ADVERTISEMENT

ഹൂസ്റ്റൺ∙ തലമുറകൾ തമ്മിലുള്ള വ്യത്യാസം വിശ്വാസജീവിതത്തെ എത്രമാത്രം ബാധിക്കുന്നു, അവയെ എപ്രകാരം  സമീപിക്കാം എന്നീ വിഷയങ്ങളുമായി സിറോ മലബാർ ദേശീയ കൺവൻഷനിൽ സംഘടിപ്പിച്ച പാനൽ ചർച്ച ‘സ്പിരിച്ച്വലി സിറോ മലബാർ, സോഷ്യലി നോട്ട്’ തിരിച്ചറിവുകളും ബോധ്യങ്ങളും പകരുന്ന വേദിയായി. അമേരിക്കയിലെ പുതുതലമുറയും സിറോ മലബാർ സഭയുമായുള്ള ബന്ധം വിശകലനം ചെയ്തതിനൊപ്പം പുതുതലമുറയെ സിറോ മലബാർ സഭയോട് ചേർത്ത് വളർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും പങ്കുവച്ച ചർച്ച ശ്രദ്ധേയമായി.

സംസ്‌കാരവും വിശ്വാസവും ഒരുപോലെ പങ്കുവയ്ക്കപ്പെടുന്ന സിറോ മലബാർ സഭ കാലഘട്ടത്തിനനുസരിച്ച് വിശ്വാസികൾക്ക് ബോധ്യങ്ങൾ നൽകാൻ പ്രാപ്തയാണെന്നും അതുതന്നെയാണ് സഭയെ വേറിട്ടതും ആകർഷണീയമാക്കുന്നതെന്നും പാനൽ അംഗങ്ങൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ. തോമസ് തറയിൽ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെടെ ഏഴു പേരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.' ഡോ. ഏബ്രഹാം മാത്യു മോഡറേറ്ററായി

പുതുതലമുറക്ക് വിശ്വാസബോധ്യങ്ങൾ ഉണ്ടെങ്കിലും സാമൂഹ്യപരമായി പുതുതലമുറ പൂർണമായും സിറോ മലബാർ സഭയുടെ മാനങ്ങൾക്കനുസരിച്ചല്ല എന്നതായിരുന്നു പ്രധാനപ്പെട്ട കണ്ടെത്തൽ. എന്നാൽ, മുതിർന്ന തലമുറ അതിന്റെ നല്ല വശങ്ങളെ കണ്ടെത്തി അംഗീകരിക്കുമ്പോൾ ജനറേഷൻ ഗ്യാപ്പ് ഒഴിവാക്കാനാകുമെന്നും പാനൽ നിർദേശിച്ചു. അതേസമയം സഭയോട് ചേർന്നുനിന്ന് വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും സാമൂഹ്യ നിലപാടുകൾ സ്വീകരിക്കുന്നതിലും യുവതലമുറ പരാജയപ്പെടുകയാണെന്നും പാനൽ അഭിപ്രായപ്പെട്ടു.

യുവതലമുറ അമേരിക്കയില്‍ ജനിച്ചുവളര്‍ന്നുവെന്ന കാരണത്താല്‍ സാമൂഹിക സംസ്‌കാരത്തിലുള്ള രീതികളെപ്പറ്റി മുന്‍തലമുറയ്ക്കുള്ള ആശങ്ക പ്രത്യേകമായി വിലയിരുത്തി. ദൈവാലയങ്ങളില്‍ വരുമ്പോഴും വസ്ത്രധാരണത്തിന്റെയും മറ്റ് അച്ചടക്ക സ്വഭാവത്തിന്റെയും കാര്യത്തില്‍ പരിശുദ്ധിയോടുള്ള ബോധമാണ് യുവതലമുറയ്ക്ക് വേണ്ടതെന്ന് മാര്‍ തോമസ് തറയില്‍ പിതാവ് അഭിപ്രായപ്പെട്ടു. 

സിറോ മലബാര്‍ സഭയുടെ വിശ്വാസപാരമ്പര്യം മാതാപിതാക്കളില്‍ നിന്നും പുതിയ തലമുറ പഠിക്കുന്നതുവഴി അവര്‍ക്കുണ്ടാകുന്ന നേട്ടത്തെപ്പറ്റി മാര്‍ പാംബ്ലാനി പിതാവ് വിശകലനം ചെയ്തു. നൂറുവര്‍ഷത്തോളം സാംസ്‌കാരിക അച്ചടക്ക പാരമ്പര്യം കൈമുതലായുള്ള ഭാരതത്തില്‍ നിന്നുള്ള തലമുറയുടെ പരിശുദ്ധിയോടുള്ള ബോധം പുതിയ തലമുറയ്ക്ക് പകര്‍ന്നുകിട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

syro-malabar-discussion-2

യുവതലമുറയുടെ പ്രതിനിധികള്‍ ജസ്റ്റിസ് കുര്യനുമായും സംവാദം നടത്തി. തങ്ങള്‍ മാതാപിതാക്കളാകുമ്പോഴാണ് തങ്ങള്‍ക്കു കിട്ടിയ പാരമ്പര്യം തങ്ങളുടെ മക്കള്‍ക്കും വേണ്ടിയിരിക്കുന്നുവെന്ന് ബോധ്യം വരുന്നുവെന്നും അതിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുന്നുവെന്നും തങ്ങളുടെ മാതാപിതാക്കളോട് ഞങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പുതിയ തലമുറ ആത്മാര്‍ത്ഥതയോടെ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com