേഡിയൻ സംസ്കാരത്തിൽ വേരുറപ്പിക്കുകയന്നെതാണ് പ്രധാന വെല്ലുവിളിയെന്ന് അജപാലകൻ മാർ ജോസ് കല്ലുവേലിൽ പറയുന്നു. പൂർവികരിൽനിന്നു ലഭ്യമായ വിശ്വാസപൈതൃകം മക്കളുടെ തലമുറയിലേക്കു പകർന്നു നൽകുന്നത് എങ്ങനെയെന്നതാണ് മാതാപിതാക്കളെ സംബന്ധിച്ച വെല്ലുവിളി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന വിശ്വാസസമൂഹങ്ങളെ കണ്ടെത്തി ആരാധനാസമൂഹങ്ങൾ രൂപപ്പെടുത്തുന്നതിലായിരുന്നു ഇതുവരെയുള്ള ശ്രദ്ധ.

വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തുകയാണ് അടുത്ത ഘട്ടം. പുതുതലമുറയെ കേൾക്കണം, അവർക്ക് അർഹമായ ഇടങ്ങൾ ഉറപ്പുവരുത്തുകയും വേണം. വ്യക്തമായ ദിശാബോധത്തോടെയുള്ള അജപാലന പദ്ധതികൾ ഇതിനാവശ്യമാണ്. ഇതിലൂടെ മാത്രമെ സുവിശേഷവൽകരണവും ആത്മരക്ഷയും സാധ്യമാകൂ. കാനഡയുടെ മണ്ണിൽ വിശ്വാസത്തിന്റെ പ്രകാശഗോപുരമായി മിസ്സിസാഗ രൂപതയെ മാറ്റുകയെന്നതാകണം നമ്മുടെ ഓരോരുത്തരുടെയും ദൗത്യമെന്നും മാർ കല്ലുവേലിൽ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com