ADVERTISEMENT

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ രണ്ട് ഡസൻ പേർ രംഗത്തുണ്ട്. ഇവർ പ്രൈമറികളിൽ മത്സരിക്കുന്നതിന് മുൻപ് പൊതുവേദികളിൽ സംവാദം നടത്തും. ആദ്യ ഡിബേറ്റുകൾ ഈ മാസം 26, 27 തീയതികളിൽ മയാമി(ഫ്ലോറിഡാ) ഡൗൺ ടൗണിലെ ഏഡ്രിയൻ ആർഷ്ട് സെന്റർ ഫോർ ദ പെർഫോമിംഗ് ആർട്സിൽ നടത്തുമെന്ന് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി അറിയിച്ചു.

ഓരോ ദിവസവും പത്ത് സ്ഥാനാർത്ഥികൾ വീതം വേദി പങ്കിടും. എന്നാൽ ഏതൊക്കെ സ്ഥാനാർത്ഥികൾ ഏത് രാത്രിയിൽ രംഗത്തെത്തും എന്ന് തീരുമാനിച്ചിട്ടില്ല.

20 സ്ഥാനാർഥികളെയാണ് ആദ്യ രണ്ട് ഡിബേറ്റുകളിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ധനശേഖരണവും അഭിപ്രായ സർവേകളിലെ പ്രകടനവുമാണ് മാനദണ്ഡമാക്കിയത്. അഭിപ്രായ സർവേകളിൽ മൂന്നെണ്ണത്തിൽ (ഇവ ഏതൊക്കെ എന്ന് കമ്മിറ്റി തീരുമാനിച്ചു) ഒരു ശതമാനമെങ്കിലും പിന്തുണ 65,000 ദാതാക്കളിൽ നിന്ന് സംഭാവന ലഭിച്ചു എന്ന് തെളിയിക്കുവാൻ കഴിഞ്ഞു എന്നിവയാണ് യോഗ്യതകൾ. ദാതാക്കൾ 20 സംസ്ഥാനങ്ങളിൽ നന്ന് കുറഞ്ഞത് 200 പേർ വീതം ആയിരിക്കണം.

ഈ യോഗ്യതകൾ ഉള്ള ഇരുപത് പേർ ഇവരാണെന്ന് കമ്മിറ്റി വെളിപ്പെടുത്തി. സെനറ്റർ മൈക്കേൽ ബെന്നറ്റ്, കൊളറാഡോ, മുൻ വൈസ് പ്രസിഡന്റ് ജോബൈഡൻ, സെന. കോറി ബുക്കർ (ന്യുജേഴ്സി), സൗത്ത് ബെൻഡ്, ഇന്ത്യാന മേയർ പീറ്റ് ബട്ടി ഗെയ്ഗ്, മുൻ ഹൗസിംഗ് സെക്രട്ടറി  ജൂലിയൻ കാസ്ട്രോ, ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ, മുൻ മെരിലാൻഡ് പ്രതിനിധി ജോൺ ഡിലേനി, ഹവായ്  പ്രതിനിധി, തുൾസി ഗബ്ബാർഡ്, ന്യൂയോർക്ക് സെന. കിഴ്സറ്റൺ ഗില്ലി ബ്രാൻഡ്, കാലിഫോർണിയ സെന. കമല ഹാരിസ്, മുൻ കൊളറാഡോ ഗവർണർ ജോൺ ഹിക്കൻ ലൂപ്പർ, വാഷിംഗ്ടൺ ഗവ. ജയ് ഇൻസ്‍ലീ, മിനിസോട്ട സെന. ഏയ്മി ക്ലോബുച്ചർ, മുൻ ടെക്സസ് പ്രതിനിധി ബീറ്റോ ഒറൗർകി, ഒഹായോ പ്രതിനിധി ടിം റയാൻ, വെർമോണ്ട് സെന. ബേണി സാൻഡേഴ്സ്, കാലിഫോർണിയ പ്രതിനിധി എറിക് സ്വാൽവെൽ, മാസച്യൂറ്റ്സ് സെന. എലിസബെത്ത് വാറൻ, ഗ്രന്ഥ കർത്രി മരിയാൻ വില്യംസൺ, വ്യവസായ പ്രമുഖൻ ആൻ ഡ്രൂയംഗ്.

ഈ യോഗ്യതകൾ ഇല്ലെന്ന് കണ്ടെത്തിയ സ്ഥാനാർത്ഥികൾ മൊണ്ടാന ഗവ. സ്റ്റീവ് ബുള്ളക്ക് , മുൻ അലാസ്ക സെന. മൈക്ക് ഗ്രേവൽ, മിറാമർ, ഫ്ലോറിഡ മേയർ വെയ്ൻമെസ്സാം, മാസച്യൂറ്റ്സ് പ്രതിനിധി സേത് മോൾട്ടൻ എന്നിവരാണ്.

മൂന്ന് നെറ്റ് വർക്കുകൾ തത്സമയം ഇസ്റ്റേൺ സമയം 9 മണി മുതൽ  രണ്ട് ദിവസവും ഡിബേറ്റുകൾ പ്രക്ഷേപണം ചെയ്യും. രണ്ട് ഡിബേറ്റുകളുടെയും രൂപഘടന ഒന്നായിരിക്കും. വേദി പങ്കിടുന്ന സ്ഥാനാർത്ഥികൾ എവിടെയൊക്കെ നിൽക്കും എന്നു തീരുമാനിച്ചിട്ടില്ല. എൻബിസി ന്യൂസ്, എംഎസ്എൻബിസി ടെലിമുണ്ടോ എന്നീ നെറ്റ് വർക്കുകളാണ് ഡിബേറ്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്.

പന്ത്രണ്ട് ഡിബേറ്റുകളാണ് തങ്ങൾ പദ്ധതി ഇട്ടിരിക്കുന്നതെന്നും അവയിൽ ആദ്യത്തേതാണ് ഇവയെന്നും ഡിഎൻസി അറിയിച്ചു. ലെസ്റ്റർഹോൾട്ട്, സാവന്ന ഗത്രി, ചക്ക് ടോഡ്, റേച്ചൽ മാഡോ, ഹോസേ ഡയസ് ബാലാർട്ട് എന്നിവർ മോഡറേറ്റ് ചെയ്യും. എൻബിസി ന്യൂസിന്റെ ഡിജിറ്റൽ  പ്ലാറ്റ് ഫോമുകൾ, എംഎസ്എൻബിസി ഡോട്ട് കോം, എൻബിസി ന്യൂസ് മൊബൈൽ ആപ്പ്, ഒടിടി ആപ്സ്, ടെലിമുണ്ടോ ഡിജിറ്റൽ പ്ലാറ്റ് ഫോംസ് എന്നിവയിലും ഡിബേറ്റുകൾ ലഭിക്കും.

പ്രായത്തെ നിഷേധിക്കരുത്, പ്രായത്തെ വെല്ലുകയാണ് വേണ്ടത് എന്നൊരു ചൊല്ലുണ്ട്. എന്നാൽ  പ്രായത്തെ വെല്ലാൻ ശ്രമിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ ആഗ്രഹിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് നേരെ ചെറുപ്പക്കാരായ മറ്റ് സ്ഥാനാർത്ഥികൾ കടന്നാക്രമണം നടത്തുകയാണ്. തനിക്ക് പ്രായമായി എന്ന ആരോപണം ബൈഡൻ പല തവണ നിഷേധിച്ചിട്ടുണ്ട്. ജൂൺ 1987 ൽ ബൈഡൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബട്ടീ ഗെയ്ഗിന് വെറും 5 വയസായിരുന്നു. കാസ്ട്രോയ്ക്ക്, ഇപ്പോൾ 44 വയസേ ഉള്ളൂ തുടങ്ങിയ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ നിറയുകയാണ്. ലക്ഷ്യം ബൈഡന്റെ പ്രായമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com