ADVERTISEMENT

ന്യൂയോര്‍ക്ക്∙ മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിലും കോണ്‍ക്ലേവിലും പങ്കെടുക്കും. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപടലുകള്‍ നടത്തുന്ന ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എ. രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു സ്വാമി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. യുപിഎ മന്ത്രിസഭയിലെ കേന്ദ്രമന്ത്രി പി. ചിദംബരം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യിക്കാനും അദ്ദേഹം ശ്രമിച്ചു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍, മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ക്കെതിരേ സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു.

1939 സെപ്റ്റംബര്‍ 15ന് തമിഴ്‌നാട്ടിലെ മൈലാപ്പൂരിലാണു സുബ്രഹ്മണ്യന്‍ സ്വാമി ജനിക്കുന്നത്. പിതാവ് സീതാരാമന്‍ സുബ്രഹ്മണ്യന്‍ ബ്യൂറോക്രാറ്റായിരുന്നു, അമ്മ പദ്മാവതി വീട്ടമ്മയും. ഡല്‍ഹി സര്‍വകലാശാലയിൽ നിന്നു മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ സ്വാമി, സാമ്പത്തിക ശാസ്ത്രത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്തു. 1966-ല്‍ ഹാര്‍വാഡില്‍ വച്ചു പരിചയപ്പെട്ട പാര്‍സി വംശജ റോക്‌സ്‌നയെ സ്വാമി വിവാഹം ചെയ്തു. രണ്ടു പെണ്‍മക്കളാണു ദമ്പതികള്‍ക്ക്. ഗീതാഞ്ജലി ശര്‍മയും സുഹാസിനി ഹൈദറും.

സര്‍വോദയ പ്രസ്ഥാനത്തില്‍ പങ്കെടുത്താണു സ്വാമി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ജനതാപാര്‍ട്ടി സ്ഥാപിച്ചു. ലിബറല്‍ സാമ്പത്തിക നയങ്ങള്‍ പ്രോത്സാഹിപ്പിച്ചതിനു ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിലെ അധ്യാപക സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കി. ഇതോടെ സ്വാമി രാഷ്ട്രീയത്തില്‍ സജീവമായി. ഇന്ദിരാഗാന്ധിയുടെ കടുത്ത എതിരാളിയായിരുന്നു അദ്ദേഹം. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ജനസംഘത്തിന്റെ പിന്തുണയോടെ അദ്ദേഹം രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്ത് അമേരിക്കയിലേക്കു പലായനം ചെയ്ത സ്വാമി, അവിടെനിന്നു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 1976-ല്‍, അടിയന്തരാവസ്ഥ പ്രാബല്യത്തിലിരിക്കെ സ്വാമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ ധിക്കരിച്ച സ്വാമി പാര്‍ലമെന്റിലെത്തി സെഷനില്‍ പങ്കെടുക്കുകയും സെഷന്‍ അവസാനിച്ചതിനു പിന്നാലെ രാജ്യത്തുനിന്നു വീണ്ടും രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിനുശേഷം, അടിയന്തരാവസ്ഥ ഒരു പ്രഹസനമായി മാറിയെന്ന് ഇന്ദിരാ ഗാന്ധിക്കു ബോധ്യപ്പെട്ടു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.

1978 നവംബറില്‍, ജനീവയില്‍ വികസ്വര രാജ്യങ്ങള്‍ (ഇസിഡിസി) തമ്മിലുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍സിടിഡി) റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ സ്വാമി അംഗമായി. വാണിജ്യ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹം രൂപീകരിച്ച പുതിയ കയറ്റുമതി നയത്തിന്റെ അടിസ്ഥാനത്തിലാണു പിന്നീടു വ്യാപാര പരിഷ്‌കാരങ്ങള്‍ക്കു തുടക്കമാകുന്നത്. 1994-ല്‍ അന്നത്തെ പ്രധാനമന്ത്രി പി. വി. നരസിംഹറാവു ലേബര്‍ സ്റ്റാന്‍ഡാര്‍ഡ്സ് ആന്റ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ ചെയര്‍മാനായി സ്വാമിയെ നിയമിച്ചു.

ജനതാ പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണു സ്വാമി. 1990-ല്‍ പാര്‍ട്ടി ആരംഭിച്ചതു മുതല്‍ 2013-ല്‍ പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കുന്നതുവരെ അദ്ദേഹം പ്രസിഡന്റായിരുന്നു. 1974-നും 1999-നും ഇടയില്‍ അഞ്ചു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1990, 91 വര്‍ഷങ്ങളില്‍ ആസൂത്രണ കമ്മീഷന്‍ അംഗമായി സ്വാമി പ്രവര്‍ത്തിച്ചു. വാണിജ്യ, നിയമ വകുപ്പു മന്ത്രിസ്ഥാനവും കൈകാര്യം ചെയ്തു.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ മീഡിയ കോണ്‍ഫറന്‍സും കോണ്‍ക്ലേവും നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com