ADVERTISEMENT

ന്യൂയോര്‍ക്ക് ∙ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ ചെയര്‍മാനായി യൂണിവേഴ്സല്‍ ന്യൂസ് നെറ്റ് വര്‍ക്ക്, ദി യുഎന്‍എന്‍ ഡോട്ട് കോം എന്നിവയുടെ പ്രസാധകനും ഇന്ത്യന്‍വംശജനുമായ പ്രൊഫ. ജോസഫ് എം.ചാലിലിനെ തിരഞ്ഞെടുത്തു. എഎപിഐ ഗ്ലോബല്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ്‌വര്‍ക്ക് ചെയര്‍മാനും നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗവുമായ ഇദ്ദേഹം, നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബിസിനസിലെ കോംപ്ലക്സ് ഹെല്‍ത്ത് സിസ്റ്റംസ് അഡൈ്വസറി ബോര്‍ഡില്‍ ചെയര്‍മാന്‍ പദവിയും ആജങ്ക്റ്റ് പ്രഫസര്‍ ചുമതലയും വഹിക്കുന്നു.

നോര്‍ത്ത് അമേരിക്കയിലെ ഡിബിവി ടെക്നോളജീസ് ഐഎന്‍സിയില്‍ സീനിയര്‍ മെഡിക്കല്‍ ഡയറക്ടറായ അദ്ദേഹം അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഫെലോയായും പ്രവര്‍ത്തിക്കുന്നു.

ബോഹ്രിംഗര്‍ ഇംഗല്‍ഹൈമില്‍ ഫിസിഷ്യന്‍ എക്സിക്യൂട്ടീവും യുഎസ് നേവി മെഡിക്കല്‍ കോര്‍പ്സ് വിദഗ്ധനുമായിരുന്നു ഡോ. ചാലില്‍. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ള ഡോ. ചാലിലിന്, അമേരിക്കന്‍ കോളേജ് ഓഫ് ഹെല്‍ത്ത്കെയര്‍ എക്സിക്യുട്ടീവുകളുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ആശുപത്രികള്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന 40,000-ല്‍ അധികം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവുകളുടെ സംഘടനയാണിത്.

അമേരിക്കയിലെ ഫിസിഷ്യന്‍മാരുടെ രണ്ടാമത്തെ വലിയ സംഘടനയും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) ട്രയല്‍ നെറ്റ് വര്‍ക്കുമായ ഗ്ലോബല്‍ ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാന്‍ കൂടിയാണ് ഡോ. ചാലില്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ എഎപിഐയുടെ ശാസ്ത്ര ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരവധി യുഎസ് പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഡോ. ചാലിലിന്റെ ഗവേഷണങ്ങളില്‍, സിസ്റ്റിക് ഫൈബ്രോസിസിലെ ക്ലിനിക്കല്‍ ട്രയല്‍ മാനേജ്മെന്റ്, ഫുഡ് അലര്‍ജി, മള്‍ട്ടിപ്പിള്‍ മൈലോമ തുടങ്ങിയവ ഉള്‍പ്പെടുന്നു. വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായ ഡോ. ചാലില്‍, വിവിധ കമ്പനികളുടെ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ പരിരക്ഷാ നയത്തിനെയും രോഗികളെ കേന്ദ്രീകരിച്ചുള്ള പരിചരണത്തിനായും ഇദ്ദേഹം ശക്തമായി വാദിക്കുന്നു. 2015-ല്‍ എഎപിഐ ദേശീയ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനും അര്‍ഹനായി.

2013-ല്‍ ഏഷ്യ-അമേരിക്കയിലെ മികച്ച 50 ബിസിനസുകാരില്‍ ഒരാളായും 2013-ല്‍ എഎപിഐ ന്യൂയോര്‍ക്ക് പ്രസിഡന്റ് പുരസ്‌കാര ജേതാവായും ഡോ. ചാലില്‍ തിരഞ്ഞെടുക്കപ്പെട്ടു. 2013-ല്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോളജിസ്റ്റ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎസിഐഒ) കാര്‍ഡിയോളജി മേഖലയിലെ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് പുരസ്‌കാരം നല്‍കി ആദരിച്ചു. 2011, 2014 വര്‍ഷങ്ങളില്‍ ബോഹ്രിംഗര്‍ ഇംഗല്‍ഹൈം പ്രസിഡന്റ് ക്ലബ് വിജയിയായ ഡോ. ചാലില്‍, ന്യൂജഴ്‌സിയിലെ മെഡിസിന്‍, ഡെന്റിസ്ട്രി സര്‍വകലാശാലയില്‍നിന്നാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. കോട്ടയം പാല സ്വദേശിയാണ് ഇദ്ദേഹം. ഡോ. സുമി ചാലില്‍ ആണ് ഭാര്യ. മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലും ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന മാത്യു ചാലിലും തോമസ് ചാലിലുമാണ് മക്കള്‍. 

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐഎപിസിക്കു നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഫ. ജോസഫ് എം.ചാലില്‍ പറഞ്ഞു. മാധ്യമമേഖലയിലും അതിന്റെ പ്രവര്‍ത്തകര്‍ക്കുമായി നിരവധി കാര്യങ്ങള്‍ ഈ സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ അണിനിരത്തുന്നതിനായാണ് 2013 ല്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) രൂപീകരിച്ചത്. മാധ്യരംഗവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ അറിവുപകരുന്നതിനായി പ്രമുഖരുടെ നേതൃത്വത്തില്‍ നിരവധി വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും സംഘടന നടത്തിവരുന്നു. 

ഐഎപിസിക്ക് 12 ചാപ്റ്ററുകളുണ്ട്.  അംഗങ്ങള്‍ക്കായായി വൈവിധ്യപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകമാത്രമല്ല അത്  നടപ്പാക്കുന്നതിലും ഐഎപിസി മുന്നിലാണ്. ഇതിനെല്ലാംപുറമെ  സാമൂഹികപ്രതിബദ്ധതയിലൂന്നിയുള്ള നിരവധി പ്രവര്‍ത്തനങ്ങളും സംഘടന ചെയ്തുവരുന്നു. അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനംതന്നെയാണ് ഐഎപിസിയുടെ മുഖമുദ്ര. അതിനാല്‍തന്നെ പ്രഫഷണല്‍ ക്വാളിറ്റിയില്‍ ആകൃഷ്ടരായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ഐഎപിസിയില്‍ അംഗങ്ങളാകാന്‍ സമീപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com