ADVERTISEMENT

കൊറോണ പടർന്നതിനാലായിരിക്കാം കഴിഞ്ഞ ചില മാസങ്ങളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ തമ്മിലുള്ള വാക്പോര് കുറച്ച് ശാന്തമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ എതിരാളിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെ കുറിച്ചുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിപ്രായങ്ങളും ബൈഡന്റെ മറുപടിയും ജനപ്രതിനിധി സഭ സ്പീക്കർ നാ‍സി പെലോസിയുടെ വിമർശനങ്ങളും തുടർന്നിരുന്നത് വിസ്മരിക്കുന്നില്ല. ഇപ്പോൾ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഒരു വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

ട്രംപ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വൈകി ഇതുമൂലമാണ് അമേരിക്കയിൽ ഇത്രയധികം മരണം സംഭവിച്ചത് എന്ന വിമർശനം ചില കോണുകളിൽ നിന്ന് ഉയർന്നിരുന്നു. രാജ്യത്തെ ആദ്യത്തെ കറുത്ത  വർഗക്കാരനായ പ്രസിഡന്റായി അറിയപ്പെടുന്ന ഒബാമ ഇതേ വിമർശനം ഹിസ്റ്റോറിക്കലി ബ്ലാക്ക് കോളേജസിന്റെ  കമൻൻസ്മെന്റ്  (ബിരുദ ദാന) ചടങ്ങിൽ  പ്രസംഗിക്കവെ ശക്തമായി ഉന്നയിച്ചു.

ഒബാമയുടെ വിമർശനം തികച്ചും അനവസരത്തിലായിരുന്നു എന്ന ആരോപണവുമായി മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ സീനിയർ അഡ്‌വൈസർ കാൾ റോവ് രംഗത്തെത്തി. ഫോക്സ് ചാനലിലെ ഒരു ടോക്ക് ഷോയുടെ ആതിഥേയൻ ബ്രയാൻ കിൽമീഡും വിമർശനത്തിൽ പങ്ക് ചേർന്നു. മുൻ പ്രസിഡന്റുമാർ നിലവിലെ കമ്മാൻഡർ ഇൻ ചീഫിനെ വിമർശിക്കരുത് എന്ന നിയമമാണ് മുൻ പ്രസിഡന്റ് ലംഘിച്ചത്. ഒരു കമൻസ്മെന്റ് സെറിമണിയിൽ അടുത്ത തലമുറിയലെ ബിരുദധാരികൾക്ക് പ്രചോദനം നൽകുകയാണ് വേണ്ടത്. ഒബാമ പ്രസിഡന്റ് ബുഷ് ജൂനിയറിനെയും റോവിനെയും വിമർശിച്ചിരുന്നു. ഹിസ്റ്റോറിക്കലി ബ്ലാക്ക് കോളേജ്സ് ആന്റ് യൂണിവേഴ്സിറ്റീസിന്റെ ഒരു ചടങ്ങ് ഒരു പൊളിറ്റിക്കൽ ഡ്രൈവ് ബൈ ഷൂട്ടിംഗ് ആക്കി മാറ്റിയതായി റോവ് ആരോപിച്ചു. ബിരുദധാരികളോട് ജീവിതം കൊണ്ടുവരുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സംസാരിക്കേണ്ടിയിരുന്നത് റോവ് പറഞ്ഞു.

റോവിന്റെ പൊളിറ്റിക്കൽ ഡ്രൈവ് ബൈ ഷൂട്ടിങ് ഉടനെ തന്നെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ചില വിമർശകർ വളരെ മോശമായി പ്രതികരിച്ചു. മുൻ ഒബാമ വക്താവ് ടോമി വിക്ടർ റോവ് ഈ വാക്കുകൾ മനഃപ്പൂർവം തിരഞ്ഞെടുത്തതാണെന്ന് പറഞ്ഞു. ഗൺ വയലൻസ് അവഗണിക്കുന്ന ഫോക്സ് ന്യൂസ് റോവിനെ പോലെയുള്ള ആളുകളുടെ വർഗീയ വിരോധവും ഒബാമയെ പൊലീസ് ചെയ്യുവാൻ അനുവദിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചു.

ഒബാമയും മുൻ പ്രഥമ വനിത മിഷെലും ഈയിടെയായി അമേരിക്കൻ രാഷ്ട്രീയത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത് മിഷെലിനെ ബൈഡന്റെ റണ്ണിംഗ് മേറ്റ് (വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി) ആക്കാൻ വേണ്ടി ആയിരിക്കണം എന്ന് ചിലർ ഉറക്കെ ചിന്തിച്ചു. മറ്റു ചിലർ ബൈഡൻ പ്രസിഡന്റായാൽ മിഷെലിന് ക്യാബിനറ്റിൽ ഒരു സ്ഥാനം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. മറ്റൊരു കൂട്ടർ അത്ര ദൂരമല്ലാത്ത ഭാവിയിലെ ഒരു തിരക്കഥ മെനഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചാൽ ഒന്നാം ഊഴത്തിനു ശേഷം ആരോഗ്യപരമായ പരിമിതികളാൽ 2024ൽ ഒരു രണ്ടാം ഊഴത്തിന് ശ്രമിക്കുക പ്രയാസമാണ്. മിഷെൽ 2024 ലോ 2028 ലോ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി രംഗത്തെത്തും എന്ന് ഇവർ പറയുന്നു. 

ഒബാമയ്ക്കോ ബൈഡനോ എതിരെ ക്രിമിനൽ അന്വേഷണത്തിന്റെ സാധ്യത താൻ കാണുന്നില്ല എന്ന അറ്റേണി ജനറൽ വില്യം ബാറിന്റെ പ്രസ്താവനയോട് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. ഞാനായിരുന്നെങ്കിൽ അവർ അത് ചെയ്യുമായിരുന്നു. അവരായതുകൊണ്ട് ചെയ്യുന്നില്ല. എനിക്ക് അത്ഭുതം തോന്നുന്നു. കാരണം സംഭവിച്ചുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും ഒബാമ അറിഞ്ഞിരുന്നു. ഇത് ഒരു ഡബിൾ സ്റ്റാൻഡേർഡിന്റെ തുടർച്ചയാണ്. എനിക്കതിൽ അത്ഭുതം തോന്നുന്നു,  പ്രസിഡന്റ് പറഞ്ഞു. യുഎസ് അറ്റേണി ജോൺ ഡർഹാമിന്റെ റഷ്യൻ അന്വേഷണം എഫ്ബിഐ തീരുമാനം എന്നിവ ഒബാമയ്ക്കോ ബൈഡനോ എതിരെ ക്രിമിനൽ അന്വേഷണത്തിൽ കലാശിക്കുമെന്നു താൻ പ്രതീക്ഷിക്കുന്നില്ല എന്നാണ് ബാർ  പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com