ADVERTISEMENT

ഹൂസ്റ്റണ്‍∙ മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയുടെ സംപ്രേഷണം രണ്ടു ദിവസത്തേക്കു നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത അപലപനീയമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്ട്, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന നടപടി അത്യന്തം ഖേദകരമാണ്. 

മാധ്യമങ്ങളെ അധികാരവര്‍ഗ്ഗം ഭയക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സംപ്രേഷണം തടഞ്ഞ നടപടി. ഇത്തരം മാധ്യമ ഹിംസാ നടപടികളോട് കടുത്ത ഭാഷയില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുവെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതിന്റെ വിദ്വേഷം എന്ന നിലയ്ക്കാണു കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രതികാരനടപടി. സത്യസന്ധമായ  മാധ്യമപ്രവര്‍ത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തവര്‍ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്റെ കണ്ണീര്‍ചിത്രങ്ങള്‍ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

ബിജെപി ഭരണകൂടത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതു കുറ്റമായാണു വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ചാനലുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തിനു നേരേ ഉയരുന്ന വാളാണ്. ഇത്തരത്തില്‍ അധികാരവര്‍ഗ്ഗത്തെ ഭയപ്പെട്ടുകൊണ്ടു മാധ്യമപ്രവര്‍ത്തനം നടത്തുകയെന്നത് ഇന്ത്യന്‍ ഭരണഘടനയോടുള്ള ശക്തമായ വെല്ലുവിളിയാണ്.

ഇതിനെതിരെ തൂലികയാകുന്ന പടവാളേന്തുവാന്‍ മുഴുവന്‍ മാധ്യമങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടിയിരിക്കുന്നു. വിലക്ക് പോലെയുള്ള സ്വേച്ഛാധിപത്യ നടപടികളെടുക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ഇല്ലാതാക്കുകയും ഇത്തരം തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന അധികാര കോമാളികള്‍ക്കെതിരേ സമരായുധമെടുക്കണമെന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com