ADVERTISEMENT

വാഷിങ്ടൺ ∙ നവംബർ 3ന് നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള  തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർഥികളായ പ്രസിഡന്റ് ഡോണൾഡ്  ട്രംപ് – മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ തമ്മിലുള്ള അവസാന ഡിബേറ്റ് നാഷ്‌വിൽ ബെൽമോണ്ട് യൂണിവേഴ്സിറ്റിയിൽ നടന്നു.

മുമ്പ് നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിൽ സ്ഥാനാർഥികൾ കമ്മിഷൻ നിബന്ധനകൾ പാലിക്കാതെ നിയന്ത്രണം വിട്ടുപെരുമാറിയതിനെ തുടർന്ന് ഇന്നത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ കമ്മിഷൻ കർശനമായ നിബന്ധനകൾ ഇരുസ്ഥാനാർഥികളെയും അറിയിക്കുകയും വേണ്ടി വന്നാൽ നിബന്ധനകൾ പാലിക്കാത്ത സ്ഥാനാർഥിയുടെ മൈക്രോഫോൺ ഓഫ് ചെയ്യുമെന്നും അറിയിച്ചിരുന്നു.

സിഎൻബിസിയുടെ ക്രിസ്റ്റ്യൻ വെക്കർ ആണ് ഡിബേറ്റ് മോഡറേറ്റർ ആയി ഇരുസ്ഥാനാർഥികളോടും വിവിധ വിഷയങ്ങളെ പ്രതിപാദിച്ച് ചോദ്യങ്ങൾ ചോദിച്ചത്.86 ലക്ഷത്തിനുമേൽ ജനങ്ങൾക്ക് അമേരിക്കയിൽ കോവിഡ് ബാധിക്കുകയും 2,28,000ത്തിനു മേൽ മരിക്കുകയും ദിവസേന ആയിരത്തോളം പേർ മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരുസ്ഥാനാർഥികളോടുമുള്ള ആദ്യ ചോദ്യം കോവിഡ് പ്രതിരോധനത്തെക്കുറിച്ച് തന്നെയായിരുന്നു.

ജനുവരി മാസത്തിൽ കോവിഡ് അമേരിക്കയിൽ പടരുന്നുയെന്ന് വിദഗ്ധർ ട്രംപിനെ അറിയിച്ചിരുന്നുയെങ്കിലും മാർച്ച് മാസം വരെ നടപടികളൊന്നും സ്വീകരിയ്ക്കാൻ ട്രംപ് തയ്യാറാവുകയോ, വിവരം പുറത്തറിയിക്കുകയോ ചെയ്തില്ല. രണ്ടേകാൽ ലക്ഷം പേരുടെ മരണത്തിനു കാരണക്കാരനായ ട്രംപ് പ്രസിഡന്റ് സ്ഥാനത്തിനർഹനല്ലെന്ന് ബൈഡൻ. എന്നാൽ  പ്രസിഡന്റ്  ട്രംപ് കോവിഡ് നിയന്ത്രണത്തിനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും,  കോവിഡ് നിയന്ത്രണത്തിലാണെന്നും, വാക്സിൻ ഉടനെ ഉണ്ടാവുമെന്നും വാദിച്ചു. ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നും യാത്രകൾ നിരോധിച്ചതുകൊണ്ട്  22 ലക്ഷം പേർ മരിക്കേണ്ടിയിരുന്ന സാഹചര്യത്തിൽ രണ്ടുലക്ഷം മാത്രമാണ് മരണപ്പെട്ടതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് എച്ച്1–എൻ1 വൈറസ് അമേരിയ്ക്കയിൽ പടർന്നപ്പോൾ ബൈഡൻ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും,  ട്രംപ് രോഗം ബാധിച്ച 99 ശതമാനം ചെറുപ്പക്കാരും രോഗമുക്തരായിയെന്ന് ട്രംപ്. എന്നാൽ സിഡിസി  രേഖകൾ പ്രകാരം ചെറുപ്പക്കാർക്ക് രോഗം  പടരുന്നുണ്ടെന്നും മരിയ്ക്കുന്നുണ്ടെന്നും ബൈഡൻ അവകാശപ്പെട്ടു.

കൊറോണക്കാലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ഇരുവരുടെയും അഭിപ്രായങ്ങൾ മോഡറേറ്റർ ആരാഞ്ഞുയെങ്കിലും കൃത്യമായ ഉത്തരങ്ങൾ ഇരുവരിൽ നിന്നും ലഭ്യമായില്ല. ന്യൂയോർക്കും, കാലിഫോർണിയയും മറ്റു ഡെമോക്രാറ്റിക് ഭൂരിപക്ഷ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ മൂലം നശിച്ചുപോയെന്നാണ് ട്രംപിന്റെ അഭിപ്രായം.

എന്നാൽ ജനങ്ങൾ കോവിഡ് ബാധിച്ചു മരിയ്ക്കുമ്പോൾ ട്രംപ് ഗോൾഫ് കളിച്ച് നടക്കുകയാണെന്ന് ബൈഡൻ. സാമൂഹിക അകലം പാലിച്ച് സ്കൂളുകൾ തുറക്കാൻ സംവിധാനം ആവിഷ്കരിക്കാൻ സ്കൂളുകൾക്ക് സാമ്പത്തിക സഹായം നൽകിയിട്ടില്ല.

ബ്ലു സ്റ്റേറ്റ്, റെഡ് സ്റ്റേറ്റ് എന്ന പ്രസിഡന്റിന്റെ തരംതിരിച്ചു കാണലിനെ ബൈഡൻ തന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു. താൻ പ്രസിഡന്റായാൽ അമേരിയ്ക്കയുടെ എല്ലാ ജനങ്ങളുടേയും പ്രസിഡന്റായിരിക്കും ബൈഡൻ അറിയിച്ചു.

താൻ പ്രസിഡന്റായാൽ ട്രംപ് ആരോപിക്കും പോലെ രാജ്യം അടച്ചിടില്ല. എന്നാൽ കോവിഡ് നിയന്ത്രിക്കാനും, കർശന ചട്ടങ്ങൾ പാലിക്കാനും, സ്കൂളുകൾ, ഫയർഫോഴ്സ്, പോലുള്ള വകുപ്പിന് സാമ്പത്തിക സഹായവും നൽകാൻ നടപടികൾ സ്വീകരിക്കും. താൻ വൈറസിനെയാണ് ഇല്ലാതാകുന്നത്, ബിസിനസ്സുകൾ നശിപ്പിക്കാനല്ലായെന്നും ബൈഡൻ.

ന്യൂയോർക്ക് സംസ്ഥാനം കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൂലം നരകമായിരിയ്ക്കുന്നു. 40,000 പേർക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് ട്രംപ്.ബൈഡൻ തട്ടിപ്പുകാരനെന്ന് ട്രംപ്, പൂർണ്ണമായി നിഷേധിച്ച ബൈഡൻ. റഷ്യയ്ക്കും ഇറാനും അടുത്തു വരുന്ന തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ചോർത്തിയെന്നും, തെരഞ്ഞെടുപ്പിൽ ഇടപെടൽ ഉണ്ടാവുമെന്നും ബൈഡൻ.  അഫ്ഗാനിസ്ഥാനിൽ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ ഇടപെടൽ മൂലം അമേരിക്കൻ ജവാന്മാർ മരിയ്ക്കാനിടയായി. തലയ്ക്കു വില പറഞ്ഞു പുട്ടിൻ പണം കൊടുത്തുയെന്ന ആരോപണം നിലനില്ക്കുമ്പോൾ പുട്ടിനെതിരെ ഒരു വാക്കുപോലും പറയാതെ ട്രംപ്.

ഭരണത്തിലേറി നാലുവർഷമായിട്ടും നികുതി രേഖകൾ പുറത്തു വിടാൻ ട്രംപ് തയാറായിട്ടില്ല. സാധാരണ മിഡിൽ ക്ലാസ്സ് പൗരന്മാർ ശരാശരി 40,000 ഡോളറിനു മേൽ നികുതി നൽകുന്ന അമേരിക്കയിൽ വൻ ബിസിനസ്സുകാരനായ ട്രംപ് നൽകിയത് 750 ഡോളർ മാത്രമെന്ന ആരോപണം നില നിൽക്കുമ്പോൾ താൻ ഏറെ നികുതി പണം മുൻകൂറായി അയക്കുന്നുണ്ടെന്ന് ട്രംപ്. എന്നാൽ രേഖകളൊന്നും മറ്റു രാഷ്ട്രീയക്കാരെപ്പോലെ ട്രംപ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഉക്രെയിനിൽ നിന്നും ബൈഡനും മകനും  പണം കൈക്കൂലിയായി പറ്റിയെന്ന് ട്രംപ്. എന്നാൽ പൂർണ്ണമായും നിഷേധിച്ച് ബൈഡൻ.

ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുത്താൽ ഇപ്പോൾ താഴ്ന്ന വരുമാനക്കാർക്ക് ലഭ്യമാവുന്ന ഒബാമ കെയർ മെഡിക്കൽ സംവിധാനം ഇല്ലാതാകും. ട്രംപ് ബദൽ സംവിധാനം കൊണ്ടുവരുമെന്ന് പറയാൻ തുടങ്ങിയിട്ട് 3 വർഷത്തിലേറെയായി. കുടിയേറ്റ നിയമങ്ങൾ ഡാക്കാ ഉൾപ്പെടെ ബൈഡൻ പ്രസിഡന്റായാൽ അയവുവരും.

എന്തായാലും ഡിബേറ്റിൽ ട്രംപ് ആവേശത്തോടെ  പല ആരോപണങ്ങളും ബൈഡനെതിരെ എയ്തെങ്കിലും കഴമ്പില്ലാത്ത ആരോപണങ്ങളും വിശ്വാസ്യതയില്ലാത്ത ഉത്തരങ്ങളുമൊക്കെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ ഇനി 12 ദിവസങ്ങൾ മാത്രം. ബൈഡൻ ഡിബേറ്റിൽ അത്രക്കു ശോഭിച്ചില്ലെങ്കിലും ഏറെ പക്വതയും വിശ്വാസ്യതയും പ്രകടമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com