ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് പൊതുതെരഞ്ഞെടുപ്പില്‍ പരസ്യങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച് ഡെമോക്രാറ്റുകള്‍ അന്തിമഘട്ടത്തില്‍ വ്യാപകമായ പരസ്യപ്രചാരണം ലക്ഷ്യമിടുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അപേക്ഷിച്ച് ബൈഡന്‍ ജൂനിയര്‍ വളരെയധികം ഇക്കാര്യത്തില്‍ മുന്നിലെത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കൊറോണ വൈറസില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരസ്യങ്ങളാണ് ബൈഡന്റേത്. മൂന്ന് നിര്‍ണായക സ്വിംഗ് സ്‌റ്റേറ്റുകളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ പരസ്യആധിപത്യം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ട്രംപിന്റെ 17 മില്യണ്‍ ഡോളറിനെക്കാള്‍ കൂടുതലായി അദ്ദേഹം 53 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി ഒരു പരസ്യ ട്രാക്കിംഗ് സ്ഥാപനമായ അഡ്വര്‍ടൈസിംഗ് അനലിറ്റിക്‌സില്‍ നിന്നുള്ള ഡേറ്റ വെളിപ്പെടുത്തുന്നു.

പെന്‍സില്‍വാനിയയില്‍ മാത്രം, ബൈഡന്‍ ഈ മാസം ഒരാഴ്ചയില്‍ 38 വ്യത്യസ്ത പരസ്യങ്ങള്‍ നടത്തി, അദ്ദേഹത്തിന്റെ പരിശ്രമം എത്ര സമഗ്രമായിരുന്നു എന്നതിന്റെ സൂചനയാണിത്. പ്രസിഡന്റിന്റെ പരസ്യത്തില്‍, ധനകാര്യവും ഇലക്ടറല്‍ കോളേജും നേരിടുന്ന വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു. ഒഹായോ, അയോവ തുടങ്ങിയ സ്ഥലങ്ങളിലെ പരസ്യങ്ങള്‍ അദ്ദേഹം അടുത്തിടെ കുറച്ചുകഴിഞ്ഞു, കഴിഞ്ഞ ഒരാഴ്ചയായി മിഷിഗനിലും വിസ്‌കോണ്‍സിനിലും പരസ്യങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. അരിസോണ, ജോര്‍ജിയ തുടങ്ങിയ റിപ്പബ്ലിക്കന്‍ ചായ്‌വുള്ള സംസ്ഥാനങ്ങളില്‍ പക്ഷേ, പരസ്യങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെടുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച് വളരെക്കൂടുതലാണ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച തിരഞ്ഞെടുപ്പു സംഭാവനകള്‍. അതു കൊണ്ടു തന്നെ വ്യാപകമായി തുക ചെലവഴിക്കാന്‍ അവര്‍ക്ക് മടിയില്ല. എന്നാല്‍, ഇത്തരം പ്രചാരണം ഏതു നിലയ്ക്ക് വോട്ടര്‍മാര്‍ സ്വീകരിക്കുമെന്നതു മാത്രമാണ് ഇരു പക്ഷത്തിന്റെയും പ്രശ്‌നം.

President Donald Trump

ട്രംപിന്റെ തന്ത്രം ഇങ്ങനെ, കോവിഡ് തന്നെ വിഷയം

ട്രംപ് 2016 ലും പരസ്യങ്ങള്‍ക്കായി തുക കുറച്ചാണ് ചെലവഴിച്ചത്. പക്ഷേ അദ്ദേഹം നിര്‍ണായക സംസ്ഥാനങ്ങളില്‍ കൂടുതല്‍ പരസ്യങ്ങള്‍ ഉപയോഗിക്കുകയും എതിരാളി ഹിലരി ക്ലിന്റനെ മറികടക്കുകയും ചെയ്തു. തന്റെ സന്ദേശം പുറത്തെടുക്കുന്നതിനായി അദ്ദേഹം വലിയ റാലികളെയും ലൈവ് ന്യൂസ് കവറേജുകളെയും ആശ്രയിച്ചിരുന്നു, അതു കൊണ്ടു തന്നെ ഹിലരിക്കെതിരേയുള്ള ആക്രമണത്തിന് അദ്ദേഹത്തിന് വിപുലമായ സമയം ലഭിച്ചു. മഹാമാരി, സ്വന്തം വൈറസ് അണുബാധ എന്നിവ കാരണം ഇപ്പോള്‍ ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ റാലികള്‍ കുറവാണ്. ഇവന്റുകള്‍ക്ക് കേബിള്‍ കവറേജും കുറവാണ്; ആ നിലയ്ക്ക് ബൈഡനെ ആക്രമിക്കാന്‍ അദ്ദേഹത്തിന് ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ടു പ്രയാസവുമാണ്. അതു കൊണ്ടു തന്നെ പരസ്യങ്ങള്‍ മാത്രമാണ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമുള്ള ഉപാധി!

തിരഞ്ഞെടുപ്പു മല്‍സരത്തെ പാന്‍ഡെമിക് 2020 എങ്ങനെ ഉയര്‍ത്തിനിര്‍ത്തിയെന്ന് ഇരു പക്ഷത്തിന്റെയും പരസ്യ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രസിഡന്റ് പരസ്യ മല്‍സരത്തിനായി മാത്രം 1.5 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചു. 2016-ലെ മല്‍സരത്തില്‍ 496 ദശലക്ഷം ഡോളര്‍ പ്രസിഡന്റ് മല്‍സരത്തില്‍ പരസ്യത്തിനായി ചെലവഴിച്ച സ്ഥാനത്താണിത്. ഇപ്പോഴത്തെ നിലയില്‍ ട്രംപ് കാമ്പെയ്‌നിന്റെ പരസ്യങ്ങളില്‍ ഏകദേശം 80 ശതമാനവും നെഗറ്റീവ് അല്ലെങ്കില്‍ കോണ്‍ട്രാസ്റ്റ് പരസ്യങ്ങള്‍ എന്നു വിളിക്കുന്ന വിഷയങ്ങളാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എതിരാളിയെ വിമര്‍ശിക്കുന്നതും സ്വയം പ്രൊമോഷന്‍ ചെയ്യുന്നതുമായ ഇതില്‍ 62 ശതമാനവും ആക്രമണങ്ങളാണ്. ബൈഡനെ സംബന്ധിച്ചിടത്തോളം, പ്രചാരണ പരസ്യങ്ങളില്‍ 60 ശതമാനവും ട്രംപിനെ എതിര്‍ക്കുന്നതാണ്, കേവലം 7 ശതമാനം പോസിറ്റീവും. 

President Donald Trump

ടിവി പരസ്യ യുദ്ധങ്ങളുടെ വർധിച്ചുവരുന്ന സ്വഭാവം മൊത്തത്തിലുള്ള പ്രചാരണവിവരണത്തിന്റെ ഭാഗമാണ്, അത് ബൈഡന്റെ സ്ഥിരമായതും ചെറുതാണെങ്കിലും കൂടി നേട്ടം കാണിക്കുന്നു. മേയ് മുതല്‍ ഏകദേശം 124 മില്യണ്‍ ഡോളര്‍ ടിവി ചാനലുകളില്‍ ചെലവഴിച്ച ട്രംപ് പരസ്യ യുദ്ധങ്ങളില്‍ ബൈഡനെ കൃത്യമായി എതിര്‍ക്കാന്‍ ശ്രമിക്കുന്നു. 'സ്ഥാനാര്‍ത്ഥികള്‍ എല്ലായ്‌പ്പോഴും തങ്ങളുടെ എതിരാളി ചെയ്യുന്നതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു. പൊരുത്തപ്പെട്ടു മുന്നോട്ട് പോകാന്‍ അനുവദിക്കുന്നത് അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ ഭയക്കുന്നു.' ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ രാഷ്ട്രീയ പ്രൊഫസറായ ലിന്‍ വാവ്രെക് പറഞ്ഞു.

ഡിജിറ്റലിൽ ട്രംപ് മുന്നിൽ, ആ പാതയിൽ ബൈഡനും

മാസങ്ങളായി, ട്രംപ് കാമ്പെയ്ന്‍ ഡിജിറ്റല്‍ പരസ്യത്തില്‍ കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു, അടുത്തിടെ ബൈഡനും ഈ കാലടികളെ പിന്തുടര്‍ന്നു. കഴിഞ്ഞ 30 ദിവസങ്ങളില്‍ ഗൂഗിളിലും മറ്റു സമൂഹമാധ്യമങ്ങളിലും ഏകദേശം ഓരോന്നിനും കുറഞ്ഞത് 50 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. രണ്ട് കാമ്പെയ്‌നുകളും ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഫ്ലോറിഡയിലാണ്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. ട്രംപിന് ഇതില്‍ വിജയിക്കേണ്ടതാണ്; ബൈഡന്‍ അവിടെ വിജയിക്കുകയാണെങ്കില്‍, അത് വിജയത്തിലേക്കുള്ള വ്യക്തമായ പരസ്യപാതയെ സൂചിപ്പിക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ട്രംപിനേക്കാള്‍ 14 മില്യണ്‍ ഡോളര്‍ കൂടുതല്‍ ടെലിവിഷന്‍, കേബിള്‍ പരസ്യങ്ങള്‍ക്കായി ബൈഡന്‍ ചെലവഴിച്ചു. ഡിട്രോയിറ്റിലും ഫിലാഡല്‍ഫിയയിലും പരസ്യസമത്വം സമാനമാണ്, ട്രംപ് രണ്ട് നഗരങ്ങളിലും ചെലവ് ഇരട്ടിയാക്കി. അരിസോണയിലെ ബൈഡന്‍ കാമ്പെയ്‌നിന്റെ വലിയ നിക്ഷേപമുണ്ടായപ്പോള്‍, ഓഗസ്റ്റ് 30 മുതല്‍ അരിസോണയിലെ പരസ്യവിപണിയിലേക്ക് 5.7 മില്യണ്‍ ഡോളര്‍ അധികം ചേര്‍ത്താണ് ട്രംപ് പ്രചാരണം നടത്തുന്നത്.

US-VOTE-REPUBLICANS-BIDEN-RALLY

1996 മുതല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാത്ത റിപ്പബ്ലിക്കന്‍ സംസ്ഥാനമായ അരിസോണയില്‍ കൂടുതല്‍ പരസ്യതുക ചെലവഴിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത് ഒഹായോ, അയോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരസ്യം കുറച്ചതാണ്. മിനസോട്ടയിലെ ചെലവ് ഗണ്യമായി കുറച്ചിട്ടുണ്ട്. ട്രംപ് കാമ്പെയ്ന്‍ കൂടുതല്‍ പരസ്യ മാര്‍ഗം ഉപയോഗിച്ചത് നോര്‍ത്ത് കരോലിന, അരിസോണ, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ആര്‍എഫ്ഡിടിവി, ഡബ്ല്യുജിഎന്‍ ടിവി, വെതര്‍ ചാനല്‍ എന്നിവ പോലുള്ള കൂടുതല്‍ ഗ്രാമീണ വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ന്ന കാഴ്ച്ചയുള്ള പ്രാദേശിക കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും ട്രംപ് കാമ്പെയ്ന്‍ പരസ്യങ്ങള്‍ നേരിട്ട് നടത്തുന്നു, ഇവാഞ്ചലിക്കല്‍, കണ്‍സര്‍വേറ്റീവ് റേഡിയോ സ്‌റ്റേഷനുകള്‍ക്കായി വളരെയധികം തുകയും ചെലവഴിക്കുന്നു. 

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പരസ്യങ്ങള്‍ കൊണ്ട് പോരടിക്കുന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്ക് പക്ഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിവിധ വിഷയങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നു. വംശീയതയും സമത്വവും നീതിനിര്‍വഹണവും ഉയര്‍ത്തിപ്പിടിക്കാന്‍ ബൈഡന്‍ പക്ഷം ശ്രമിക്കുമ്പോള്‍ ആത്മാഭിമാനമാണ് ട്രംപ് ഉയര്‍ത്തുന്നത്. ഇവിടെ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ട്. പരസ്യങ്ങളിലൂടെ ഇത് പ്രതിഫലിപ്പിക്കാനും അവര്‍ യത്‌നിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com