ADVERTISEMENT

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി) ∙ സര്‍വ ജനങ്ങള്‍ക്കും ഉണ്ടാകുവാനുള്ള മഹാസന്തോഷമാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ബത്‍ലഹേമില്‍ കൊണ്ടാടപ്പെട്ടതെന്നും യേശു, ഇമ്മാനുവേല്‍ എന്നീ പേരുകള്‍ ക്രിസ്മസ് ആഘോഷിക്കുന്ന അവസരത്തില്‍ അർഥപൂര്‍ണ്ണമാണെന്നും ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് ഡോ. സി.വി. മാത്യു അനുസ്മരിച്ചു. യേശു എന്ന നാമം  മനുഷ്യസഹജമായ പാപാവസ്ഥയില്‍നിന്നും നമ്മെ രക്ഷിക്കുന്നതിനും  ഇമ്മാനുവേല്‍ അഥവാ ദൈവം നമ്മോടുകൂടെ എന്ന പേര് അനിശ്ചിതത്വവും ഭീതിയും നിറഞ്ഞ ഈ കാലഘട്ടത്തെ അതിജീവിക്കുന്നതിനും പര്യാപ്തമാണെന്നും  ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ് നവവത്സരാഘോഷത്തില്‍ മുഖ്യാതിഥിയായി നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

bcmc-xmas-2

ക്രിസ്മസ് അഥവാ, തിരുപ്പിറവി ഏറ്റവും സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ഉത്സവമാണ്. കേവലം ഒരു ദിവസംകൊണ്ട് തീരുന്ന ഒരാഘോഷം മാത്രമല്ല തിരുപ്പിറവി.  സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സന്ദേശമറിയിക്കുന്ന ഒരു കാലയളവ്. ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ച മാഹാ സന്തോഷം കൊണ്ടാടുന്ന അവസരമാണിത്. ശ്രുതി മധുരമായ ഗാനങ്ങള്‍ കേള്‍ക്കുക, സ്നോഹത്തോടെ സൗഹാര്‍ദ്ദം പങ്കുവെയ്ക്കുക, സമ്മാനങ്ങള്‍ പങ്കുവെയ്ക്കുക, കുടുംബങ്ങളായും സുഹൃത്തുക്കളായും സമൂഹമായുമൊക്കെ കൂടിവരിക, സ്നേഹവിരുന്നുകളില്‍ പങ്കെടുക്കുക തുടങ്ങിയവയെല്ലാം ഈ ഉത്സവത്തിന്‍റെ ഭാഗമാണ്. അങ്ങനെ തിരുപ്പിറവിയും അതോടൊപ്പമെത്തുന്ന പുതവത്സരാഘോഷങ്ങളും നമുക്കെന്നും പ്രചോദനം തരുന്ന അവസരമാണെന്നുള്ളതില്‍ സംശയമില്ല. 

bcmc-xmas-3

2020 ലേക്കു പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍, അമേരിക്ക എന്നു മാത്രമല്ല, ലോകം മുഴുവന്‍ പലവിധമായ പ്രശ്നങ്ങളാല്‍ ചഞ്ചലപ്പെട്ടിരിക്കുന്ന ഈ കാലയളവില്‍,  ഭാവിയില്‍  എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് ആകുലപ്പെടുന്ന ഈ അവസരത്തില്‍ നമുക്കുള്ള ഏക പ്രത്യാശ, ഇമ്മാനുവേല്‍, ദൈവം നമ്മോടുകുടെ എന്നുള്ളത് മാത്രമാണ്. അതുകൊണ്ട് പുതുവര്‍ഷത്തില്‍ നമുക്കു മുറുകെപ്പിടിക്കുവാനുള്ളത് ഈ രണ്ടു പേരുകള്‍ മാത്രമാണ്. യേശു, ഇമ്മാനുവേല്‍ എന്നിവ. പാപ പങ്കിലമായ നമ്മുടെ സ്വഭാവത്തെ രൂപാന്തിരപ്പെടുത്തി നമ്മെ രക്ഷിക്കുന്നവനായ യേശു,  ജീവിതം അനിശ്ചിതമാണെന്നു തോന്നുന്ന അവസരങ്ങളില്‍  എന്നും എന്നേക്കും നമ്മോടുകൂടെ ഉള്ളവനായ ഇമ്മാനുവേല്‍ നമുക്കായി ജനിച്ചുവെന്ന  ക്രിസ്മസിന്‍റെ ഈ മഹാ സന്തോഷം നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

bcmc-xmas-4

ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ദൈവാലയത്തില്‍ നടന്ന ആഘോഷങ്ങള്‍ റവ. ഫാ. ബാബു കെ. മാത്യുവിന്‍റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ചു. ആലിസന്‍ തര്യന്‍ വേദഭാഗം വായിച്ചു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ആലിസന്‍ മലയാളം ബൈബിളില്‍ നിന്നും പാഠം വായിച്ചത് എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രീഭവിച്ചു. റവ. പ്രകാശ് ജോണ്‍ മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു. ഫെലോഷിപ്പ് പ്രസിഡന്‍റ് എഡിസന്‍ മാത്യു സ്വാഗതം ആശംസിച്ചു. സി. എസ്. രാജു ബിഷപ്പ് ഡോ. സി.വി. മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തി. ബി.സി.എം.സി. ഫെലോഷിപ്പ്, സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് യോങ്കേഴ്സ്, സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ്ലാന്‍ഡ് പാര്‍ക്ക്, സെന്‍റ് തോമസ് ഇവാ‍ഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബ്ളോവെല്‍റ്റ്, ന്യൂയോര്‍ക്ക് എന്നീ ഗായകസംഘങ്ങള്‍ ശ്രുതിമധുരമായ ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. 

bcmc-xmas-5

സാധക മ്യൂസിക്ക് സ്കൂള്‍ ഡയറക്റ്റര്‍ കെ. ഐ. അലക്സാണ്ടര്‍ ആലപിച്ച ഗാനവും ആസ്വാദ്യമായിരുന്നു. ബിസിഎംസി ഫെലോഷിപ്പ് വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ജോസഫ് ഫെലോഷിപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്തോത്രകാഴ്ചക്ക് നന്ദി കരേറ്റി പാസ്റ്റര്‍ പോള്‍ ജോണ്‍ പ്രാർഥനയര്‍പ്പിച്ചു. ഫെലോഷിപ്പിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ മോഡയില്‍ കൃതജ്ഞത രേഖപ്പെടുത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ വര്‍ഗീസ് പ്ലാമ്മൂട്ടില്‍ സദസ്സിനു പരിചയപ്പെടുത്തുകയും അഭിവന്ദ്യ ബിഷപ്പ്  ഡോ. സി.വി. മാത്യു അവരെ അനുമോദിച്ചു സംസാരിക്കുകയും പ്രത്യേകമായി  പ്രാർഥിക്കുകയും ചെയ്തു. ബിസിഎംസി ഫെലോഷിപ്പ് സെക്രട്ടറി അജു തര്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു. സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ഫാ. എല്‍ദേസ് കെ.പി. സമാപന പ്രാര്‍ത്ഥന നടത്തി. ഫെലോഷിപ്പ് ഡിന്നറോടെ ക്രിസ്മസ്–ന്യൂഇയര്‍ ആഘോഷങ്ങള്‍ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com