ADVERTISEMENT

ന്യൂജഴ്സി∙ ന്യൂജഴ്സിയിലെ റ്റെറ്റർബോറോ വിമാനത്താവളത്തിൽ തന്റെ പ്രൈവറ്റ് ജെറ്റിൽ നിന്ന് അപ്രതീക്ഷിതമായി ബലമായി പിടിച്ചിറക്കി കൊണ്ടുവന്ന് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ജയിലിൽ കഴിഞ്ഞ ആഴ്ച അടച്ചുപൂട്ടിയത് മറ്റൊരു വമ്പൻ ബാലികാ പീഡനക്കാരനെ ആയിരുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രശസ്തിയിലും പ്രതാപത്തിലും തേരോട്ടം നടത്തിക്കൊണ്ടിരുന്ന പല മഹാന്മാരുടെയും മൂടുപടം വലിച്ചുകീറി,  അവരുടെ അവിഹിതബന്ധങ്ങളെ തുറന്നുകാട്ടി, നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ സാധിച്ചതിൽ "ഞാനും "(മീടൂ ) പോലെയുള്ള സംഘടനകൾ വഹിച്ച പങ്ക്  ശ്രദ്ധേയമാണ് . 

ഏറ്റവും പുതുതായി,  ധനകാര്യസ്ഥാപനങ്ങളുടെ മുൻപന്തിയിൽ അറിയപ്പെട്ടിരുന്ന ബില്യണർ ജെഫ്രി  എപ്‌സ്റ്റെയ്ൻ, അവിഹിത ലൈംഗിക  കേസുകളിൽ, പ്രത്യേകിച്ചും പ്രായപൂർത്തിയാകാത്ത കൊച്ചു പെൺകുട്ടികളെ ചൂഷണം ചെയ്ത് കുപ്രസിദ്ധി നേടി അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു . ഇയാൾക്കെതിരെ ലൈംഗീക അതിക്രമങ്ങളുടെ ആരോപണങ്ങളുമായി രംഗത്തു വന്നവരൊന്നും ഇന്നു കൊച്ചു പെൺകുട്ടികളല്ല ,അവർക്കൊക്കെ പ്രായപൂർത്തിയായി. 

മൻഹാട്ടനിലും ഫ്ലോറിഡയിലെ പാം ബീച്ചിലും തന്റെ ബംഗ്ളാവുകളിൽ 14 വയസ്സിലും താഴെ പ്രായമുള്ള കിളിന്തു പെൺകുട്ടികളെ ഇഷ്ടംപോലെ പണവും മറ്റും നൽകി പ്രലോഭിപ്പിച്ചു വശംവദരാക്കി പീഡിപ്പിക്കുകയും മറ്റുള്ളവർക്കു പങ്കുവയ്ക്കുകയും ചെയ്ത കേസുകൾ മിക്കവാറും നടന്നത്  2002-2005 കാലഘട്ടത്തിലായിരുന്നു. ഇന്ന് 66 വയസ്സുണ്ടെങ്കിലും 17 വർഷങ്ങൾക്ക് മുമ്പ് താനൊരു വീരൻ ആയിരുന്ന കാലത്താണ്  ഡസൻ  കണക്കിന് പൂമൊട്ടുകൾ കശക്കിയെറിഞ്ഞത്. തന്റെ ലീലാവിലാസങ്ങൾ കുറ്റകൃത്യങ്ങളായി വളരെ നാളുകൾക്കു ശേഷമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെങ്കിലും, ഇത് അമേരിക്കയാണ് ; ശിഷ്ടകാലം പണ്ടത്തെ രതിക്രീഡകളുടെ മധുരസ്മരണകൾ അയവിറക്കി, കമ്പിയഴികൾക്കുള്ളിൽ കഴിഞ്ഞുകൂടാനായിരിക്കും വിധിയെന്ന് തോന്നുന്നു

കുറ്റാന്വേഷണ മാധ്യമ പ്രവർത്തനങ്ങളുടെ പങ്കും , എപ്‌സ്റ്റെയ്ൻ നിഗൂഢതകൾ പുറത്തു കൊണ്ടുവരുന്നതു സഹായകരമായിട്ടുണ്ട്. 2001 മുതൽ 2006 വരെയുള്ള കാലത്ത്, അവിഹിതബന്ധങ്ങൾക്കു തങ്ങളെ വിധേയരാക്കിയിട്ടുണ്ടെന്ന്  80 ലധികം വനിതകൾ, നവമ്പർ 2018 ലെ "മയാമി ഹെറാൾഡ് സീരീസിൽ" വെളിവാക്കിയത് , നേരിയ സംഗതിയല്ല. 

2015 ൽ ഒരു ബാലികയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ച വകയിൽ 13 മാസം ജയിലിൽ ആവുകയും, ന്യുയോർക്കിലും ഫ്ലോറിഡായിലും 'സെക്സ് ഒഫൻഡർ ' പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്ത വിഷയങ്ങളൊന്നും വലിയ വാർത്താപ്രാധാന്യം നേടിയില്ലെന്നു തോന്നുന്നു. ഒരു പക്ഷെ, വൻ തോക്കുകൾ പലതും എപ്‌സ്റ്റെയ്‌നിന്റെ സുഹൃത്‌വലയത്തിൽ ഉള്ളതിനാൽ, ഒതുക്കിയതാവണം . അതുകൊണ്ടായിരിക്കണമല്ലോ 2008 ൽ മിയാമിയിൽ ഗവണ്മെന്റ് അറ്റോർണി  ആയിരുന്ന അലക്‌സാണ്ടർ അകോസ്റ്റാ , ഇപ്പോൾ ലേബർ സെക്രട്ടറി ആയിരിക്കുന്ന പദവിയിൽനിന്നും രാജിവെക്കണമെന്ന് സ്പീക്കർ നാൻസി  പെലോസി മുറവിളികൂട്ടിയത്.

ന്യൂയോർക്കിലും ഫ്ലോറിഡായിലും സംഗതികൾ എളുപ്പമല്ലെന്ന് കണ്ടതുകൊണ്ടാവണം , അത്ര പ്രശ്നങ്ങളൊന്നുമില്ലാത്ത തന്റെ ന്യൂ മെക്സിക്കോയിലുള്ള വിശാലമായ സോർറോ റാഞ്ചിലേക്കു പെൺവാണിഭത്തിന് നിരവധി പെൺകുട്ടികളെ കടത്തിയിരിക്കാമെന്നു സംശയിക്കുന്നത്. അവിടെ അന്വേഷണങ്ങളും റെയ്ഡും നടന്നു കൊണ്ടിരിക്കുന്നു. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ടിലെ അറ്റോർണി ആയിരിക്കുന്ന ജോഫ്രി ബർമൻ ഈ പ്രമാദമായ കേസുകളുടെ പിന്നാലെ ഗൗരവപൂർണമായ അന്വേഷണത്തിലാണ്. ഇതേപോലെ ചൂഷണ വിധേയമായ ആരെങ്കിലും വനിതകൾ ഉണ്ടെങ്കിൽ ഇനിയും മുന്നോട്ടു വരാൻ അറിയിച്ചപ്പോൾ, 2002 ൽ തനിക്ക് 15 വയസ്സായിരുന്നപ്പോൾ എപ്‌സ്റ്റെയിൻ തന്നെ ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായി ഒരു വനിത ഉടനടി എൻബിസി ടുഡെ യിൽ വന്നത്  കൂടുതൽ തെളിവുകൾക്ക് വഴി തെളിച്ചേക്കും.

ഒടുവിലായിക്കിട്ടിയ വിവരങ്ങൾ അനുസരിച്ചു എപ്‌സ്റ്റെയിന്റെ രഹസ്യ സങ്കേതത്തിലെ രഹസ്യ സെയ്ഫിൽനിന്നും വൻ പണക്കൂമ്പാരവും അമൂല്യങ്ങളായ ഡയമണ്ടുകളും വ്യാജനാമത്തിലുള്ള പാസ്സ്പോർട്ടും കണ്ടുകിട്ടിയതായി പറയപ്പെടുന്നു.

ഹാസ്യ സാമ്രാട്ടായി വിളങ്ങി നിന്ന ബിൽ കോസ്‌ബിയുടെ പേരിൽ  ഉയർന്ന നിരവധി സ്ത്രീ പീഡന ആരോപണങ്ങൾ 2004 മുതൽ തുടങ്ങിയവ ആയിരുന്നെങ്കിലും വർഷങ്ങൾക്കു ശേഷമാണ് , കോസ്‌ബിയെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചത്. അതേപോലെ മറ്റൊരു സെലിബ്രെറ്റി  ആർ കെല്ലിയെന്ന ഗായകൻ 1998 മുതൽ 2010 വരെ ആഘോഷിച്ച ക്രിമിനൽ ലൈംഗീകാതിക്രമങ്ങൾ, രണ്ട് പതിറ്റാണ്ടുകൾ നീണ്ട കോടതിനടപടികൾക്കു വിരാമമിട്ടു ജയിൽ ശിക്ഷ  അനുഭവിച്ചുകൊണ്ടിരിക്കുന്നു . ലോകപ്രശസ്തനായ പ്രൊഡ്യൂസർ ഹാർവി വെയിൻസ്റ്റെയിൻ കഴിഞ്ഞ വർഷമാണ് , അനേകം ബലാൽസംഗക്കേസുകളിൽ പെട്ട് ജയിൽ വാസം അനുഭവിക്കുന്നത് . പ്രമാദമായ സ്ത്രീപീഡന പരമ്പരകളുടെ ഇനിയും വരാനിരിക്കുന്ന പലതിനും, നിരവധി പകൽമാന്യന്മാരെയും പൂച്ചസന്യാസികളെയും തൊലി ഉരിക്കുന്നതിനും സ്ത്രീപക്ഷവും നീതിന്യായവകുപ്പുകളും ജാഗരൂകരായിരിക്കുമെന്ന് നമുക്കും കാത്തിരിക്കാം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com