ADVERTISEMENT

ന്യൂയോര്‍ക്ക്∙ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷനല്‍ മീഡിയ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ലോക വനിതാ സംരംഭക അവാര്‍ഡിന് കോസ്മെറ്റിക് ബ്രാന്‍ഡ് ഇന്നൊവേറ്ററും ഡോക്ടറുമായ താന്യ അര്‍ഹയായി. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലിന്റെ രചയിതാവായ ഒ. ചന്ദുമേനോന്റെ ചെറുമകളായി കേരളത്തിലാണു  ജനിച്ചത്. ചൈതന്യ എന്നാണ് യഥാർഥ പേര്. ബാലതാരമായി 20 സിനിമകളില്‍  വേഷമിട്ടു. മികച്ച ബാലതാരത്തിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും നേടി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങി ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളില്‍ പ്രാവീണ്യം നേടിയ ചൈതന്യ, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനായി ബ്രിട്ടനിലേക്കു പോയി. പിന്നീട് ഓസ്ട്രേലിയയിലേക്കു മാറിയ ഇവര്‍, ഗോള്‍ഡ് കോസ്റ്റില്‍ ജനറല്‍ പ്രാക്ടീഷണറായി പ്രവര്‍ത്തനം തുടങ്ങി.

ഓസ്ട്രേലിയയില്‍ വച്ചാണു ചൈതന്യ താന്യ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഇന്ന് അംതാന്‍ മെഡിക്കല്‍ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപക ഡയറക്ടറാണ് താന്യ. ക്വീന്‍സ്ലാന്റിലെ എട്ടു മെഡിക്കല്‍ സെന്ററുകള്‍ ഈ സ്ഥാപനത്തിന്റെ നിയന്ത്രണത്തില്‍ കീഴില്‍ വരുന്നു. സ്‌കിന്‍ ലാബുകളും ബ്യൂട്ടി ക്ലിനിക്കുകളും താന്യയുടേതായുണ്ട്.

ഓസ്‌ട്രേലിയന്‍ സ്‌കിന്‍ ലാബിന്റെ സ്ഥാപകയാണു താന്യ. നൂതന കോസ്മെറ്റിക് ബ്രാന്‍ഡുകളും സ്‌കിന്‍കെയര്‍ ഉപകരണങ്ങളുമായ നുസോണിക് എക്സ്ഫോളിയേറ്റിംഗ് ഡിവൈസ്, നുബ്രഷ് ഹെയര്‍ ഡിവൈസ്, നുഡെം മോയിസ്ചറൈസിംഗ് മിസ്റ്റ് എന്നിവ ഡോ. താന്യ എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നു. 2018-ല്‍ ബിസിനസ് ന്യൂസ് ഓസ്‌ട്രേലിയയുടെ മികച്ച 100 യുവ സംരംഭകരില്‍ താന്യ പതിനെട്ടാം സ്ഥാനത്തെത്തി. ക്വീന്‍സ്ലാന്റ് മാനേജ്‌മെന്റ് കമ്മിറ്റി ഓഫ് ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ അംഗം കൂടിയാണിവര്‍. 

2018-ല്‍ ഒരു മള്‍ട്ടിമീഡിയ ഡാന്‍സ് തിയേറ്റര്‍ അവതരണത്തിലൂടെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ 'ഇന്ദുലേഖ'യുടെ പാരമ്പര്യം അവര്‍ മുറുകെപിടിച്ചു. ഒ. ചന്ദുമേനോന്‍ ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍പേഴ്‌സനായ താന്യയുടെ നേതൃത്വത്തില്‍, കേരളത്തില്‍ 'ഇന്ദുലേഖ'യുടെ 130-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചു നിരവധി സാഹിത്യ സാംസ്‌കാരിക പരിപാടികളും ഫൗണ്ടേഷന്‍ നടത്തി. ഭര്‍ത്താവ് ഡോ. അമീറിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ഗോള്‍ഡ് കോസ്റ്റിലാണു താന്യ ഇപ്പോള്‍ താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com