ADVERTISEMENT

തിരുവല്ല ∙ മൂന്നു വർഷം മുൻപാണ് തിരുവല്ല കടപ്രയിലെ ഷുഗർ മിൽ ഫാക്ടറിയുടെ കീഴിലുള്ള കുറച്ചു സ്ഥലം ഭൂരഹിതരായ 140 പേർക്ക് കേരള സർക്കാർ നൽകിയത്. അവരിൽ നാൽപ്പതുപേർ പമ്പയുടെ തീരത്തു കിട്ടിയ സർക്കാർ ഭൂമിയിൽ കുടിൽ കെട്ടി താമസം തുടങ്ങി. എല്ലാ മഴക്കാലവും ദുരിതദിനങ്ങളായിരുന്നു ഇവർക്ക് സമ്മാനിച്ചത്. വെള്ളം പൊങ്ങുമ്പോൾ കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് അടുത്ത സ്കൂളിലേക്കു പോകും. എന്നാൽ, കഴിഞ്ഞ മഴക്കാലത്തെ പ്രളയത്തിൽ കടപ്രയിലെ കോളനിവാസികളുടെ ജീവനൊഴിച്ച് ബാക്കിയെല്ലാം പമ്പയാറെടുത്തു. കടം വാങ്ങിയും കൂലിപ്പണി ചെയ്തും കെട്ടിപ്പൊക്കിയ ചെറിയ കൂരകളൊക്കെ ഒലിച്ചു പോയി. ഇനിയെന്ത് എന്നൊരു ചോദ്യത്തിനു മുന്നിൽ ഉത്തരം കിട്ടാതെ നിന്നിരുന്ന കടപ്രത്തെ ഈ കുടുംബങ്ങളുടെ അടുത്തേക്കാണ് ഫോമ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് കടന്നു വരുന്നത്. 

പ്രളയദിനങ്ങളിൽ പ്രാഥമിക സഹായങ്ങളുമായി എത്തിയതായിരുന്നു യുഎസിലെ പ്രവാസി മലയാളികളുടെ ഈ കൂട്ടായ്മ. ഫോമയുടെ സഹായഹസ്തങ്ങൾ പ്രളയദിനങ്ങളിലും അതിനു ശേഷവും കടപ്രയിലെ കുടുംബങ്ങൾക്കൊപ്പം നിന്നു. നാൽപതോളം കുടുംബങ്ങൾക്ക് സുസ്ഥിരമായ വീടുകൾ നിർമിച്ചു നൽകിക്കൊണ്ടാണ് പ്രവാസികളുടെ ഈ കൂട്ടായ്മ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്. ജൂൺ രണ്ടിന് കടപ്രയിലെ ആൻസ് കൺവെൻഷനിൽ നടക്കുന്ന ചടങ്ങിൽ നാൽപതു വീടുകളുടെ താക്കോൽദാനം ക്ഷണിക്കപ്പെട്ട സദസിനു മുൻപിൽ നടക്കും. 

 

പ്രളയത്തിൽ തകരാത്ത വീടുകൾ

ഇനിയൊരു പ്രളയം വന്നാലും അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള വീടുകളാണ് ഫോമ നിർമിച്ചു നൽകുന്നത്. പൈലിങ് നടത്തി വലിയ തൂണുകൾക്കു മുകളിലായാണ് വീടുകൾ. രണ്ട് ബെഡ് റൂം, അടുക്കള, ഹാൾ, സിറ്റൗട്ട്, ശുചിമുറി എന്നിങ്ങനെ ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾക്കു ഉതകുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇതിലേക്ക് ആവശ്യമായ ഫർണീച്ചറുകളും ഫോമ നൽകുന്നു. 

വില്ലേജ് പ്രോജക്ടിലേക്കെത്തിയ സാഹചര്യങ്ങൾ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ഓർത്തെടുത്തു: "രക്ഷാപ്രവർത്തനത്തിന്റെ തുടർഘട്ടങ്ങളിൽ കടപ്രയിലെത്തുമ്പോൾ ഏകദേശം നാൽപതു വീട്ടുകാരുണ്ടായിരുന്നു. കുടിലുകളിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. പ്രളയദിനങ്ങൾക്കു ശേഷം പുനർനിർമാണത്തിന്റെ ഭാഗമായി ഇവർക്ക് വീടു നിർമിച്ചു നൽകിയാലോ എന്നൊരു ആശയം നാഷണൽ കമ്മിറ്റിയിൽ വച്ചു. അത് എല്ലാവർക്കും സ്വീകാര്യമായി. അങ്ങനെയാണ് നന്മയുടെ ഒരു ഗ്രാമം നിർമിക്കാൻ ഫോമ മുന്നിട്ടിറങ്ങിയത്," ഫിലിപ്പ് ചാമത്തിൽ പറഞ്ഞു. 

 

കൃത്യമായ ഏകോപനം

ഫോമയുടെ നേതൃത്വത്തിൽ വില്ലേജ് പ്രോജക്ടിന് ആവശ്യമായ പണം സ്വരൂപിച്ചതിനൊപ്പം നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കൃത്യമായ ഇടവേളകളിൽ ഫോമയുടെ പ്രതിനിധികൾ കേരളത്തിലെത്തി നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. അടുത്ത മഴക്കാലത്തിനു മുൻപെ വീടു നിർമാണം പൂർത്തിയാക്കി താക്കോൽദാനം നിർവഹിക്കാൻ സാധിച്ചതിനു കാരണവും ഈ ഏകോപനമാണ്. സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഫോമയ്ക്ക് പിന്തുണ നൽകി. തണൽ എന്ന എൻജിഒയുമായി സഹകരിച്ചാണ് ഫോമ വീടുനിർമാണം പൂർത്തിയാക്കിയത്. കടപ്രയിൽ 36ഉം നിലമ്പൂരിൽ മൂന്നും വൈപ്പിനിൽ ഒന്നും വീടുകളുടെ നിർമാണം പൂർത്തിയായി. 

 

കോളനിവാസികൾക്ക് പറയാനുള്ളത്

സ്വപ്നം കാണുന്നതിനും അപ്പുറത്താണ് ഫോമ നിർമിച്ചു നൽകിയ വീടുകളെന്ന് പറയുകയാണ് കോളനിവാസികൾ. "കേരളത്തിലെ വീടു പോലെയല്ല, അമേരിക്കൻ മോഡലിലാണ് ഫോമ ഞങ്ങൾക്കു നിർമിച്ചു നൽകിയ വീടുകൾ. ചിമ്മിനി അടുക്കളകളായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ അതൊന്നുമില്ല. ഇനി പുകയണ്ടെന്നാണ് അവർ പറയുന്നത്," കടപ്ര കോളനിയിലെ ഷീബ മോഹനന്റെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി. ഇവിടെയുള്ള ഓരോ കുടുംബത്തെയും ദത്തെടുത്ത് അവരെ സമൂഹത്തിന്റെ മുൻതട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു കൂടി ഫോമയ്ക്ക് പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com