sections
MORE

ബുക്കറും പിൻമാറി

SHARE

നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാവാനുള്ള ശ്രമം ന്യൂജഴ്സി സെനറ്റർ കോറി ബുക്കർ ഉപേക്ഷിച്ചു.

തന്റെ പ്രചാരണം താൽക്കാലികമായി നിർത്തി വയ്ക്കുകയാണെന്ന് ഒരു പ്രസ്താവനയിലൂടെ ബുക്കർ അറിയിച്ചു. ഒരു വർഷത്തോളം ഡെമോക്രാറ്റിക് പ്രൈമറി പ്രചരണങ്ങളിൽ സജീവമായി നിന്ന ബുക്കറുടെ തിരോധാനത്തോടെ സ്ഥാനാർഥികളിൽ നിറമുള്ളവരുടെ പ്രാതിനിധ്യം പാട്രിക്ഡോവലിൽ ഒതുങ്ങി. ഡോവലും അടുത്തു തന്നെ പിൻമാറിയേക്കും എന്നാണ് അറിയുന്നത്. ഇംപീച്ച്മെന്റ് വിചാരണയിൽ തന്റെ സജീവ പങ്കാളിത്തം ആവശ്യമായതിനാൽ തനിക്ക് അടുത്ത ഡിബേറ്റ് വേദിയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല എന്ന വിശദീകരണമാണ് ബുക്കർ നൽകിയത്.

പണം കൂടുതൽ ചെലവഴിക്കുവാൻ കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ കഴിയുമോ, അതും കൂടുതൽ ജനാധിപത്യത്തിലും പുരോഗമന ആശയങ്ങളിലും വിശ്വസിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയെ ധനാധിപത്യ ത്തിലൂടെ പ്രതിനിധീകരിക്കുവാൻ കഴിയുമോ എന്ന ചോദ്യം ചില കോണുകളിൽ നിന്നുയരുന്നു. കാരണം ഫോർബ്സിന്റെ ധനാഡ്യരുടെ പട്ടികയിൽ 50 ബില്യൺ ഡോളർ ആസ്തിയുള്ള ബ്ലൂംബെർഗും 1.6 ബില്യൺ ഡോളർ ആസ്തിയുള്ള സ്റ്റേയറും പാർട്ടി ടിക്കറ്റിൽ പ്രസിഡന്റ് സ്ഥാനത്തേ യ്ക്ക് മത്സരിക്കുവാൻ പ്രചരണം നടത്തുന്നതാണ്.

സമാനമായ അവസ്ഥ 1992–ൽ റോസ് പെറോ ജൂനിയർ 63.5 മില്യൻ ഡോളർ ചെലവഴിച്ച് മൂന്നാം സ്ഥാനാർത്ഥി ആയതാണ്.  പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം കൈയിൽ നിന്ന് 2016 ൽ 65 മില്യൻ ഡോളർ ചെലവഴിച്ച് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ആയതും പ്രസിഡന്റായതും മറ്റൊരു ചരിത്രം.

ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാവാൻ ഒരു ന്യൂനപക്ഷ വംശജന് സാധ്യതയില്ല എന്നതാണ്. ഇപ്പോൾ ചില സർവേ ഫലങ്ങളിൽ ചില നിരീക്ഷകർ ഡെമോക്രാറ്റിക് നോമിനേഷന് സാധ്യത കല്പിക്കുന്നത് മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനാണ്. മുൻ വിധികളും മറ്റ് താല്പര്യങ്ങളും ഉണ്ടെങ്കിലും ഡെമോക്രാറ്റിക് ചായ്‍വുള്ള കറുത്ത വർഗക്കാരായ വോട്ടർമാർ മുന്നോട്ട് വയ്ക്കുന്ന ഡിമാന്റ് ബൈഡൻ തന്റെ റണ്ണിംഗ് മേറ്റ് (വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി) ആയി ഒരു കറുത്ത വർഗക്കാരനെ(ക്കാരി) യെ തിരഞ്ഞെടുക്കണം എന്നാണ്. 18% വോട്ടുള്ള ഈ വിഭാഗത്തിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞാൽ ഈ കൂട്ടുകെട്ടിന് ട്രംപിനെതിരെ വലിയ വെല്ലുവിളി ഉയർത്താൻ കഴിയും.

പല സർവേകൾ ഫലം, പല വിധത്തിൽ പ്രവചിക്കുമ്പോൾ ഡി യു എന്ന സംഘടന കൗതുകരമായ ചില ഫലങ്ങൾ പുറത്തുവിട്ടു. അയോവയിൽ നടക്കാനിരിക്കുന്ന ആദ്യ ഡെമോക്രാറ്റിക് കോക്കസുകളിൽ ഇപ്പോഴും തീരുമാനം എടുക്കാത്തവർ 44% ഉണ്ട്, സെന. എലിസബത്ത് വാറൻ – 21%, ബൈഡൻ – 15%, ബേണി സാൻഡേഴ്സ് –9%, പീറ്റ് ബട്ടീ ജീജ് – 6%, എയ്മിക്ലോബുച്ചർ –2%, മറ്റുള്ളവർ ഒരു ശതമാനമോ പൂജ്യമോ എന്നാണ് കണ്ടെത്തൽ.

വാഷിങ്ടൻ പോസ്റ്റും ഇപ്സോസും നടത്തിയ പോളിൽ ബൈഡൻ കറുത്ത വർഗക്കാരുടെ പിന്തുണയിൽ ഒന്നാം സ്ഥാനത്താണ്. മറ്റ് സ്ഥാനാർത്ഥികൾ ഏറെ പിന്നിലും, എന്നാൽ 35 വയസിൽ താഴെയുള്ളവർ ഏറെ പിന്തുണയ്ക്കുന്നത് സാൻഡേഴ്സിനെയാണ്. സാൻഡേഴ്സും ബൈഡനും കഴിഞ്ഞാൽ പ്രിയം വാറനോടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA