ADVERTISEMENT

ഡാലസ്∙ രാമായണ മാസ ആചരണത്തിന്റെ  ഭാഗമായി ശ്രീരാമന്റെ പാദുകം (മെതിയടി ) വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണ ഘോഷയാത്ര ഡാലസ്  ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രത്തിൽ കർക്കിടക മാസം ഒന്നിനാരംഭിച്ച  രാമായണ പാരായണം എല്ലാ ദിവസവും തുടർന്നു പോരുന്നു. പിതാവിന്റെ വാക്കുകൾ സത്യമാക്കുവാൻ, രാജ്യമുപേക്ഷിച്ച് 14 വർഷം കാനന വാസത്തിന് ശ്രീരാമൻ പുറപ്പെട്ടപ്പോൾ സഹോദരനായ ഭരതൻ അമ്മാവന്റെ രാജ്യസന്ദർശനത്തിലായിരുന്നു. 

തിരികെ എത്തിയപ്പോൾ ജേഷ്ഠ സഹോദരന്റെ ത്യാഗവും, അതുമൂലം സംഭവിച്ച പിതാവിന്റെ വിയോഗവും അറിഞ്ഞ് അതീവ ദുഃഖിതനായി. ഇതിനെല്ലാം കാരണക്കാരി എന്നു ഭരതൻ വിശ്വസിച്ച, മാതാവായ കൈകേകിയെ പരുഷ വാക്കുകളാൽ കുറ്റപ്പെടുത്തി, ജീവത്യാഗത്തിനൊരുങ്ങി. ഗുരുക്കൻമാരും, മറ്റുള്ള ബന്ധുക്കളും അതിൽ നിന്നും ഭരതനെ പിന്തിരിച്ചപ്പോൾ, ഉടൻ തന്നെ കാനനത്തിലേക്ക്  പുറപ്പെട്ട് ശ്രീരാമനെ തിരികെ കൊണ്ടുവന്ന് രാജാവായി അവരോധിക്കാം എന്നു തീരുമാനിച്ച്  കാട്ടിലേക്ക് പുറപെട്ടു. ഭരതന്റെ കഠിന ശ്രമം നിഷ്‌ഫലമായി എങ്കിലും, ശ്രീരാമൻ തന്റെ പാദുകം  ഭരതന് കൊടുത്തുവിടാൻ തയ്യാറായി. രാജാവിന്റെ സിംഹാസനത്തിൽ,  ശ്രീരാമൻ തിരികെയെത്തുന്നതുവരെയുള്ള 14 വർഷം ഈ പാദുകങ്ങൾ പ്രതിഷ്ഠിച്ച് , കാനന വാസികളുടെ വസ്ത്രം ധരിച്ച് , ശ്രീരാമ പ്രതിനിധി ആയിട്ടാണ്  ഭരതൻ രാജ്യ ഭരണം നടത്തിയത്. കാട്ടിൽ നിന്നും ശ്രീരാമ പാദുകങ്ങൾ ഭരതനും ശത്രുഘ്നനും വഹിച്ചു കൊണ്ട് അയോധ്യയിലേക്ക്  നടത്തിയ ഘോഷയാത്രയെ അനുസ്മരിക്കാനാണ്  ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചത്.

paduka-2

ക്ഷേത്ര പൂജാരി ഇരിഞ്ഞാടപ്പിള്ളി പദ്മനാഭൻ നമ്പൂതിരി തന്റെ പ്രഭാഷണത്തിൽ പാദുകത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. മർത്ത്യൻ എന്നാൽ മരണമുള്ളവൻ എന്നർത്ഥം, എന്നാൽ മരണത്തെ അതിജീവിക്കുന്നവർ ത്യാഗം ചെയ്തവർ മാത്രം. സമൂഹത്തിന് വഴികാട്ടിയായി ത്യാഗപ്രവർത്തികളിലൂടെ ജീവിച്ചിട്ടുള്ളവരെ അനേകായിരം വർഷങ്ങൾ കഴിഞ്ഞാലും മറക്കാൻ പ്രയാസം. രാജാവിന്റെ എല്ലാഅധികാരങ്ങളും സുഖങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ,  രാജാവായ ദശരഥൻ, പുത്രനായ ശ്രീരാമനു രാജ്യഭരണം കൈമാറാൻ സന്തോഷ പൂർവ്വം സന്നദ്ധനാകുന്നു. 

paduka-1

പിതാവിന്റെ വാക്കുകൾ സത്യമാക്കുവാൻ ശ്രീരാമൻ രാജ്യം ഉപേക്ഷിച്ച് കാനന വാസത്തിനു പോകുന്നു. ഭർത്താവിനെ പരിചരിക്കാനായി സീതാദേവിയും കാട്ടിലേക്ക്  അനുഗമിക്കുന്നു. ജേഷ്ഠനെയും, ജേഷ്ഠ പത്നിയെയും സംരക്ഷിക്കുവാൻ ലക്ഷ്മണനു കൂടെ പോകാൻ രണ്ടുപ്രാവശ്യം ആലോചിക്കേണ്ടി വന്നില്ല. പതിനാലു വർഷം ഭർത്താവിനെ പിരിഞ്ഞു നിൽക്കുന്ന വിരഹ ദുഃഖം  ലക്ഷ്മണ പത്‌നി ഊർമ്മിള കടിച്ചമർത്തുന്നു. രാജ്യഭരണം കയ്യിൽ കിട്ടിയിട്ടും, ശ്രീരാമ പാദുകം സിംഹാസനത്തിൽ സ്ഥാപിച്ച് ,കാനന വാസികൾ ജീവിക്കുന്നതു പോലെ പതിനാലു വർഷം ജീവിച്ചു, ഭരതൻ. ഭരതന്റെ വാക്കുകൾക്ക് എതിർവാക്കില്ലാതെ ശിരസ്സാ വഹിച്ച ശത്രുഘ്നൻ. ആരാണ് അധികം ത്യാഗം ചെയ്തത്  എന്ന്  മനസ്സിലാക്കാൻ പ്രയാസം.

രാമായണം നൽകുന്ന സന്ദേശം അല്പമെങ്കിലും മനസ്സിലാക്കാൻ,  ഭരണം പിടിച്ചെടുക്കാനും, ഭരണത്തിൽ തുടരാനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അധർമ്മങ്ങളെ വിലയിരുത്തിയാൽ മതി. ത്യാഗത്തിന്റെയും, നിർമ്മല സ്നേഹത്തിന്റെയും, ധർമ്മത്തിന്റെയും പ്രതീകമായി ശ്രീരാമപാദുകങ്ങളെ കണക്കാക്കുവാൻ ഇരിഞ്ഞാടപ്പിള്ളി പദ്മനാഭൻ നമ്പൂതിരി ഭക്ത ജനങ്ങളെ ഓർമിപ്പിച്ചു. കേരളാ ഹിന്ദു സൊസൈറ്റി ചെയർമാൻ രാജേന്ദ്ര വാരിയർ ഘോഷയാത്രക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com