ADVERTISEMENT

ഹൂസ്റ്റണ്‍∙ഏതൊരു ചര്‍ച്ചയ്ക്കും ഒരു ചൂടുംചൂരും വേണം. അപ്പോള്‍മാത്രമേ കാര്യങ്ങളില്‍ ഒരു തീരുമാനമാകൂ. പ്രത്യേകിച്ചും കാര്യപ്രസക്തമായ വിഷയങ്ങളാവുമ്പോള്‍. ഇത്തരത്തില്‍ ചൂടുംനിറഞ്ഞ ചര്‍ച്ചകള്‍കൊണ്ട് സമ്പന്നമായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിലെ രണ്ടാം ദിനം നടന്ന കോണ്‍ക്ലേവ് ഏറെ സംഭവബഹുലവും ശ്രദ്ധേയവുമായി.

വേണം ഒരു മാറ്റം

മാറ്റമില്ലാത്തത് എന്തിനാണെന്നു ചോദിച്ചാല്‍ മാറ്റത്തിനു മാത്രമാണ് എന്നാണ് ഉത്തരം. അങ്ങനെ പറഞ്ഞുവരുമ്പോള്‍ മാറ്റമെന്നത് അനിവാര്യംതന്നെ. പക്ഷെ, എന്തെല്ലാം മാറണം?. എങ്ങനെയെല്ലാം മാറണം. നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ അനിവാര്യമാണ്. കടലുപോലെ ആഴവും പരപ്പും തിരമാലകളുമുള്ള ഈ വിഷയവും കോണ്‍ക്ലേവില്‍ വന്നു എന്നതാണ് ശ്രദ്ധേയം.

കോണ്‍ഫറന്‍സിന്റെ രണ്ടാംദിനമാണ് മാറ്റം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ നടന്നത്. ഇതിനു മുന്നോടിയായി ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് ഡയറക്ടര്‍ അനുപമ വെങ്കടേഷ് പ്രദര്‍ശിപ്പിച്ച കോണ്‍ക്ലേവ് തീം ട്രെയ്‌ലര്‍ ഏറെ ആകര്‍്ഷകമായിരുന്നു. ഇന്ത്യയിലും അമേരിക്കയിലുമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ മലയാളികളുടെ പ്രിയനടി റീമ കല്ലിങ്കലും സെമിനാറില്‍ പങ്കെുത്തു.  8 സെമിനാറുകളാണ് കോണ്‍ക്ലേവിനെ സംഭവബഹുലമാക്കിയത്. റീമ കല്ലിങ്കലും, മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനുമാണ് ആദ്യ സെമിനാര്‍ നയിച്ചത്. വിഷയം മുമ്പും നിരവധി തവണചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതുമായ ഇന്ത്യന്‍സിനിമയിലെ സ്ത്രീയുടെ സ്വകാര്യത തന്നെയായിരുന്നു.

iapc-conclave-d

ഇന്ത്യന്‍ സിനിമകളില്‍ സ്ത്രീകള്‍ മോശമായി ചിത്രീകരിക്കപ്പെടുന്നു എന്നതിനെ വിമര്‍ശന വിധേയമാക്കുന്നതായിരുന്നു ചര്‍ച്ചയിലുടനീളം. ചര്‍ച്ച പുരോഗമിക്കവെ സദസില്‍ നിന്നുംവന്ന ഒരു ചോദ്യം ഇങ്ങനെയായിരുന്നു. തികച്ചും സ്വകാര്യമായ പ്രസവ രംഗങ്ങള്‍ സിനിമയില്‍ ചിത്രീകരിക്കുന്നു. ഇതിന് സ്ത്രീകള്‍ തന്നെ എന്തിന് കൂട്ടുനില്‍ക്കുന്നു എന്നായിരുന്നു. എന്നാല്‍, ആ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയും വന്നു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടാത്ത സ്വകാര്യതയെ കുറിച്ച് നിങ്ങള്‍ എന്തിന് വേവലാതി പെടുന്നു എന്നായിരുന്നു റിമാ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള ചര്‍ച്ച നയിച്ചവരുടെ ഉത്തരം. ഇതോടെ പ്രസവവും സ്വകാര്യതയുംമറ്റുമായി സംവാദം വിവാദത്തിലേക്കുംനീങ്ങി. ഇരുപക്ഷവും നിലപാടുകളിലുറച്ച് തങ്ങളുടെ ആശയപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ചര്‍ച്ച ഏറെ സമ്പുഷ്ടമായി. ഇടയ്ക്ക് ചിരിക്കും വക നല്‍കിയുള്ള ചോദ്യങ്ങളും ഉത്തരവുംവന്നുകൊണ്ടിരുന്നു.

iapc-conclave-b

മാധ്യമങ്ങള്‍ക്ക് നിക്ഷ്പക്ഷതയുണ്ടോ

എന്നും എപ്പോഴു ചര്‍ച്ചചെയ്യപ്പെടുന്നതാണ് മാധ്യമങ്ങളുടെ നിക്ഷ്പക്ഷത. മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ കൂട്ടുപിടിക്കുന്നത് മാധ്യമങ്ങളുടെ നിക്ഷ്പക്ഷ നിലപാടുകളെ കൂട്ടുപിടിച്ചാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. രണ്ടാമതു നടന്ന സെമിനാറിലെ വിഷയവും മറ്റൊന്നായിരുന്നില്ല. മാധ്യമ രംഗത്തെ നിക്ഷ്പക്ഷതയായിരുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ സനീഷ് ഇളയിടത്ത്, ഡോ.അരുണ്‍ കുമാര്‍, സജി ഡൊമിനിക്ക് എന്നിവരും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറുമാണ് ഈ വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. നിക്ഷ്പക്ഷത എന്നൊന്ന് മാധ്യമ രംഗത്ത് ഇല്ലായെന്നും, എല്ലാവരും ഏതെങ്കിലുമൊരു പക്ഷത്ത് തന്നെയാണെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. അങ്ങനെയെങ്കില്‍ മാധ്യമങ്ങള്‍ക്ക് ഒരു പക്ഷമുണ്ടെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഉദാഹരണങ്ങളും എതിര്‍ നിലപാടുകളുമായി ഈ വിഷയത്തിലും ചര്‍ച്ച ഏറെ നീണ്ടു.

മാധ്യമരംഗത്തെ സ്ത്രീ

സ്ത്രീകള്‍ കൈവെക്കാത്ത മേഖലകള്‍ ഇന്നില്ല. ഏറെ ജനകീയവും ആശയപോരാട്ടങ്ങളും നിറഞ്ഞ മാധ്യമമേഖലയിലും സ്ത്രീസാനിധ്യം സജീവമായി കഴിഞ്ഞു. പല മാധ്യമസ്ഥാപനങ്ങളുടെയും തലപ്പത്ത് സ്ത്രീകള്‍ വരെയാണുള്ളതെന്ന് പച്ചവെള്ളംപോലെ സത്യമായ കാര്യം. മൂന്നാമതായി നടന്ന സെമിനാറിന്റെ വിഷയം ഇതുതന്നെയായിരുന്നു.മാധ്യമ രംഗത്തെ സ്ത്രീ സാന്നിധ്യവും സ്വാധീനവും. മലയാളമാധ്യമരംഗത്ത് ഏറെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യങ്ങളായ മാതൃഭൂമിയിലെ മുതിര്‍ന്ന  പത്ര പ്രവര്‍ത്തക എം.എസ്. ശ്രീകലയാണ് വിഷയം നയിച്ചത്. ചര്‍ച്ചയില്‍ ഷാനി പ്രഭാകര്‍, അനുപമ വെങ്കിടേഷ്, ധന്യ രാജേന്ദ്രന്‍, സനീഷ് ഇളയിടത് എന്നിവരും പങ്കെടുത്തു. സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്ത്രീ എന്നതുകൊണ്ട് മാത്രം നേരിടേണ്ടി വന്നിട്ടുള്ള അധിക്ഷേപങ്ങളും അവഹേളനങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്ത ഷാനിയും, ധന്യയും ശ്രീകലയും പങ്കുവച്ചു.

അവയ്‌ക്കെതിരെ പൊരുതി നില്‍ക്കാന്‍ സ്വയം തീര്‍ത്ത പ്രതിരോധങ്ങളായിരുന്നു ആശ്രയമെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് അക്രമിക്കപ്പെടുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. പ്രത്യേകിച്ചും ഈ മേഖലയിലെ സ്ത്രീകള്‍കൂടിയാകുമ്പോള്‍ അക്രമത്തിന്റെ വ്യാപ്തിവര്‍ധിക്കുന്നു. എന്നാല്‍, മനക്കരുത്തുകൊണ്ടും മറ്റും ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെയും മറ്റും അവര്‍ ചെറുത്തുനിന്ന അനുഭവകഥകള്‍ സദസില്‍ ഏറെ കൈയടിനേടി.

iapc-conclave-c

സോഷ്യല്‍മീഡിയയും മാധ്യമങ്ങളും

വാര്‍ത്തകളറിയാന്‍ മാധ്യമങ്ങളേക്കാള്‍ ഇന്ന് സോഷ്യല്‍ മീഡിയ നോക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഏതു വാര്‍ത്തകളും വിവരവും അപ്പപ്പോള്‍ വിരല്‍തുമ്പിലെത്തിക്കുന്ന സോഷ്യല്‍മീഡിയയുടെ കാലത്തെ മാധ്യമരംഗം ഇന്നും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. മാധ്യമങ്ങള്‍ ഇതിനെ അതിജീവിക്കുമോ ഇല്ലയോ എന്നുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ശക്തമാണ്.

നാലാമത്തെ സെമിനാറില്‍ നടന്ന സോഷ്യല്‍ മീഡിയയുടെ കാലത്തെ മാധ്യമങ്ങളുടെ അതിജീവനം എന്ന ചര്‍ച്ച ഇതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡോ.അരുണ്‍ കുമാര്‍ നയിച്ച ചര്‍ച്ചയില്‍ അഡ്വ.ഹരീഷ് വാസുദേവന്‍, ശേഷാദ്രി കുമാര്‍, ജോസഫ് പൊന്നോലി എന്നിവര്‍ പങ്കെടുത്തു. സമൂഹത്തിലെ ഓരോ വ്യക്തിയെയും മാധ്യമ പ്രവര്‍ത്തകനാക്കുന്ന സിറ്റിസണ്‍ ജേര്‍ണലിസത്തില്‍ സാദ്ധ്യതകള്‍ സോഷ്യല്‍ മീഡിയ തുറന്നിടുമ്പോള്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കും നിലനില്‍പ്പിനായി സോഷ്യല്‍ മീഡിയയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് അഭിപ്രായം ഉയര്‍ന്നത് ഏവരും അംഗീകരിച്ചു. എങ്കിലും സോഷ്യല്‍മീഡിയയിലെ വാര്‍ത്തകളിലെ വിശ്വാസ്യത സംബന്ധിച്ച ചര്‍ച്ചകളുമുണ്ടായി. പല പൊള്ളയായ വാര്‍ത്തകളും വ്യക്തികളെ തേജോവധംചെയ്യുന്നതരത്തിലുള്ള വ്യാജവാര്‍ത്തകളും  സോഷ്യല്‍മീഡിയയില്‍ കണ്ടുവരുന്നുണ്ട്.

മാധ്യമരംഗത്തും കുത്തകവല്‍ക്കരണം

മാധ്യമരംഗത്ത് കുത്തവല്‍ക്കരണം കടന്നുവന്നിട്ടുണ്ടെന്നത് അംഗീകരിക്കുന്നവരും പ്രതിരോധിക്കുന്നവരും ഏറെയുണ്ട്. അഞ്ചാമത്തെ സെമിനാറില്‍ മാധ്യമ രംഗത്തെ കുത്തക വല്‍ക്കരണം ചര്‍ച്ചയായിവന്നു. ബല്ലാത്ത പഹയന്‍ എന്ന ബ്ലോഗിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വിനോദ് നാരായണനും ധന്യ രാജേന്ദ്രനും ചേര്‍ന്നാണ് ഈ വിഷയത്തില്‍ ചര്‍ച്ച നയിച്ചത്.  ചര്‍ച്ചയില്‍ സനീഷ് ഇളയിടത്തും സജി ഡൊമിനിക്കും പങ്കുചേര്‍ന്നതോടെ ചര്‍ച്ച ഏറെ കാര്യപ്രസക്തമായി.

പ്രവാസികളുടെ സ്വത്ത്

ഓരോ പ്രവാസിയും അയാളുടെ അധ്വാനത്തിന്റെ ഒരു നീക്കിയിരിപ്പ് അയാളുടെ നാട്ടിലേക്കാണ് അയക്കുന്നതും ഇന്‍വെസ്റ്റ് ചെയ്യുന്നതുമെല്ലാം. ഇതിനാല്‍തന്നെ പ്രവാസി മലയാളികളുടെ സ്വത്ത് സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയാണ് ആറാമതായി നടന്നത്.  ചര്‍ച്ചയില്‍ ശ്രീകല, അഡ്വ. ജയശങ്കര്‍, അഡ്വ. ഹരീഷ് വാസുദേവന്‍, ഈശോ ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പ്രധാന വിഷയമായി കൊച്ചി മരട്  ഫ്ലാറ്റ് വിഷയം കടന്നുവന്നു . കാരണം നിരവധി മലയാളി പ്രവാസികളുടെ നിക്ഷേപം ഇത്തരം ഫല്‍റ്റുകളിലുണ്ട്. സ്വന്തമായി ഒരു വീടെന്ന സ്വപ്നംകണ്ട് ഫ്‌ളാറ്റുവാങ്ങുകയും നിയമപരമായ നൂലാമാലകളില്‍ വഞ്ചിതരാകപ്പെടുന്ന പ്രവാസികളും ഏറെയുണ്ട്. മരട് ഫ്‌ളാറ്റിലുള്ളവര്‍ നിലവില്‍ കുടിയിറക്കപ്പെട്ട സാഹചര്യങ്ങളും മറ്റും ചര്‍ച്ചയായി.

അതിനാല്‍ പ്രവാസികള്‍ നാട്ടില്‍ സ്വത്ത് വാങ്ങുമ്പോള്‍ നിയമപരമായി ഏതെല്ലാം ശ്രദ്ധിക്കണമെന്നതും ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു നല്‍കിയത് സദസിലുള്ളവര്‍ക്ക് ഏറെ അറിവുപകര്‍ന്നു.

ഇന്ത്യന്‍ സിനിമയിലെ സ്ത്രീ

ഇന്ത്യന്‍ സിനിമകളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനത്തിന്‍മേലുള്ള ചര്‍ച്ചകള്‍പോലെ പ്രാധാന്യമേറിയ  മറ്റൊരു ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ സിനിമയിലെ സ്ത്രീ എന്നതും.ഏഴാമത്തെ സെമിനാറിലാണ് ഇതുസംബന്ധിച്ച ചൂടന്‍ചര്‍ച്ചകള്‍ നടന്നത്. ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍ നടി റീമ കല്ലിങ്കലിനു പുറമെ സനീഷ് ഇളയിടത്തും ധന്യ രാജേന്ദ്രനും പങ്കെടുത്തു. സിനിമയിലെ നടിമാര്‍ അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരം കാണാനുമായി രൂപീകരിച്ച ഡബ്ല്യൂസിസി പോലുള്ള സംഘടനകള്‍ നിലവില്‍ വരാനുണ്ടായ സാഹചര്യങ്ങളും, മീ ടൂ വിഷയങ്ങളുമെല്ലാം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സ്ത്രീയുടെ തുറന്നുപറച്ചിലായ മീ ടു ഇന്നു സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ. അവസരങ്ങള്‍ക്കായി വഴങ്ങികൊടുക്കേണ്ടിവന്നവരും അടിച്ചമര്‍ത്തലുകള്‍ക്കും അപമാനങ്ങള്‍ക്കും ഇരയായവരുടെ കഥകളുമെല്ലാം നിറഞ്ഞ മീ ടു വേദിയിലും സദസിലും വീണ്ടു വീണ്ടും ചര്‍ച്ചയായി. പല പ്രസ്താവനകളും ചൂടുള്ള വാദ പ്രതിവാദങ്ങള്‍ക്കും ഇടയാവുകയും ചെയ്തു.

മാധ്യമങ്ങളും സര്‍ക്കാരും

സര്‍ക്കാരുകളെപോലെ ഏതൊരു രാജ്യത്തും സമാന്തരമായ സര്‍ക്കാരാണ് മാധ്യമങ്ങളും. ഇതുകൊണ്ടുകൂടിയാണല്ലോ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ എന്നും എപ്പോഴും ഭരണകൂടങ്ങളും ശ്രമിക്കുന്നത്. പല രാജ്യങ്ങളിലും സാഹചര്യങ്ങളില്‍ വ്യത്യസ്തമാണെങ്കിലും.കോണ്‍ക്ലേവില്‍ അവസാന സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഇന്ത്യയിലും അമേരിക്കയിലും നിലനില്‍ക്കുന്ന മാധ്യമ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ ഇടപെടലുകളും ആയിരുന്നു. ഏറെ ആശയപോരാട്ടങ്ങള്‍ നിറഞ്ഞ ഈ ചര്‍ച്ച സെമിനാറിനെ ശ്രദ്ധേയമാക്കി.

അഡ്വ. ജയശങ്കര്‍, ഡോ. അരുണ്‍ കുമാര്‍, ഹരി നമ്പൂതിരി, ജോസഫ് പോന്നോലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാധ്യമങ്ങളെ  നിയന്ത്രിക്കാന്‍ എല്ലാ കാലത്തും എല്ലാ സര്‍ക്കാരുകളും ശ്രമിച്ചിട്ടുണ്ടെന്നത്  ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. അത്തരം നിയന്ത്രണങ്ങളെ ചെറുത്ത് നിന്ന് അടിയന്തരാവാസ്ഥ കാലത്ത് ജയിലില്‍ വരെ പോയിട്ടുള്ള മാധ്യമ പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി ഈ വിഷയങ്ങളില്‍  ചര്‍ച്ച പുരോഗമിച്ചു. ഏതാരു ഭരണകൂടത്തിനും  സംശുദ്ധമായി പ്രവര്‍ത്തിക്കാനും മാധ്യമങ്ങളുടെ സഹായം ഏറെയുണ്ട്. വിമര്‍ശിക്കാനും വിലയിരുത്താനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുമുള്ള മാധ്യമങ്ങളുടെ കരുത്തുതന്നെയാണ് സര്‍ക്കാരുകളെ വന്‍ അഴിമതികളില്ലാതെയും ഏകാധിപതികളാവാതെയും പ്രവര്‍ത്തിപ്പിക്കുന്നത്.

കോണ്‍ക്ലേവില്‍ നടന്ന  എട്ടു സംവാദങ്ങളും ഐഎപിസിയിലെ മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് വലിയൊരു നേട്ടമായിരുന്നു. നാട്ടില്‍നിന്നും വന്ന പ്രമുഖമാധ്യമപ്രവര്‍ത്തകരുമായി ചിന്തകള്‍ പങ്കിടാനും വിദേശമലയാളികളുടെ പ്രതികരണങ്ങള്‍ ശക്തമായി ധരിപ്പിക്കുന്നതിനും അവര്‍ക്ക് അവസരം ലഭിച്ചു. സമാനമായ ചിന്തകള്‍ പങ്കുവെക്കാനും ഉപദേശങ്ങള്‍ തേടാനും അനുഭവങ്ങള്‍ കേട്ടതുമെല്ലാം അവരുടെ മികവിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ തയ്യാറാവുന്ന വിധത്തിലായിരുന്നു. ഇത്തരം ചര്‍ച്ചകള്‍തന്നെയാണ്  കോണ്‍ഫറന്‍സിന്റെ മികവ് വര്‍ദ്ധിപ്പിച്ചതും ശ്രദ്ധേയമാകാന്‍ കാരണമായതും.

സെമിനാറുകള്‍ക്കുശേഷം നടന്ന സായംസന്ധ്യ അക്ഷരാര്‍ഥത്തില്‍ അംഗീകാരങ്ങളുടെയും കലാവിരുന്നുകളുടെയും കലവറ തുറന്നക്കുന്നതായിരുന്നു. മികവിനുള്ള പുരസ്‌കാരങ്ങള്‍ ഓരോരുത്തരെയായി തേടിയെത്തി. ദേശീയതലത്തില്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രണ്ട് വിഭാഗങ്ങളിലായി നടത്തിയ ഉപന്യാസമത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും മുഖ്യാതിഥി പ്രശസ്ത സിനിമാനടി റീമാ കല്ലിങ്കല്‍ വിതരണം ചെയ്തു. പിന്നീട് ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനചടങ്ങായിരുന്നു. അവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.  

സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ നടത്തിപ്പിനുമെല്ലാം ചുമതല നല്‍കിയുള്ള കമ്മിറ്റികളുണ്ടായിരുന്നു. കമ്മിറ്റിയുടെ സാരഥ്യം വഹിച്ചത്  റോയി തോമസ് (ഹൂസ്റ്റണ്‍), അനില്‍ അഗസ്റ്റിന്‍ (അറ്ലാന്റാ) കോര്‍ഡിനേറ്റര്‍ ഡോ. മാത്യു ജോയിസ് ((ലാസ് വേഗസ് ) എന്നിവരായിരുന്നുവെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. ഐഎപിസി യുടെ കാഴ്ചപ്പാടുകള്‍ യുവതലമുറയിലേക്ക്  പകരാനുള്ള ചുവടുവെയ്പുകളായാണ് ഇത്തരം മത്സരങ്ങള്‍ നടത്തി വിജയികളെ ആദരിച്ചത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം മത്സരങ്ങള്‍ നടന്നുവരികയും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയും ചെയ്തുവന്നിരുന്നു. ഈ പിന്തുടര്‍ച്ച ഐഎപിസിയുടെ പ്രവര്‍ത്തനങ്ങളുടെ മികവുമാണ് തെളിയിക്കുന്നതെന്ന് നിസംശയം പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com