ADVERTISEMENT

ഹൂസ്റ്റണ്‍ ∙ അമേരിക്കയില്‍ പിടിതരാതെ കുതിക്കുകയാണ് കോവിഡ് 19 എന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ കേസുകള്‍ വർധിച്ചതോടെ പകര്‍ച്ചവ്യാധി പിടിപ്പെട്ടവരുടെ എണ്ണം പതിനാറേകാല്‍ ലക്ഷമായി. മരണം, 96,527 ആയി ഉയർന്നു. ഗുരുതരാവസ്ഥയിലുള്ളത് പതിനെണ്ണായിരത്തോളം പേരാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ ഏതു മരുന്ന് ഉപയോഗിക്കണമെന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മലേറിയക്കെതിരേയുള്ള മരുന്ന് ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുമ്പോള്‍, ഇത് അതീവ ദോഷകരമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു കഴിഞ്ഞു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രോത്സാഹിപ്പിച്ച മലേറിയ മരുന്നുകളായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നിവ കൊറോണ വൈറസ് രോഗികളെ സഹായിച്ചില്ലെന്നും ദോഷം വരുത്തിയിട്ടുണ്ടാകാമെന്നുമാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. മരുന്ന് ലഭിച്ച ആളുകള്‍ക്ക് അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇവര്‍ മരിക്കാനുള്ള സാധ്യതയും കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ നിന്നാണ് ഈ മരുന്നുകള്‍ കൂടുതലായും ഇറക്കുമതി ചെയ്തത്. ഇതിപ്പോഴും ഫെഡറല്‍ വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊറോണ ടാസ്‌ക്ക് ഫോഴ്‌സിനെ നിര്‍ജീവമാക്കിയതും. തുടര്‍ന്നാണ്, മന്ദഗതിയിലേക്ക് നീങ്ങിയ വൈറസ് വ്യാപനം വീണ്ടും ശക്തിയാര്‍ജ്ജിച്ചതും.

വൈറസ് ബാധ തടയുമെന്ന പ്രതീക്ഷയിലാണ് താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എടുക്കുന്നതെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇത് ഉപയോഗിക്കുന്നതു സംബന്ധിച്ചു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്, ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിട്ടാണ് മിക്ക ആശുപത്രികളും വൈറസ് രോഗികള്‍ക്കു ഈ മരുന്ന് നല്‍കിയത്. ഈ മരുന്നു കൊടുത്തതിനു ശേഷമാണോ പലര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. പ്രസിഡന്റ് ഈ മരുന്നിനെ കാര്യമായി പ്രമോട്ട് ചെയ്തതാണ് ആരോഗ്യവിദഗ്ധരെയും ആശങ്കയിലാക്കിയത്. കഴിഞ്ഞ ദിവസം കൂടി, ഈ മരുന്നു താന്‍ നിത്യേന കഴിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

 

ലോകമെമ്പാടുമുള്ള 671 ആശുപത്രികളില്‍ നിന്നുള്ള 96,032 കൊറോണ വൈറസ് രോഗികളില്‍ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഈ നിരീക്ഷണ പഠനങ്ങള്‍ക്ക് മുന്‍പ് മരുന്നിന്റെ സുരക്ഷയെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും കൃത്യമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതാണ്, രാജ്യത്തെ കൂടുതല്‍ പകര്‍ച്ചവ്യാധി പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും മെഡിക്കല്‍ രംഗത്തുള്ളവര്‍ വിമര്‍ശിക്കുന്നു. ട്രംപ് ഈ മരുന്നിനു നല്‍കിയ പ്രമോഷനെ മെഡിക്കല്‍ വിദഗ്ധരും കാര്യമായി വിമര്‍ശിച്ചിരുന്നു. 

അതേസമയം, കൊറോണ വൈറസിനെതിരേ ലോകമെമ്പാടും നിരവധി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നു. വാക്‌സിന്‍ കുത്തിവയ്പ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷം രോഗപ്രതിരോധ ശേഷി വര്‍ദ്ധിച്ചതായും കോവിഡിനെ പ്രതിരോധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. പാന്‍ഡെമിക് അവസാനിപ്പിക്കുന്നതിനും രാജ്യം വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിനുമുള്ള ഏറ്റവും മികച്ച ദീര്‍ഘകാല പരിഹാരമായി പുതിയ കൊറോണ വാക്‌സിന്‍ കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള നൂറോളം ടീമുകള്‍ വിവിധ വാക്‌സിനുകള്‍ പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് വികസിപ്പിക്കുന്ന വാക്‌സിന്‍ കൂടുതല്‍ ഉയര്‍ന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ട് ആളുകളില്‍ നിന്നുള്ള ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍എന്‍എ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തിങ്കളാഴ്ച വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനിയായ മോഡേണ പ്രഖ്യാപിച്ചു. എന്നാല്‍, ഈ വാക്‌സിനേഷന്‍ എത്രമാത്രം ഫലപ്രദമാകുമെന്നും കണ്ടറിയണം. പ്രായപൂര്‍ത്തിയായവര്‍ക്കും, ശിശുക്കള്‍ക്കും ഇത് ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുമോയെന്ന അന്വേഷണത്തിലാണ് ആരോഗ്യരംഗം. ഡോസ് നിര്‍ണയിക്കുമ്പോള്‍ തന്നെ ഇപ്പോഴും അമേരിക്കന്‍ ഫ്‌ലൂവിനെതിരേയുള്ള നിര്‍ബന്ധിത വാക്‌സിന്‍ പോലുമെടുക്കാന്‍ പലരും തയ്യാറാവുന്നില്ലെന്നും പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഈ ആഴ്ച, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തത് വാക്‌സിന്‍ പ്രയോഗം കാര്യക്ഷമമാകുമോയെന്ന് ഉറപ്പില്ലെന്നാണ്. മിഷിഗണ്‍ സംസ്ഥാനത്തെ ശിശുക്കളിലെ കുട്ടിക്കാല പ്രതിരോധ കുത്തിവയ്പ്പുകളുടെ വാക്‌സിന്‍ കവറേജ് നിരക്ക് 50 ശതമാനത്തില്‍ താഴെയാണ്. പാന്‍ഡെമിക് ലോക്ക്ഡൗണിന്റെ ആറ് ആഴ്ച കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 63 ശതമാനം കുറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് സിറ്റിയും പ്രഖ്യാപിച്ചു. ഇത്തരം കണക്കുകള്‍ പുറത്തു വരുന്നതാണ് കോവിഡ് വാക്‌സിന്റെ ഉപയോഗത്തെയും പ്രതിസന്ധിയിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com