ADVERTISEMENT

കാല്‍ഗറി ∙ നൂറുവര്‍ഷത്തില്‍പ്പരം പാരമ്പര്യമുള്ള കാല്‍ഗറി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിൽ ഒരു ദശാബ്ദമായി റണ്‍ റൈഡേഴ്‌സ്  മലയാളി ക്ലബ് കേരളീയ സാന്നിധ്യം നിലനിര്‍ത്തിപ്പോരുന്നു. കാല്‍ഗറിയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ ചേർത്ത് ഫാ. ജിമ്മി പുറ്റനാനിക്കല്‍ "കാല്‍ഗറി റണ്‍ റൈഡേഴ്‌സ്' 2012-ലാണ് തുടക്കമിടുന്നത്. അതിനുമുമ്പ് "സതേണ്‍ ചാര്‍ജേഴ്‌സ്' എന്ന പേരില്‍ ജോ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം സി & ഡിസിഎല്‍ വീക്ക്‌ഡേ ലീഗില്‍ കളിച്ചിരുന്നു.

സി & ഡിസിഎല്‍ ലീഗ് കളിക്കാന്‍ മിനിമം ആവശ്യമായ ഒമ്പത് കളിക്കാരെ ചേര്‍ത്ത് രൂപീകരിച്ച മലയാളി ടീം ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകള്‍ താണ്ടി ഇന്നു 35 പേരും, 2 ടീമുകളുമായി (ആല്‍ഫ & ബീറ്റ) പടര്‍ന്നു പന്തലിക്കുമ്പോഴും മലയാളത്തിന്റെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുപോരുന്നു. 

കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പൊടുന്നനെ റണ്‍ റൈഡേഴ്‌സ് മറ്റു ടീമുകളുടെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റി. 2015-ല്‍  ക്രൗണ്‍ സി.സി (ക്രിക്കറ്റ് ക്ലബ്) ക്ഷണം സ്വീകരിച്ച് "ക്രൗണ്‍ റണ്‍ റൈഡേഴ്‌സ്' എന്ന പേരില്‍ സി & ഡിസിഎല്‍ പ്രൊഫഷണല്‍ ലീഗ് മത്സരങ്ങള്‍ കളിച്ചുതുടങ്ങി. പിന്നീട് 2019-ല്‍ "കാല്‍ഗറി ക്രിക്കറ്റ് അക്കാഡമി' (സി.സി.എ) ക്ലബില്‍ ചേരുകയും, തുടര്‍ന്ന് രണ്ട് ടീമുകളായി ടി 20യും, 35ഉം, 50ഉം കളിക്കുകയുണ്ടായി. 

2020-ല്‍ വീണ്ടും രണ്ടു ടീം ആയി ഇറങ്ങി ഉയരങ്ങളുടെ അടുത്തപടി എത്തിപ്പിടിക്കാന്‍ ഇറങ്ങിയ റണ്‍ റൈഡേഴ്‌സിനു മുന്നില്‍ കോവിഡ് മഹാമാരി മാര്‍ഗതടസമായി. മൂന്നു ടീമുകള്‍ അടങ്ങുന്ന ടി20 മിനി ലീഗായി മത്സരങ്ങള്‍ ചുരുങ്ങിയിട്ടും ഗ്രൂപ്പ് ലീഡേഴ്‌സ് ആയി അടിപതറാതെ ടീം ആല്‍ഫയും, ബീറ്റയും മുന്നോട്ടു കുതിക്കുന്നു. 

2020 ജനുവരിയില്‍ കാല്‍ഗറി - മക്കോള്‍ എംഎല്‍എ ഇര്‍ഫാന്‍ സാബിര്‍, കാല്‍ഗറി സിറ്റി കൗണ്‍സില്‍ അംഗമായ ജോര്‍ജ് ചൗഹാല്‍ എന്നിവര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ച വാര്‍ഷിക സി & ഡിസിഎല്‍ വാര്‍ഷിക വിരുന്നു സത്കാരവും അവാര്‍ഡ് സെറിമണിയില്‍ റണ്‍ റൈഡേഴ്‌സ് ടീം അംഗങ്ങള്‍ വാരിക്കൂട്ടിയ അവാര്‍ഡുകള്‍ ടീമിന്റെ കഴിവിനും പ്രതിഭയ്ക്കും സാക്ഷ്യംവഹിക്കുന്നു. നാല്‍പ്പതോളം ടീമുകള്‍ വരുന്ന ലീഗിലെ മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ഓള്‍റൗണ്ടര്‍, മികച്ച ഫീല്‍ഡര്‍  ട്രോഫികള്‍ ഇപ്പോള്‍ കാല്‍ഗറി റണ്‍ റൈഡേഴ്‌സിനു സ്വന്തം. 

റണ്‍ റൈഡേഴ്‌സില്‍ ചേരുവാന്‍ താത്പര്യമുള്ളവര്‍ക്കും, ക്ലബ് സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്. ജോര്‍ജ് മാത്യൂസ് (403 922 2223), സന്ദീപ് സാം അലക്‌സാണ്ടര്‍  (403 891 5194). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com