ADVERTISEMENT

2008-ൽ രണ്ടര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കറുത്ത വർഗക്കാരൻ അമേരിക്കയുടെ പരമോന്നത അധികാരപീഠത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിറ്റേന്ന് രാഷ്ട്രപതി ജോർജ് ബുഷ് ബറാക്ക് ഒബാമയെ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ജീവിതകാലത്ത് ഈ കാഴ്ച കാണാനാവില്ല എന്ന് നമ്മുടെ പല പൗരന്മാരും വിചാരിച്ചു. പൗരാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് സാക്ഷികളായ ഒരു തലമുറയ്ക്ക് ഇന്നലെ അവരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞു”.

സ്വാതന്ത്ര്യത്തിന്റെയും സമ്പത്തിന്റെയും അവസരങ്ങളുടേയും നാടെന്ന് നമ്മേ മോഹിപ്പിച്ച അമേരിക്കയിൽ 1964 വരെ പൊതു ഇടങ്ങളിൽ ജനങ്ങളെ അവരുടെ തൊലിയുടെ നിറമനുസരിച്ച് വേർതിരിച്ചിരുന്നു. 1965 വരെ പല നിയമങ്ങളിലൂടെ കറുത്ത വർഗക്കാരുടെ വോട്ടവകാശത്തെ ഹനിച്ചിരുന്നു. 1964, 65 വർഷങ്ങളിലെ പൗരാവകാശ നിയമങ്ങൾക്ക് 50 വയസ്സ് തികയുന്നതിനു മുൻപ്, ഒബാമ നിയുക്ത രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. നാലിൽ മൂന്ന് വെള്ളക്കാരുള്ള ഒരു രാജ്യത്ത്, 53% വോട്ടോടെ ഒബാമ വിജയിച്ചപ്പോൾ ശിഥിലമായത് വംശവെറിയുടെ അവശേഷിപ്പുകളെന്ന് നമ്മൾ മോഹിച്ചു. വംശീയാനന്തര അമേരിക്കയുടെ ജനനം എന്നും എഴുതപ്പെട്ടു. 

OBAMA-PRAYER-BREAKFAST

“ബെർത്തർ വിവാദം”

അമേരിക്കയിൽ ജനിച്ച, അല്ലെങ്കിൽ അമേരിക്കൻ മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ചവർക്ക് മാത്രമേ ഭരണഘടന പ്രകാരം രാഷ്ട്രപതിയാകാൻ യോഗ്യത ഉള്ളു. കെനിയക്കാരനായ അച്ഛന് അമേരിക്കക്കാരിയിലുണ്ടായ ഒബാമ അമേരിക്കൻ പൗരനല്ല എന്ന തരത്തിലുള്ള പ്രചാരണം 2011-ൽ ശക്തമായി. സമൂഹത്തിന്റെ പാർശ്വങ്ങളിൽ നിന്നിരുന്ന ഈ വിഷയത്തെ പൊതുധാരയിൽ എത്തിച്ചത്തിൽ ഡോണാൾഡ് ട്രംപ് വഹിച്ച പങ്ക് ചെറുതല്ല. ഒടുവിൽ വിവാദങ്ങൾക്ക് തടയിടാൻ ഒബാമ തന്റെ ജനന സർടിഫിക്കറ്റ് പങ്ക് വച്ചു. കറുത്ത വർഗക്കാരനായതിനാൽ മാത്രമാണ് ഒബാമയ്ക്ക് ഈ വിവാദം നേരിടേണ്ടി വന്നത് എന്ന് വിലയിരുത്തപ്പെട്ടു. 

‘പൊലീസ് അതിക്രമങ്ങളും ബ്ലാക്ക് ലൈവസ് മാറ്റർ പ്രതിഷേധങ്ങളും’

ഒരു പക്ഷേ വംശീയാനന്തര അമേരിക്കയെന്ന മിഥ്യാ ധാരണയിൽനിന്ന് ലോകത്തെ മാറ്റി ചിന്തിപ്പിച്ചത് പൊലീസ് അതിക്രമങ്ങളും അതേ തുടർന്ന് രൂപപ്പെട്ട ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളുമാണ്. തൊലി കറുത്തതായാൽ അവൻ അപകടകാരിയെന്ന് മനസ്സിൽ കൊണ്ട് നടക്കുന്ന പൊലീസ്, പലപ്പോഴും ഒരു പ്രകോപനവുമില്ലാതെ നിരായുധരായ കറുത്ത വർഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന പല അവസരങ്ങളും കഴിഞ്ഞ ദശാബ്ദത്തിൽ നമ്മൾ കണ്ടു.

George Floyd

2020-ൽ അമേരിക്കയെ പിടിച്ച് കുലുക്കിയത് ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകമാണ്. ഒരു കടയിൽ 20 ഡോളറിന്റെ കള്ള നോട്ട് ആകാം ഫ്ലോയ്ഡ് നൽകിയത് എന്ന സംശയത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ, അദേഹത്തിന്റെ കഴുത്തില് മിനിറ്റുകളോളം മുട്ട് കുത്തി ഇരുന്നു. ശ്വാസം കിട്ടാതെ അബോധാവസ്ഥയിലേക്ക് വഴുതി വീണ ഫ്ലോയ്ഡ് താമസിയാതെ ഹൃദയാഘാതത്താൽ മരിച്ചു. 

ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങൾ ശക്തമാവുകയും വംശീയ അതിക്രമങ്ങളും വിവേചനങ്ങളും വീണ്ടും മുഖ്യധാരയിൽ ചർച്ചാവിഷയമാവുമ്പോഴും ഇത് കാര്യമായ മാറ്റങ്ങളിലേക്ക് നയിക്കുമോ എന്ന സംശയം വീണ്ടും ബാക്കി നിൽക്കുന്നു. പിഇഡബ്യൂ റിസർച്ച് സെന്ററിന്റെ ജൂണിലെ സർവ്വേ അനുസരിച്ച് 67 ശതമാനം അമേരിക്കക്കാരും ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിനെ പിന്തുണയ്ക്കുന്നു. എന്നാൽ 50 ശതമാനം മാത്രമേ ഇത് പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാക്കും എന്ന് വിശ്വസിക്കുന്നുള്ളു.

തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും?

പ്രതിഷേധങ്ങളിലും മറ്റും പങ്കെടുക്കുന്നവർ മറ്റുള്ളവരെ അപേക്ഷിച്ചു തിരഞ്ഞെടുപ്പുകളിൽ കൂടുതലായി വോട്ടു ചെയ്യാറുണ്ട് എന്നത് ഒട്ടും തന്നെ അഭുതപ്പെടുത്താത്ത ഒരു നിരീക്ഷണമാണ്. മാർച്ച് ചെയ്യുന്നതും പ്രതിഷേധിക്കുന്നതും വോട്ടു ചെയ്യുന്നതിനേക്കാൾ വളരെയധികം ശ്രമകരമാണെങ്കിലും  അടിസ്ഥാനപരമായി സമാധാനപരമായ പ്രതിഷേധ പങ്കാളിത്തത്തിന്റെയും തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിന്റെയും പുറകിലുള്ള മനഃശാസ്ത്രം സമാനമാണ്. സാമൂഹിക പ്രതിബദ്ധതയും പ്രചോദനവുമാണ് അടിസ്ഥാന തത്വങ്ങളെങ്കിലും സ്വത്വ ബോധവും, തങ്ങളുടെ ഇടപെടൽ മൂലം മാറ്റങ്ങൾ സാധ്യമാകും എന്ന പ്രതീക്ഷയും അടക്കം നിരവധി ചെറുതും വലുതുമായ ഘടകങ്ങൾ ഈ രണ്ടു പ്രവൃത്തികളെയും സ്വാധീനിക്കുന്നു. നമുക്ക് ചുറ്റുമുള്ളവരെല്ലാം ചേർന്ന് കൂട്ടായ ഒരു പ്രവർത്തിയിൽ ഏർപ്പെടുന്നതിൽ പങ്കാളിയാവാൻ ഉള്ള മനുഷ്യ സഹജമായ താല്പര്യവും ഇതിൽ പ്രധാനമാണ്. 

us-politics-RACE-UNREST

പ്രതിഷേധ പ്രകടനങ്ങളും മാർച്ചുകളും തിരഞ്ഞെടുപ്പ് ഫലങ്ങളെയും രാഷ്ട്രീയനയങ്ങളെയും സ്വാധീനിക്കാറുണ്ടോ എന്നത് വളരെയധികം ഗവേഷണങ്ങൾ നടക്കുന്ന വിഷയമാണ്. 2013ലെ ഒരു പഠനം ഇങ്ങനെയാണ്: റിപ്പബ്ലിക്കൻ പാർട്ടിയോട് ചായ്‌വുള്ള ടീ പാർട്ടി മൂവ്‌മെന്റ് 2009 ഏപ്രിൽ പതിനഞ്ചാം തിയതി യു എസ്സിലെ പല നഗരങ്ങളിൽ വലിയ റാലികൾ സംഘടിപ്പിച്ചു. നികുതികളും  സാമ്പത്തികവ്യവസ്ഥയിലെ സർക്കാർ ഇടപെടലുകളും കുറയ്ക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. 

ചില നഗരങ്ങളിൽ മഴയും മോശം കാലാവസ്ഥയും കാരണം വളരെ കുറച്ചു പേര് മാത്രമേ പങ്കെടുത്തുള്ളൂ. എന്നാൽ മറ്റു നഗരങ്ങളിൽ റാലികൾ വൻ വിജയമായിരുന്നു. എന്നു മാത്രമല്ല ഈ റാലികൾ ജനങ്ങളുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്വീകാര്യതയ്ക്ക് കാര്യമായ വർധനവുണ്ടാക്കി. ഇത് 2010 ഇലെ മിഡ്-ടേം ഇലക്ഷനുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടുകളായി മാറി എന്നാണ് പഠനം. തിരഞ്ഞെടുപ്പിന് ശേഷമുള്ള പോളിസികളെയും ഈ റാലികൾ സ്വാധീനിച്ചു. വലിയ റാലികൾ നടന്ന ജില്ലകളിൽ ജനപ്രതിനിധികൾ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് നികുതി നയങ്ങൾ രൂപപ്പെടുത്തിയത്.

ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിന്റെ ജനപ്രീതി ഡെമോക്രാറ്റിക്‌ പാർട്ടിക്ക് അനുകൂലമായേക്കും എന്നാണ് നിരീക്ഷണങ്ങൾ. അതോടൊപ്പം തന്നെ വംശീയ ന്യുനപക്ഷങ്ങളുടെ ഇടയിൽ വോട്ടർ റജിസ്‌ട്രേഷൻ കൂടുന്നതിനും ഡെമോക്രാറ്റിക്‌ ക്യാംപയിൻ ഫണ്ടുകളിലേക്ക് സംഭാവനകൾ കൂടുന്നതിനും കാരണമായി. ഇത് കൂടുതൽ വോട്ടർമാരുടെ രാഷ്ട്രീയ പങ്കാളിത്തത്തിലേക്കും നിയമനിർമാണത്തിലേക്കും നയിക്കുന്നതിനുള്ള അവസരം നൽകിയേക്കാം.

(മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ജർമനിയിൽ ബിഹേവിയറൽ ഇക്കണോമിക്സ് വിഷയത്തിൽ അവസാന വർഷ ഗവേഷണ വിദ്യാർഥിനിയാണ് ലേഖിക റെയ്സ ഷെരീഫ്. സാമ്പത്തിക വിദഗ്‌ദ്ധനും സിവിക് ഡാറ്റാ ലാബിൽ പോളിസി റിസർച്ചറുമാണ് ലേഖകൻ അരുൺ സുദർശൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com