ADVERTISEMENT

വളരെ പ്രബലമായ ഒരു രാഷ്ട്രീയ പാർട്ടി. മാസങ്ങൾക്കുള്ളിൽ അധികാരം കൈയാളുമെന്ന ശക്തമായ പ്രവചനങ്ങൾ. പക്ഷേ, പാർട്ടിയുടെ ദേശീയ കൺവെൻഷന്റെ ആരംഭദിവസം വേദിയും തെരുവുകളും വിജനമാണ്. മിൽവാക്കിയിലെ വിസ്കോൺസിൽ സെന്ററിലാണ് തിങ്കളാഴ്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ചതുർവാർഷിക ദേശീയ കൺവെൻഷൻ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്.

സീക്രട്ട് സർവീസ് ഏജന്റുമാരുൾപ്പടെ കൈവിരലിലെണ്ണാവുന്ന പൊലീസുകാർ ഫെൻസിനാൽ സുരക്ഷിതമാക്കിയ വേദിയിൽ ആരും കടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു. തൊട്ടടുത്തുള്ള സ്റ്റോറുകളും ബാറുകളും വലിയ തിരക്കിന് ഒരുങ്ങിയതാണ്. ചരിത്ര പ്രസിദ്ധമായ റിവർസൈഡ് ഹാൾ തൊട്ടടുത്താണ്. പക്ഷേ, കൺസേർട്ടുകൾ ഇല്ലാതെ പൂട്ടിയിരിക്കുകയാണ്. മാസ്ക് ധരിച്ച പദയാത്രികർ ട്രാഫിക്കൊഴിഞ്ഞ തെരുവിൽ നിയമങ്ങൾ പാലിക്കാതെ നടക്കുന്നു. അൽപം അകലെയുള്ള കോർട്ട്‌യാർഡ് ബൈ മാരിയോട്ട് ഹോട്ടലിലെ ജനറൽ മാനേജർ കെറി ഹൾസ്ബാക്ക് പ്രതീക്ഷകൾ മുഴുവൻ തകർന്നതിന്റെ നിരാശയിലാണ്. ഹോട്ടൽ 24 ജോലിക്കാരെ പറഞ്ഞുവിട്ടു. ശേഷിക്കുന്ന 20 ജീവനക്കാരുമായി കഷ്ടിച്ച് മുന്നോട്ടു പോകുന്നു.

USA-ELECTION/BIDEN

ഡിഎൻസി കൺവെൻഷന് വരുന്നവർ ഉൾപ്പെടെ നഗരം ഈയാഴ്ച 50,000 സന്ദർശകരെ പ്രതീക്ഷിച്ചതാണ്. അപ്പോഴാണ് പകർച്ച വ്യാധി ഉണ്ടായതും കൺവെൻഷൻ വെർച്വലായി നടത്തുവാൻ തീരുമാനിച്ചതും. മുൻ വൈസ് പ്രസിഡന്റ് ജോബൈഡൻ വ്യാഴാഴ്ച തന്റെ വിൽമിംഗ്ടണിലെ വീട്ടിൽ നിന്ന് ലൈവായി സ്ട്രീം ചെയ്യുന്ന പ്രസംഗത്തിലൂടെ നോമിനേഷൻ സ്വീകരിക്കും. തിങ്കളാഴ്ച മുതൽ സന്ദേശം നൽകാൻ തയാറെടുത്തിരുന്ന എല്ലാ നേതാക്കളോടും ഇൻപേഴ്സൺ വേണ്ട, വെർച്വലായി മതി എന്ന് ഡിഎൻസി നിർദേശിച്ചു. ചെയർമാൻ ടോം പെരസ് പേപ്പർ വർക്കുകൾക്കും മറ്റുമായി മിൽവാക്കിയിലെത്തി.

കൺവെൻഷൻ ഹാളിനടുത്ത് പത്തിൽ താഴെ പ്രവർത്തകർ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. തെരുവിന്റെ എതിർവശത്തുള്ള പാർക്കിൽ ഡെമോക്രാറ്റ്സ് ഫോർ ലൈഫ് ഓഫ് അമേരിക്ക എന്നെഴുതിയ ബാനറുമായി ഏതാനും പേർ നിലയുറപ്പിച്ചിട്ടുണ്ട്. ഇത് സംഘടിപ്പിച്ച ടെറിസ ബക്കോവിനാക് പക്ഷെ താൻ ബൈഡന് വോട്ടു ചെയ്യുകയില്ലെന്ന് പറഞ്ഞു. കാരണം ബൈഡൻ ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്നു. ഞങ്ങൾ എല്ലാവരും പ്രോലൈഫേഴ്സ് ആണ്. ബക്കോവിനാക് വിശദീകരിച്ചു.

മിൽവാക്കിയിലെ ഇൻപേഴ്സൺ കൺവെൻഷൻ റദ്ദാക്കിയത് ഡെമോക്രാറ്റുകൾക്ക് വലിയ ആഘാതമായി. ഡെമോക്രാറ്റുകൾ മിൽവാക്കി തിരഞ്ഞെടുത്തത്  2016 ൽ നഗരത്തോട് ചെയ്ത അപരാധത്തിന്റെ പശ്ചാത്താപം ആയിട്ടായിരുന്നു. 2016 ൽ മിൽവാക്കിയെ അന്നത്തെ സ്ഥാനാർഥി ഹിലരി ക്ലിന്റൺ അവഗണിച്ചത് കുപ്രസിദ്ധമായി. ഹിലരിക്ക് സംസ്ഥാനം ഡോണൾഡ് ട്രംപിനോട് നഷ്ടമായത് ഒരു പെഴ്സന്റേജ് പോയിന്റിൽ കുറവിനായിരുന്നു. ഇത്തവണയും സംസ്ഥാനത്തിന് വലിയ പ്രാധാന്യം നിരീക്ഷകർ കൽപ്പിക്കുന്നു. ട്രംപിന്റെ റീ ഇലക്ഷൻ പ്രചരണ വിഭാഗം പ്ലെസന്റ് പ്രെയറി ഗ്രാമത്തിൽ ഒരു വിമൻഫോർ ട്രംപ് പരിപാടി സംഘടിപ്പിച്ചു. പരിപാടിക്ക് മുൻപ് സീനിയർ സ്റ്റാഫർ പെറിൻ ഇൻപേഴ്സണായി പ്രത്യക്ഷപ്പെട്ട് നോമിനേഷൻ സ്വീകരിക്കേണ്ട എന്ന ബൈഡന്റെ തീരുമാനം ബാഡ്ജർ സ്റ്റേറ്റിനെ(വിസ്കോൺസിനെ) നിസ്സാരമായി കാണുന്നതുകൊണ്ടാണെന്ന് പറഞ്ഞു.

Joe Biden and Kamala Harris

മറു ഭാഗത്ത് ട്രംപിന്റെ നടപടികൾ മൂലം മാരകരോഗം വഷളായതിനാലാണ് തങ്ങൾ ഇൻപേഴ്സൺ കൺവെൻഷൻ വേണ്ടെന്ന് വച്ചതെന്ന് ഡെമോക്രാറ്റ് നേതാക്കൾ പറഞ്ഞു. നഗരത്തിലെ വ്യവസായികൾ വ്യാപാരം മെച്ചപ്പെടും എന്ന ശുഭാപ്തി വിശ്വാസത്തിലാണ്. പോട്ട്‌ബെല്ലി സാൻഡ്‌വിച്ച് ഷോപ്പുടമ മെൽ വുൾഫ് തങ്ങൾ ഭ്രാന്തു പിടിപ്പിക്കുന്ന തിരക്കിന്റെ ദിവസങ്ങളാണ് പ്രതീക്ഷിച്ചതെന്ന് പറഞ്ഞു. കൺവെൻഷൻ വെർച്വൽ ആയിട്ടായിരിക്കും നടക്കുക എന്നറിഞ്ഞപ്പോഴും എന്തെങ്കിലുമൊക്കെ കച്ചവടം പ്രതീക്ഷിച്ചു, അവരുടെ വാക്കുകളിൽ നിരാശ പ്രതിഫലിച്ചു.

വേദിക്ക് മുന്നിൽ ഫെൻസിനകത്ത് അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർ നിൽപ്പുണ്ടായിരുന്നു. കൺവെൻഷൻ ഒരു നാഷനൽ സ്പെഷ്യൽ സെക്യൂരിറ്റി ഇവന്റായി കണക്കാക്കിയാണ് ഈ സുരക്ഷ ക്രമീകരണങ്ങൾ. എന്നാൽ ആർക്കും സുരക്ഷ നൽകാനില്ലാത്തപ്പോൾ എന്തിനാണ് സുരക്ഷ സംവിധാനം ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com