ADVERTISEMENT

ടൊറന്റോ∙ ലോകത്തിലെ ഏറ്റവും സുന്ദരനായ ഭരണാധികാരിയെന്ന നിലയിൽ സമീപകാലത്ത് പ്രശസ്തനായ ജസ്റ്റിൻ ട്രൂഡോയ്ക്ക് വെല്ലുവിളിയുയർത്തി മറ്റൊരു ഗ്ളാമർതാരം- ആൻഡ്രൂ ഷിയർ. കാനഡ പൊതുതിരഞ്ഞെടുപ്പിനായി അണിഞ്ഞൊരുങ്ങുന്പോൾ വോട്ടർമാരുടെ മനംകവരാൻ ലിബറൽ പാർട്ടി നേതാവായി നിലവിലുള്ള പ്രധാനമന്ത്രി കൂടിയായ ട്രൂഡോ ഒരിക്കൽക്കൂടി കളത്തിലിറങ്ങുമ്പോൾ എതിരാളിക്കൊരു പോരാളി എന്ന മട്ടിൽ രംഗത്തിറങ്ങുന്നത് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതാവ് ആൻഡ്രൂ ഷിയറാണ്. ഇരുവരും തമ്മിൽ സാമ്യങ്ങളേറെ. നാൽപ്പത്തിയേഴുകാരനായ ട്രൂഡോയ്ക്കൊപ്പം കാഴ്ചപ്പെരുമ അവകാശപ്പെടാം നാൽപതുകാരനായ ഷിയറിനും. രണ്ടു പേരും ജനിച്ചത് ഓട്ടവയിൽ. ട്രൂഡോ പ്രധാനമന്ത്രി പുത്രനായും ഷിയർ ഒരു സാധാരണക്കാരന്റെ മകനായും. അച്ഛൻ ട്രൂഡോയുടെ പേരിൽ അറിയപ്പെട്ടിരുന്നപ്പോഴും ക്യാംപ് കൗൺസിലറായും നൈറ്റ്ക്ളബ് ബൌൺസറായും സ്നോബോർഡ് ഇൻസ്ട്രെക്ടറായുമൊക്കെ മകൻ ട്രൂഡോ ഭാഗ്യപരീക്ഷണങ്ങൾ നടത്തി. പിന്നീട് അധ്യാപകനായി, നടനായി… രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചു, ലിബറൽ പാർട്ടി നേതാവായി, സ്റ്റീഫൻ ഹാർപറുടെ തേരോട്ടം അവസാനിപ്പിച്ച് പ്രധാനമന്ത്രിയുമായി.

Tom-Office

 

Verticla-image-template

 

ഓട്ടവയിൽ ജനിച്ചെങ്കിലും ആൻഡ്രൂ ഷിയർ പ്രിയതമ ജിൻ റയനിന്റെ നാടായ റജൈനയിലേക്കു കുടിയേറുകയായിരുന്നു. ഇരുപത്തഞ്ചാം വയസിൽ പാർലമെന്റംഗം, മുപ്പത്തിരണ്ടാം വയസിൽ ഹൌസ് ഓഫ് കോമൺസ് സ്പീക്കറായി ചരിത്രമെഴുതി, 38–ാം വയസിൽ പാർട്ടി ലീഡർ, ഇപ്പോഴിതാ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അന്തിമപോരാട്ടത്തിൽ. ഇതൊക്കെയാണെങ്കിലും സ്കൂൾ ബോർഡ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ ഷിയർ തോറ്റിരുന്നു- പത്തൊൻപത് വർഷം മുന്പ്, ഓട്ടവയിൽ. രാഷ്ട്രീയത്തിൽ ഇറങ്ങുംമുന്പ് ഇൻഷുറൻസ് ബ്രോക്കർ, വെയ്റ്റർ ജോലികളും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി സ്റ്റീഫീൻ ഹാർപറുടെ ഇഷ്ടക്കാരനായാണ് പാർട്ടിയിൽ അറിയപ്പെടുന്നത്. ‘സ്റ്റീഫൻ ഹാർപർ 2:0’, ‘ചിരിക്കുന്ന ഹാർപർ’ എന്നീ അപരനാമങ്ങൾപോലുമുണ്ട് ഷിയറിന്.  ആധുനിക ട്രൂഡോയുടെ നയങ്ങളെ മാത്രമല്ല, അച്ഛൻ പിയേർ ട്രൂഡോയുടെ നയങ്ങളെ വരെ തരംകിട്ടുമ്പോഴൊക്കെ നഖശിഖാന്തം വിമർശിക്കുന്നത് ഷിയറിന്റെ ഹോബിയാണ്. 

 

 

പഴയ നയങ്ങളിലേക്ക് തിരികെ പോകണോ, മുന്പോട്ടുള്ള പ്രയാണം തുടരണമോ എന്ന ചോദ്യവുമായാണ് ജസ്റ്റിൻ ട്രുഡോ വോട്ടർമാരെ സമീപിക്കുന്നത്. 37 ലക്ഷം ആളുകൾക്കായി 2370 കോടി ഡോളർ കാനഡ ചൈൽഡ് ബനഫിറ്റായി വിതരണം ചെയ്തതും കാനഡയുടെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചതുമാണ് നേട്ടങ്ങളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ട്രൂഡോ അധികാരത്തിലേറിയശേഷം പത്തു ലക്ഷത്തോളം പേർക്കാണ് തൊഴിൽലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചികിൽസാവശ്യത്തിനുള്ള മർവാനയ്ക്ക് നിയമപരിരക്ഷ ലഭിച്ചതും ഇക്കാലയളവിലാണ്. കാലാവസ്ഥാ വ്യതിയാനവും പൈപ്പ് ലൈനുമെല്ലാം സജീവ ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ പക്ഷേ ട്രൂഡോയുടെ മേൽ കരിനിഴൽ വീഴ്ത്തുന്നത് എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട വിവാദമാണ്. അതാകട്ടെ, രാഷ്ട്രീയത്തിൽ വരുന്നതിനു മുന്പെ എസ്എൻസി ലാവലിൻ ഊരാക്കുടുക്കിലായ ലിബിയയിലെ കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണെന്നതും വിരോധാഭാസം. കരിംപട്ടികയിൽപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇതുസംബന്ധിച്ച നടപടിക്രമങ്ങളിൽ വെള്ളംചേർക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്ന ആക്ഷേപവും തുടർന്നുണ്ടായ രാജികളും പുറത്താക്കലുകളും അന്വേഷണത്തിന് തടയിടുന്നതും എല്ലാമായി ട്രൂഡോയുടെ ധാർമികതകൂടിയാണ് തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കപ്പെടുന്നത്. തൊഴിൽ സംരക്ഷിക്കുകയെന്നത് പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നാണ്  വിവാദവുമായി ബന്ധപ്പെട്ട് ട്രൂഡോയുടെ നിലപാട്. 

IMG_1355

 

IMG_1303

 

എന്തൊക്കെയോ മറച്ചുവയ്ക്കാനുള്ളതു കൊണ്ടാണ് ‘കാബിനറ്റ് രഹസ്യസ്യ’ത്തിന്റെ മറപിടിച്ച് ലാവലിൻ വിവാദത്തിൽ തുടർ അന്വേഷണങ്ങൾക്ക് തടയിടുന്നതെന്നാണ് ഷിയറിന്റെ ആരോപണം. അധികാരത്തിലേറിയാൽ കാർബൺ ടാക്സ് അപ്പാടെ നിർത്തലാക്കുമെന്നും പകരം വന്പൻസ്രാവുകൾക്ക് നികുതി ഏർപ്പെടുത്തുമെന്നും ഷിയർ പറയുന്നു. സാധാരണക്കാരുടെ പോക്കറ്റിൽ കൂടുതൽ പണം എത്തുമെന്നാണ് വാഗ്ദാനം. പ്രസവാനുകൂല്യങ്ങൾക്കുള്ള നികുതിയും ഇല്ലാതാക്കുമെന്നും വ്യക്തമാക്കുന്നു. ഇന്നലെ രാത്രി ടൊറന്റോയ്ക്ക് സമീപം വോണിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലും ഷിയർ ഇവ ആവർത്തിച്ചു. 

 

 

പോർക്കളത്തിലെ ഈ യുവകോമളന്മാർക്ക് വെല്ലുവിളിയുയർത്താൻ എത്തുന്നതും മറ്റൊരു സ്റ്റൈലൻ താരമാണ്- ന്യൂ ഡമോക്രാറ്റിക് പാർട്ടി എന്ന എൻഡിപിയുടെ നേതാവ് ജഗ്മീത് സിങ്. ജഗ്മീതിനും പ്രായം നാൽപത്. മികച്ച വേഷധാരി, സ്റ്റൈൽ മന്നൻ തുടങ്ങിയ മാധ്യമ വിശേഷണങ്ങളിലൂടെയാണ് ജഗ്മീത് തുടക്കത്തിൽ ശ്രദ്ധേയനായത്. സിഖ് തലപ്പാവ് ധരിച്ച ആദ്യ ഒന്റാരിയോ പ്രവിശ്യാ പാർലമെന്റംഗം എന്ന ബഹുമതിക്കും അർഹനായ ജഗ്മീത് പ്രവിശ്യാ ഉപനേതാവായിരിക്കെയാണ് ടോം മൾക്കെയറിന്റെ പിൻഗാമിയായി ദേശീയ നേതാവാകുന്നത്. ഇരുപാർട്ടികളെയും കനേഡിയൻ ജനതയ്ക്ക് മടുത്തതായും ജനങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ എൻഡിപിയുടെ കാലമാണ് വരാനിരിക്കുന്നതെന്നുമാണ് ജഗ്മീതിന്റെ അവകാശവാദം. അത്തരമൊരു അത്ഭുതം സംഭവിച്ചാൽ ജഗ്മീതിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടങ്ങളാണ്- ഇന്ത്യൻ വംശജനായ കനേഡിയൻ പ്രധാനമന്ത്രി, ന്യൂനപക്ഷ ജനവിഭാഗത്തിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി തുടങ്ങിയവ… ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണെങ്കിലും എൻഡിപിയുടെ സമയംതെളിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

 

 

ഈവ് ഫ്രാൻസ്വ ബ്ളോൺഷെയുടെ ബ്ളോക്ക് കെബെക്വ കെബെക്ക് മേഖലയിൽ തങ്ങളുടെ സ്വാധീനം വർധിച്ചിട്ടുണ്ടെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് ഇക്കുറി. നിലവിലുള്ള പത്ത് സീറ്റിൽനിന്ന് കുറഞ്ഞത് ഒരു ഡസൻ സീറ്റ് എന്നതിലേക്കാണ് അവരുടെ നോട്ടം. നിലവിൽ രണ്ട് സീറ്റേയുള്ളൂ എങ്കിലും എലിസബത്ത് മേയുടെ നേതൃത്വത്തിലുള്ള ഹരിതപാർട്ടിയും ഏറെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്. കാലാവസ്ഥാവ്യതിയാനവും മറ്റും ലോകം ഏറെ ചർച്ച ചെയ്യുന്പോൾ കാനഡയെ സംബന്ധിച്ചിടത്തോളം നിർണായകമാണീ തിരഞ്ഞെടുപ്പെന്ന് ഗ്രീൻ പാർട്ടി ചൂണ്ടിക്കാട്ടുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ആൻഡ്രൂ ഷിയറിനെതിരെ പോരാടിയ മുൻ വിദേശകാര്യ മന്ത്രി മാക്സിം ബെർണിയെ പീപ്പിൾസ് പാർട്ടി ഓഫ് കാനഡ രൂപീകരിച്ചാണ് ശക്തി തെളിയിക്കാനിറങ്ങുന്നത്. നിലവിൽ ലിബറൽ പാർട്ടിക്ക് 177, കൺസർവേറ്റീവ് പാർട്ടിക്ക് 95, എൻഡിപിക്ക് 39, സ്വതന്ത്രർക്ക് എട്ട് എന്നിങ്ങനെയാണ് സീറ്റ് നില. ആകെയുള്ള 338 സീറ്റിൽ 170 സീറ്റുകളിൽ വിജയിക്കാനായാൽ അധികാരം പിടിക്കാം. 

 

 

ഫെഡറൽ തലത്തിൽ കാര്യങ്ങൾ ഇങ്ങനെപോകുമ്പോൾ മലയാളികൾക്കു താൽപര്യമുള്ള ഒരു മണ്ഡലമാണ് ഇക്കുറിയുള്ളത്. മിസ്സിസാഗ-മാൾട്ടൺ റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി റാന്നി സ്വദേശി ടോം വർഗീസാണ്. നാലു വർഷം മുൻപു പൊതുതിരഞ്ഞെടുപ്പിൽ രണ്ടു മലയാളികൾക്ക്  സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. അന്ന് പാർലമെന്റംഗമായിരുന്ന ജോ ഡാനിയേലിനും മാർക്കം-തോൺഹിൽ റൈഡിങ്ങിലെ സ്ഥാനാർഥി ജോബ്സൺ ഈശോയ്ക്കും. കൺസർവേറ്റീവ് പാർട്ടിക്കാരായ ഇരുവരും ഇക്കുറി മൽസരരംഗത്തില്ല.

 

33 വർഷം മുൻപാണു ടോം ഇവിടേക്ക് കുടിയേറിയത്. ടൊറന്റോ രാജ്യാന്തര വിമാനത്താവളം കൺട്രോൾ ടവറിൽ ഏപ്രൺ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള ടോം വർഗീസ് പിന്നീട് ബിസിനസിലേക്കു കടക്കുകയായിരുന്നു. തുടക്കം ട്രാവൽ ഏജൻസിയിലൂടെയായിരുന്നു. ഇപ്പോൾ സ്വന്തമായി ഇംപോർട്ടിങ് കമ്പനി നടത്തുന്നു. മിസ്സിസാഗ-മാൾട്ടൺ റോട്ടറി ക്ളബ് സെക്രട്ടറി, കേരള ക്രിസ്ത്യൻ അസംബ്ളി അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളിലൂടെയും ഒട്ടേറെ കോൺഫറൻസുകൾക്ക് നേതൃത്വം നൽകിയും സംഘാടനമികവും തെളിയിച്ചു. റാന്നി കപ്പമാമൂട്ടിൽ കെ. ടി. വർഗീസിന്റെയും ചിന്നമ്മയുടെയും മകനാണ്. ജിജിയാണ് ഭാര്യ. മക്കൾ: ഡാനി, ജോനഥൻ. നാട്ടിലായിരിക്കുമ്പോൾ ടോമിനു രാഷ്ട്രീയമില്ലായിരുന്നു. എന്നാൽ, അടുത്തിടെ അന്തരിച്ച സഹോദരൻ എബി വർഗീസ് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. 

 

 

A better ‘TOM’orrow എന്ന തലവാചകവുമായി പ്രചാരണത്തിൽ സജീവമാകുകയാണ് ടോം. സ്വന്തം പേരിനെ നാളെകളിലേക്കുള്ള പ്രതീക്ഷയുമായി കൂട്ടിയിണക്കുന്നതിൽ വിജയിച്ച ടോം, സ്ഥാനാർഥിയാകുകയെന്ന ദുഷ്കരമായ കടമ്പ കടന്നതും ഏറെ വിയർപ്പൊഴുക്കാതെയാണ്. എന്നാൽ, അങ്കത്തട്ടിൽ കാത്തിരിക്കുന്നത് ജസ്റ്റിൻ ട്രൂഡോയുടെ അടുപ്പക്കാരനും ഫെഡറൽ മന്ത്രിയുമായ നവദീപ് ബെയ്ൻസാണ്. പാർട്ടി തിരഞ്ഞെടുപ്പിലെന്നപോലെ നിർണായകദിനത്തിലും വിജയ തിലകമണിയാൻ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ആത്മാർഥമായ സഹകരണമാണ് സ്ഥാനാർഥി പ്രതീക്ഷിക്കുന്നത്. മിസ്സിസാഗയിൽ (991 മാത്തിസൺ ബൊളീവാഡ് ഈസ്റ്റ്) ഇലക്ഷൻ ഓഫിസ് തുറന്നു കഴിഞ്ഞു. ഫോൺ: 647-612-0529. 

 

 

ഭവനസന്ദർശനങ്ങളും ചെറുയോഗങ്ങളുമെല്ലാമായി തുടർന്നങ്ങോട്ടുള്ള ഓരോ ദിനങ്ങളും നിർണായകമാണ്. ഒറ്റയ്ക്കും കൂട്ടായും സംഘടനാതലങ്ങളിലുമെല്ലാമുള്ള ആത്മാർഥമായ സഹകരണം ജാതി, മത, രാഷ്ട്രീയഭേദമന്യെ മലയാളിസമൂഹം നൽകുമെന്ന ശുഭപ്രതീക്ഷയിലുമാണ് ടോം വർഗീസ്. ഒക്ടോബർ 21ലെ വിധിയെഴുത്തും അനുകൂലമാണെങ്കിൽ പുതിയൊരധ്യായമാകും അന്നു കുറിക്കപ്പെടുക- കേരളത്തിൽ ജനിച്ച വടക്കൻ അമേരിക്കയിലെ ആദ്യ പാർലമെന്റംഗം എന്ന അപൂർവ നേട്ടം. ജോ ഡാനിയേലാണ് വടക്കൻ അമേരിക്കയിലെ ആദ്യ മലയാളി പാർലമെന്റംഗം എങ്കിലും അദ്ദേഹം ജനിച്ചത് ടാൻസാനിയയിലാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com