ADVERTISEMENT

ന്യൂയോർക്ക് ∙ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളിൽ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും ബില്യണയറും മുൻ ന്യൂയോർക്ക് മേയറുമായ മൈക്കേൽ ബ്ലൂം ബെർഗും ടെക്സസിലെ പ്രചരണം കൊഴുപ്പിക്കുകയാണ്. ബൈഡൻ സംസ്ഥാനത്ത് പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുകയും പലയിടത്തും പ്രചാരണ ഓഫീസുകൾ തുറക്കുകയും ചെയ്തു.

വൈകി മത്സര രംഗത്തെത്തിയ ബ്ലൂം ബെർഗ് സൂപ്പർ ട്യൂസ്ഡേയിൽ (മാർച്ച് 3ന്) നടക്കുന്ന പ്രൈമറികളിലാണ് പ്രചാരണം കേന്ദ്രീകരിക്കുന്നത്.  ഡെമോക്രാറ്റിക് പാർട്ടിയിൽ ഇത്തവണ സൂപ്പർ ഡെലിഗേറ്റ്സ് ഇല്ലാത്തതിനാൽ പാർട്ടി ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്ക് ആരും വലിയ വില കൽപിക്കുന്നില്ല.

ആദ്യ മത്സരങ്ങൾ ഒഴിവാക്കി പിന്നീടുള്ള പ്രൈമറികളിൽ നിന്ന് നോമിനേഷന് ആവശ്യമായ ഡെലിഗേറ്റുകളെ നേടാനാവുമോ എന്ന തന്ത്രമാണ് ബ്ലൂം ബെർഗ് പരീക്ഷിക്കുന്നത്.  2008–ൽ മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനി അയോവ, ന്യൂഹാംഷെയർ പ്രൈമറികൾ ഒഴിവാക്കി ഫ്ലോറിഡയിൽ പ്രചരണം കൊഴുപ്പിച്ചുവെങ്കിലും നേട്ടം ഉണ്ടായില്ല. മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടിയും വന്നു.

എന്നാൽ ബ്ലൂം ബെർഗിന്റെ പ്രചeരണം വർധിത വീര്യത്തോടെയാണ്. ടെക്സസിലെ അതിർത്തി നഗരമായ അൽപാസോ മേഖലയിൽ സാധാരണ പ്രസിഡന്റ്  സ്ഥാനാർത്ഥികൾ ആരും കാര്യമായ പ്രചരണത്തിന് മുതിരാറില്ല. ബ്ലൂം ബെർഗ് ഇവിടെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഓഫീസുകൾ തുറന്ന് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.

ഡാലസ് മോണിങ് ന്യൂസ് ജനുവരി 21–30 ദിനങ്ങളിൽ നടത്തിയ സർവേയിൽ ബൈഡന് 35% വും സാന്റേഴ്സിന് 18%വും ബ്ലൂം ബെർഗിന് 15%വും പിന്തുണയാണ് കണ്ടെത്തിയത്. സെനറ്റർ ബേണി സാന്റേഴ്സിന് പിന്നീട് അയോവയിലും ന്യൂഹാംഷെയറിലും ലഭിച്ച പിന്തുണ അനുസരിച്ച് ജനപ്രീതി കൂടിയിട്ടുണ്ടാകാം. എന്നാൽ ഗർഭച്ഛിദ്രത്തെ താൻ അനുകൂലിക്കുന്നില്ല, അനുകൂലിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ല എന്ന സാന്റേഴ്സിന്റെ പ്രസ്താവന പ്രബലമായ ഒരു ന്യൂനപക്ഷത്തെ അദ്ദേഹത്തിൽ നിന്ന് അകറ്റി നിർത്താൻ സാധ്യതയുണ്ട്. 

മുൻ മാസച്യൂസറ്റ്സ് ഗവർണർ ഡേവൽ പാട്രിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാനുള്ള തന്റെ ഉദ്യമം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. അയോവ വേണ്ടെന്ന് വച്ച് പൂർണ ശ്രദ്ധയും ന്യൂഹാംഷെയർ പ്രൈമറിക്ക് ഡേവൽ നൽകിയെങ്കിലും അവിടെ ആകെ ലഭിച്ചത് 1,200 വോട്ടുകളാണ്. കഴിഞ്ഞ വർഷത്തെ അവസാന 6 ആഴ്ചകളിൽ പ്രചരണത്തിന് ശേഖരിച്ചതും വളരെ കുറവായിരുന്നു. 2.2 മില്യൻ ഡോളർ. സ്ഥാനാർത്ഥിക്കുവേണ്ടി ഉണ്ടാക്കിയ പിഎസിയും അത്രയും തുക സമാഹരിച്ചു. ഡേവലിനൊപ്പം മറ്റ് രണ്ട് സ്ഥാനാർത്ഥികൾ കൂടി രംഗം ഒഴിയുകയാണെന്ന് അറിയിച്ചു.

സാന്റേഴ്സ് ന്യൂഹാംഷെയറിൽ വിജയിച്ചുവെങ്കിലും ഇത്തവണ 2 പോയിന്റുകളുടെ മേൽക്കൈ മാത്രമാണ ്ഉണ്ടായത്. മറ്റ് സ്ഥാനാർത്ഥികളായ പീറ്റ് ബട്ടീജ്, ഏമി ക്ലോബുഷർ, ജോ ബൈഡൻ എന്നിവർ മൊത്തത്തിൽ സാന്റേഴ്സിനെക്കാൾ കൂടുതൽ –50% ൽ അധികം വോട്ടുകൾ നേടി. ഭൂരിപക്ഷം പേരും സാന്റേഴ്സിന് നോമിനേഷൻ ലഭിക്കണമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാണ്. എന്നാൽ മറ്റ് സ്ഥാനാർഥികൾക്ക് തങ്ങളുടെ പിന്തുണ ഘനീഭവിപ്പിക്കുവാൻ  കഴിഞ്ഞില്ലെങ്കിൽ  സാന്റേഴ്സിന് നോമിനേഷൻ ലഭിക്കുവാൻ വലിയ സാധ്യതയുണ്ട്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2008 ലെ പ്രചരണ ഉപദേഷ്ടാവ് ബെൻ ലാബോൾട്ട് പറഞ്ഞു.

വളരെ വ്യത്യസ്തമായ വോട്ടർമാരുള്ള സംസ്ഥാനങ്ങളിലേയ്ക്കാണ് ഡെമോക്രാറ്റിക് പ്രൈമറികൾ നീങ്ങുന്നത്. മുൻപ് ഈ ഘട്ടത്തിൽ മുന്നിൽ നില്ക്കുന്ന സ്ഥാനാർത്ഥിക്ക് 35% പിന്തുണ ഉണ്ടായിരുന്നു. ഇപ്രാവശ്യം ഇങ്ങനെ സംഭവിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com