ADVERTISEMENT

ഹൂസ്റ്റന്‍ ∙ ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020-ലെ ഫെബ്രുരി സമ്മേളനം ഒൻപതിന് ഞായറാഴ്ച വൈകിട്ട് മൂന്നിന് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്ററന്‍റില്‍ നടന്നു. ജോര്‍ജ് മണ്ണിക്കരോട്ടിന്‍റെ ഹൃസ്വമായ ഉപക്രമത്തോടെ സമ്മേളനം ആരംഭിച്ചു. ജോണ്‍ കുന്തറ അവതരിപ്പിച്ച അഭയാർഥികള്‍ എന്ന പ്രബന്ധവും സുകുമാരന്‍ നായര്‍ അവതരിപ്പിച്ച തിരുവള്ളുവരുടെ തിരുക്കുറള്‍ (കുറള്‍) എന്ന വിഷയത്തിന്‍റെ അവലോകനവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. എ.സി. ജോര്‍ജ് മോഡറേറ്ററായി ചര്‍ച്ച നിയന്ത്രിച്ചു. 

ആദ്യം ജോണ്‍ കുന്തറ അഭയാർഥികള്‍ എന്ന വിഷയം അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ അവതരണത്തില്‍ ഇന്ന് അമേരിക്കയും ഇന്ത്യയും നേരിട്ടുകൊണ്ടിരിക്കുന്ന അഭയാർഥി പ്രശ്നങ്ങളും കുടിയേറ്റ പ്രശ്നങ്ങളും പ്രധാനമായി പ്രതിഫലിച്ചു. അനധികൃത കുടിയേറ്റവും അഭയാർഥി പ്രശ്നങ്ങളും രാജ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുകയും നേരിടുകയും ചെയ്യേണ്ടതിനോടൊപ്പം മനുഷ്യത്വപരമായ സമീപനം മറക്കരുതെന്നും സദസ്യര്‍ അഭിപ്രായപ്പെട്ടു. ലോകാരംഭം മുതല്‍ അഭിയാർഥി പ്രശ്നങ്ങള്‍ ഉണ്ടെന്നും ജനപ്പെരുപ്പം, യുദ്ധം, ക്ഷാമം, ജാതിമത സംഘര്‍ഷങ്ങള്‍ മുതലായ പ്രതികൂല സാഹചര്യങ്ങള്‍ അഭിയാർഥികളുടെ വർധനവിന് കാരണമാകുന്നുണ്ടെന്നും സമ്മേളനത്തില്‍ മുഴങ്ങികേട്ടു. വിഷയം സമഗ്രമായ ചര്‍ച്ചയ്ക്ക് വിധേയപ്പെട്ടു.

 

Malayalam-Society1

തുടര്‍ന്ന് തമിഴ് ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യമുള്ള സുകുമാരന്‍ നായര്‍ തിരുവള്ളുവരുടെ തിരുക്കുറളിനെ (കുറള്‍) ആസ്പദമാക്കി വിഷയം അവതരിപ്പിച്ചു. തിരുക്കുറള്‍ ഏകദേശം 2000 വര്‍ഷം പഴക്കമുള്ളതായിട്ടാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരദ്ധ്യായത്തില്‍ 10 കുറളുകള്‍ വീതം 133 അദ്ധ്യായങ്ങളും 1330 ഈരടികളുമുള്ള ഒരു ഗ്രന്ഥമാണ് തിരുക്കുറള്‍. ധര്‍മ്മം, അര്‍ത്ഥം, കാമം/ഇമ്പം എന്ന് മൂന്നു ഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഇതിന്‍റെ രചന നിര്‍വഹിച്ചിട്ടുള്ളത്. 

തിരുക്കുറളിലെ ആദ്യത്തെ രണ്ടു ഭാഗങ്ങളായ ധര്‍മ്മം, അർഥം എന്നീ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത 6 കുറളുകളെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണം തുടര്‍ന്നു. 

‘മരുന്തെന വേണ്ടാവോം യാകൈക്ക്

അരുന്തിയത് അറ്റത് പോറ്റി ഉണിന്‍’ –(ഗ.942) 

സാരം: നേരത്തെ കഴിച്ച ആഹാരം നന്നായി ദഹിച്ചതിനുശേഷം മാത്രമേ അടുത്ത ആഹാരം കഴിക്കാവു. ആഹാരരീതി ക്രമീകരിച്ചും നിയന്ത്രിച്ചും എങ്ങനെ ആരോഗ്യം കാത്തുസൂക്ഷിക്കാം എന്നതാണ് അന്തസത്ത. മറ്റുകുറളുകളെക്കുറിച്ചും സുകുമാരന്‍ നായര്‍ വിവരിച്ചത് സദസ്യര്‍ക്ക് ഒരു പുതിയ അനുഭവമായി. ധര്‍മ്മം, അർഥം, കാമം എന്നിവയെക്കുറിച്ച് തിരുക്കുറള്‍ പറയുന്നുണ്ടെങ്കിലും മോക്ഷത്തെക്കുറിച്ച് പറയുന്നില്ല. തിരക്കുറള്‍ യാതൊരു മതത്തേയും പരാമര്‍ശിക്കുന്നില്ല എന്നതും യാതൊരു മതത്തിന്‍റെയും വക്താവല്ലെന്നുള്ളതും പ്രത്യേകതയായി തോന്നി.                          

സമ്മേളനത്തില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ആന്‍റണി അഗസ്റ്റിന്‍, ജെയിംസ് ജോസഫ്, റെവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, ജോയി ചെഞ്ചേരില്‍, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.എന്‍. സാമുവല്‍, ജോസഫ് നടയ്ക്കല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, ടി. ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു. 

പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത പറഞ്ഞു. അടുത്ത സമ്മേളനം 2020 മാര്‍ച്ച്  രണ്ടാം ഞായറാഴ്ച (മാര്‍ച്ച് 8) നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950,  ജി. പുത്തന്‍കുരിശ് 281 773 1217.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com