ADVERTISEMENT

ലൊസാഞ്ചലസ് ∙ സ്വാതിതിരുനാൾ കീർത്തനങ്ങളാൽ ഒരു ഒരുപകലിനെ സംഗീതസാന്ദ്രമാക്കി സ്വാതിതിരുനാൾ ദിനം ആഘോഷിച്ചു. കഴിഞ്ഞ ഇരുപത്തിയെട്ടുവർഷമായി  കലിഫോണിയയിലെ മലയാളി ആസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) സംഘടിപ്പിക്കാറുള്ള ഈ പരിപാടി, ഭാരതത്തിനുവെളിയിൽ സ്വാതിതിരുനാൾ സ്മരണാർത്ഥം നടത്തുന്ന ഏറ്റവും വലിയ സംഗീത പരിപാടിയായാണ് സംഗീത പ്രേമികൾ കണ്ടുവരുന്നത്. സ്വാതി തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്സ് ആൻഡ്‌ മ്യൂസിക്കിന്റെ (ശിവം) സഹകരണത്തോടെയായിരുന്നു ദിനാഘോഷം.

swathithirunal-day-2

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ടു  ‌ഓൺലൈൻ വഴിയായിരുന്നു ഇത്തവണത്തെ പരിപാടികൾ. എന്നാൽ ഇതുകൊണ്ടുതന്നെ പതിവിൽനിന്നു വ്യത്യസ്തമായി ലോകത്തിന്റെ നാനാഭാഗങ്ങളിനിന്നായി  നൂറോളം പേർ ഇത്തവണത്തെ ആഘോഷങ്ങളിൽ ആവേശപൂർവം പങ്കെടുത്തു. പരിപാടികൾ തത്സമയം യൂട്യുബിലും ലഭ്യമായിരുന്നു എന്നതുകൊണ്ട് കാണികളുടെ എണ്ണത്തിലും ഇത്തവണ വർധനവുണ്ടായിരുന്നു. പരിപാടികളിൽ പങ്കെടുത്തവരെയും ശ്രോതാക്കളെയും ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ സ്വാഗതം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി  ഉഡുപ്പി എസ് ശ്രീജിത്ത്  (വയലിൻ), ഉഡുപ്പി ശ്രീധർ  (മൃദംഗം), ഉഡുപ്പി ശ്രീകാന്ത്  (ഗഞ്ചിറ) എന്നിവരുടെ അകമ്പടിയോടെ പ്രശസ്ത സംഗീതജ്ഞനും പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ശിഷ്യനുമായ അഭിലാഷ് വെങ്കിടാചലത്തിന്റെ സംഗീത കച്ചേരിയുമുണ്ടായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ തന്റെ ശബ്ദ സൗകുമാര്യവും ആലാപന ശൈലിയും കൊണ്ട് സംഗീതപ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ അഭിലാഷ്, പരേതനായ സംഗീത കലാനിധി തൃപ്പൂണിത്തുറ കെ. ഗോവിന്ദ റാവുവിന്റെ സഹോദര പൗത്രനും കൂടിയാണ്. 

പ്രശസ്ത കൃതിയായ  ജയ ജയ പത്മനാഭയിൽ തുടങ്ങി കച്ചേരിയിലെ മുഖ്യ നവരാത്രികൃതി  ഭൈരവി രാഗത്തിലുള്ള ജനനി മാമവയിലൂടെ  ആനന്ദ ഭൈരവി രാഗത്തിലുള്ളതില്ലാനയിൽ സമാപിച്ച കച്ചേരിയിലെ പ്രധാന ആകർഷണം ദേവനികെപതി എന്ന കീർത്തനം അപൂർവമായ നായകി കന്നഡ രാഗത്തിലാലപിച്ചതായിരുന്നു.

swathithirunal-day-3

തിരിതാംകൂർ രാജകുടുംബത്തിലെ  ഗൗരി പാർവ്വതീബായി തമ്പുരാട്ടി, സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ എന്നിവർ ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു  സംഗീത പ്രേമികൾക്ക് ഓർമയിൽ സൂക്ഷിക്കാനൊരു ദിനംകൂടി സമ്മാനിച്ചുകൊണ്ട് രാത്രി പത്തുമണിയോടെ അഘോഷങ്ങൾക്കു തിരശീല വീണു.

പ്രഫസർ ആർ. ജയകൃഷ്ണൻ, ആതിര സുരേഷ്  എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ വിജയിപ്പിക്കാൻ പരിശ്രമിച്ചവർക്കും, പങ്കെടുത്തവർക്കും വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ഡയറക്ടർ രവി വെള്ളത്തേരി എന്നിവർ നന്ദി അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com