സാൻഫ്രാൻസിസ്ക്കൊ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മപെരുന്നാൾ

mother-mary
SHARE

സാൻഫ്രാൻസിസ്കോ∙അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ ഓഗസ്റ്റ് മാസം 17, 18 (ശനി, ഞായർ) ദിവസങ്ങളിൽ നടത്തുന്നു. ഓഗസ്റ്റ് 11 ഞായർ വി. കുർബാനാനന്തരം വികാരി റവ. ഫാ. തോമസ് കോര കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 17 ശനിയാഴ്ച 12ന് കുട്ടികൾക്കായുള്ള ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ ആരംഭിക്കും.

വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് റവ. ഫാ. കുരിയൻ പുതുക്കയിൽ (അങ്കമാലി ഭദ്രാസനം) വചന പ്രഘോഷണം നടത്തും. 18ന് ഞായറാഴ്ച രാവിലെ 8.45ന് പ്രഭാത പ്രാർത്ഥനയും അതേ തുടർന്ന് റവ. ഫാ. കുരിയൻ പുതുക്കയലിന്റെ കാർമ്മികത്വത്തിൽ വി. ബലി അർപ്പണവും നടക്കും.

മുത്തുക്കുട, കൊടി, കുരിശ് തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി അടുക്കും ചിട്ടയുമായി ഭക്തിനിർഭരമായി, വിശ്വാസികൾ അണി നിരന്ന് നടത്തപ്പെടുന്ന റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

പരിശുദ്ധ ദൈവമാതാവിന്റെ മഹാമധ്യസ്ഥതയിൽ അഭയപ്പെട്ട്, പെരുന്നാൾ ആഘോഷങ്ങളിൽ പങ്കു ചേർന്ന് അനുഗ്രഹിതരാകുവാൻ വിശ്വാസിക ളേവരേയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു.

വികാരിക്ക് പുറമേ, സെഖറിയ കോര(വൈസ് പ്രസിഡന്റ്), ഫ്രെഡി പോൾ (സെക്രട്ടറി), ബേസിൽ പീറ്റർ (ട്രഷറർ) കമ്മിറ്റിയംഗങ്ങളായ ബിജോയ് വർഗീസ്, ബിജു വർഗീസ്, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ക്രമീകരണങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ