ADVERTISEMENT

ടെക്സസിനെ ചുവപ്പിൽ നിന്ന് നീലയിലാക്കാൻ തീവ്ര ശ്രമത്തിലാണ് ഡെമോക്രാറ്റിക്  പാർട്ടി. കഴിഞ്ഞ മൂന്ന് ദശകങ്ങളായി തുടരുന്ന റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം 2020 ലെ പൊതു തിരഞ്ഞെടുപ്പോടെ അവസാനിപ്പി ക്കാമെന്ന് ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാക്കൾ സ്വപ്നം കാണുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയാവാൻ ആഗ്രഹിക്കുന്നവർ ഏഴാമത്തെ ഡിബേറ്റിനുശേഷം ടെക്സസിൽ പ്രചരണം നടത്തുകയാണ്. വടക്കേ ടെക്സസിലെ നഗരമായ ആർലിംഗ്ടണിൽ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ രണ്ടു ദിവസത്തെ പ്രചരണം ആരംഭിച്ചു. ടെക്സസ് നേടാനാവുമെന്ന് ബൈഡൻ പറഞ്ഞു. ഇത് ചെയ്യാനാവുന്ന കാര്യമാണ്, എനിക്ക് സ്വയം ഈ സംസ്ഥാനത്തിൽ ജയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും എന്ന് കൂട്ടിച്ചേർത്തു. ട്രംപിന്റെ വിജയം ടെക്സസിൽ മുൻകൂട്ടി കാണുന്നത് പോലെയായിരുന്നു അവസാന പ്രതികരണം.

ദശകങ്ങളായി ടെക്സസിനെ രാഷ്ട്രീയ നേതാക്കൾ വിശേഷിപ്പിക്കുന്നത് എടിഎമ്മായിട്ടാണ്. എനി ടൈം മണി മെഷീൻ. ടെക്സസിലെ ദാതാക്കളെ എപ്പോൾ വേണമെങ്കിലും സമീപിച്ച് സംഭാവന നേടി മറ്റ് സംസ്ഥാനങ്ങളിൽ പ്രചരണത്തിന് ഈ ധനം ഉപയോഗിക്കാം എന്നൊരു വിശ്വാസം നേതാക്കൾക്ക് ഇടയിലുണ്ട്.

അയോവയിലെ ആദ്യ കോക്കസുകൾക്ക് കഷ്ടിച്ച് 20 ദിവസം ശേഷിക്കെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും നടത്തിയ വാഗ്‍വാദം വളരെ തണുത്ത പ്രതികരണമാണ് വോട്ടർമാർക്കിടയിൽ സൃഷ്ടിച്ചത്. സങ്കീർണമായ പ്രശ്നങ്ങൾ വളരെ നിസ്സാരമായി പരിഹരിക്കാമെന്ന നിർദേശങ്ങൾ വലിയ ഫലിതങ്ങളായി അനുഭവപ്പെട്ടു.  ജോലി ചെയ്യുന്ന മാതാക്കൾ തങ്ങളുടെ കുട്ടികളെ നോക്കുന്നവർക്ക് അവരുടെ വരുമാനത്തിന്റെ 7% ൽ കുറവ് മാസവേതനം നൽകിയാൽ മതി എന്നായിരുന്നു ഒരു നിർദേശം. ഇപ്പോൾ കുട്ടികളെ നോക്കുന്നവർക്ക് പ്രതിമാസം നൽകുന്ന തുകയുടെ ബാക്കി ആര്, എപ്പോൾ നൽകും എന്ന് നിർദേശമുണ്ടായില്ല.

മരുന്നുകളുടെ വില ഉയർന്ന് തന്നെ നില്ക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഈ രണ്ട് ലോബിയിസ്റ്റുകൾ വീതം ഓരോ കോൺഗ്രസംഗത്തെയും വലയം ചെയ്തു നില്പുണ്ട് എന്ന് വെളിപ്പെടുത്തലുണ്ടായി. മരുന്നുകളുടെ വില നിയന്ത്രിക്കുവാൻ അവയുടെ നിർമ്മാണം ഗവൺമെന്റ് ഏജൻസികൾ ഏറ്റെടുക്കണം എന്ന് നിർദേശമുണ്ടായി. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്നോ തൊഴിൽ നഷ്ടപ്പെടുന്ന മില്യൻ കണക്കിന് ജീവനക്കാരുടെ പുനരധിവാസം എങ്ങനെ നടപ്പാക്കുമെന്നോ വിശദീകരണം ഉണ്ടായില്ല.

ഏതാണ്ട് 30 വർഷം മുൻപ് നടപ്പിലാക്കിയ നാഫ്റ്റ പരാജയമായിരുന്നു എന്ന് ഏതാണ്ട് എല്ലാ സ്ഥാനാർത്ഥികളും സമ്മതിക്കുകയും ഈ കരാറി(നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് അഗ്രിമെന്റ്)ൽ മാറ്റം വരുത്തണമെന്ന് പറയുകയും ചെയ്തു. വേദിയിൽ ഉണ്ടായിരുന്നവർ ഇത്രയും വർഷം പല അധികാരസ്ഥാ നങ്ങളിൽ ഉണ്ടായിരുന്നപ്പോൾ കരാറിനെക്കുറിച്ച് മൗനം പാലിച്ചു എന്ന വസ്തുത ചൂണ്ടിക്കാട്ടാൻ ഡിബേറ്റ് നിയന്ത്രിച്ചവർക്ക് കഴിഞ്ഞില്ല.

തങ്ങൾ ഉന്നയിക്കുന്ന പദ്ധതികളെയോ നിർദേശങ്ങളെയോ കുറിച്ചുപോലും കാര്യമായ ഗൃഹപാഠം നടത്താതെയാണ് സ്ഥാനാർത്ഥികൾ പ്രസിഡൻഷ്യൽ ഡിബേറ്റിനെത്തിയത് എന്ന് ആരോപണമുണ്ട്.

സ്ഥാനാർത്ഥികളിൽ മുന്നിൽ നില്ക്കുന്നവരായി അഭിപ്രായ സർവേകൾ കണ്ടെത്തിയ മുൻ വൈസ് പ്രസിഡന്റ് ബൈഡനും സെനറ്റർമാരായ ബേണി സാൻഡേഴ്സും എലിസബെത്ത് വാറനും കൂടുതൽ ചോദ്യങ്ങൾ നേരിട്ടു. സെന. ഏമി ക്ലോ ബുഷറും സൗത്ത് ബെൻഡ് മുൻ മേയർ പീറ്റ്ബട്ടീജും വ്യവസായ പ്രമുഖൻ ടോം സ്റ്റായറും സമചിത്തതയോടെ ചോദ്യങ്ങൾ നേരിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com