ADVERTISEMENT

ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴും തോല്‍വി അംഗീകരിക്കുന്നില്ല. കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മിക്ക സംസ്ഥാനങ്ങളിലും കേസുമായി മുന്നോട്ടു പോവുകയാണ് ട്രംപ് ക്യാമ്പയിന്‍. തപാല്‍ വോട്ടുകളില്‍ വ്യാപകമായ കൃത്രിമത്വമുണ്ടെന്നു നേരത്തെ തന്നെ ട്രംപ് ആരോപിച്ചിരുന്നു. അതു ശരിവെക്കുന്ന നടപടികള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെ ഭയന്നു പലരും നേരത്തെ തന്നെ തപാല്‍വോട്ടിന്റെ സാധ്യത ഉപയോഗിച്ചപ്പോള്‍ ഡെമോക്രാറ്റുകള്‍ മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ടുകള്‍ വ്യാപകമായി രേഖപ്പെടുത്തിയെന്നാണ് റിപ്പബ്ലിക്കന്മാര്‍ പറയുന്നത്. മിക്കയിടത്തും ഇത് വലിയൊരു പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ട്രംപ് അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നത് ജോര്‍ജിയ സംസ്ഥാനമാണ്. കടുത്ത റിപ്പബ്ലിക്കന്‍ പ്രദേശമായ ഇവിടെ വലിയ തോതില്‍ ക്രമക്കേടുകളുണ്ടായി എന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ട്രംപിനെ ഇവിടെ ബൈഡന്‍ മറികടക്കുകയും ചെയ്തു. 

ആരോപണങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്നതോടെ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബാലറ്റുകള്‍ വീണ്ടും എണ്ണിത്തിട്ടപ്പെടുത്താന്‍ ജോര്‍ജിയ സ്‌റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്‌പെര്‍ജര്‍ ഉത്തരവിട്ടു. ഇതിനുശേഷം, മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആന്‍ഡ്രൂ മക്കാര്‍ത്തിയും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഇവിടെ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടെന്നുമാണ് അദ്ദേഹവും നല്‍കുന്ന സൂചന. ജോര്‍ജിയ വിട്ടുകൊടുക്കുന്നില്ലെങ്കില്‍ മറ്റിടങ്ങളിലും സമാന സ്ഥിതി വിശേഷമാണെന്ന ട്രംപിന്റെ അവകാശം ന്യായീകരിക്കപ്പെടും. ആ നിലയ്ക്ക് റീകൗണ്ടിങ് സംഭവിച്ചാല്‍ 270- വോട്ടുകളിലേക്ക് തനിക്കെത്താന്‍ കഴിയുമെന്നു തന്നെയാണ് ട്രംപ് ഇപ്പോഴും വിശ്വസിക്കുന്നത്.

'ചില ആളുകള്‍ പറയുന്നത് വഞ്ചനയില്ലെന്നും മറ്റ് ആളുകള്‍ വമ്പിച്ച തട്ടിപ്പുണ്ടെന്നും പറയുന്നു. ഒരു തിരഞ്ഞെടുപ്പില്‍ എല്ലായ്‌പ്പോഴും ചില തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് എത്രത്തോളം തെളിയിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ വിജയം. എന്നാല്‍ വലിയ തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നു. ഡെമോക്രാറ്റിക്ക് വോട്ടുകള്‍ പലതും നിയമവിധേയമല്ലാതെ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ വോട്ടിങ് ശതമാനത്തെ പോലും അമ്പരപ്പിക്കുന്ന രീതിയിലാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇത് പ്രസിഡന്റിന്റെ വാദം ശരിയാണെന്നു തെളിയിക്കുന്നു.' പ്രോസിക്യൂട്ടര്‍ ആന്‍ഡ്രൂ മക്കാര്‍ത്തി പറയുന്നു.

trump-biden

ജോര്‍ജിയയെ തിരിച്ചു പിടിക്കാനുള്ള ട്രംപിന്റെ സാധ്യതകള്‍ നിലവിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അവിടെയുള്ള തിരഞ്ഞെടുപ്പ് ബാലറ്റ് മുഴുവന്‍ വീണ്ടും എണ്ണുകയല്ലാതെ അദ്ദേഹത്തിനു ബെഡനുമായുള്ള മാര്‍ജിന്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് മക്കാര്‍ത്തി പറഞ്ഞു. ബൈഡന്‍ നിലവില്‍ ട്രംപിനെക്കാള്‍ 14,000 വോട്ടുകള്‍ക്ക് മാത്രമാണ് മുന്നില്‍. ആകെ പോള്‍ ചെയ്ത അഞ്ച് ദശലക്ഷം ബാലറ്റുകള്‍ വച്ചു നോക്കുമ്പോള്‍ ക്രമക്കേട് ഉണ്ടെങ്കില്‍ വഞ്ചി റിപ്പബ്ലിക്കന്‍ ഭാഗത്തേക്ക് ചരിഞ്ഞേക്കാമെന്നതാണ് സ്ഥിതി. അങ്ങനെ വന്നാല്‍ അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് വീണ്ടും കലുഷിതമാകും. 

 

ഡോണൾഡ് ട്രംപ് (Photo by Brendan Smialowski / AFP)
ഡോണൾഡ് ട്രംപ് (Photo by Brendan Smialowski / AFP)

ഇപ്പോഴത്തെ സ്ഥിതിയില്‍ 290 വോട്ടുകളാണ് ബൈഡന്‍ പക്ഷത്തിനുള്ളത്. ട്രംപിനാവട്ടെ, 217 വോട്ടുകള്‍ മതി. റിപ്പബ്ലിക്കന്മാരുടെ അവകാശവാദങ്ങളേക്കാള്‍ 270 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ ഇരുപതു വോട്ടുകള്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതലാണ്. വ്യാപകമായ തിരഞ്ഞെടുപ്പ് വഞ്ചന ആരോപണങ്ങളിലേക്ക് തിരിയുന്ന മക്കാര്‍ത്തി, ഓരോ സംസ്ഥാനവും സ്വന്തം തിരഞ്ഞെടുപ്പ് സംവിധാനം നടപ്പാക്കുന്നതിനെയും വിമര്‍ശിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലെ പ്രശ്‌നങ്ങള്‍ ഒന്നിലധികം അധികാരപരിധികള്‍ എന്നിവയെല്ലാം തുരഞ്ഞെടുപ്പിന്റെ കൃത്യതയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വലിയൊരു ഉദാഹരണമായിരിക്കുകയാണ് ജോര്‍ജിയ എന്ന് സ്‌റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്‌പെര്‍ജര്‍ പറഞ്ഞു. 

16 ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനം റീകൗണ്ടിലേക്ക് നീങ്ങുകയാണെന്ന് റാഫെന്‍സ്‌പെര്‍ജര്‍ മുമ്പ് പറഞ്ഞിരുന്നു.ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വാനിയ, നെവാഡ എന്നിവിടങ്ങളിലെ വോട്ടെണ്ണലിനെയും വോട്ടിങ് സംവിധാനത്തെയും ക്രമക്കേടുകളെയും ചോദ്യം ചെയ്ത് കേസുകള്‍ ഫയല്‍ ചെയ്ത ട്രംപിന്റെ ക്യാമ്പ് ഇപ്പോഴും വോട്ടെണ്ണുന്ന ചില സംസ്ഥാനങ്ങളില്‍ നിയമപോരാട്ടങ്ങള്‍ തുടരുകയാണ്. മാരികോപ്പ കൗണ്ടിയിലെ വോട്ടെണ്ണല്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ദിന വോട്ടുകള്‍ തെറ്റായി നിരസിച്ചുവെന്നാരോപിച്ച് ഒരു കേസ് നിലവിലുണ്ട്. 

US-VOTE-BIDEN-POLITICS

അരിസോണയിൽ നടപടിക്രമങ്ങള്‍ അവഗണിച്ചുവെന്നും ആയിരക്കണക്കിന് ബാലറ്റുകള്‍ കണക്കാക്കപ്പട്ടിട്ടില്ലെന്നും ട്രംപ് ക്യാമ്പയ്ന്‍ ആരോപിച്ചു. അരിസോണയില്‍ 0.3 ശതമാനം പോയിന്റ് വ്യത്യാസമാണ് ബൈഡനുള്ളത്. ബൈഡെന്‍ 49.4 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ട്രംപിന്റേത് 49.1 ശതമാനമാണ്. എന്തും സംഭവിക്കാമെന്ന സ്ഥിതി. ഇവിടെ റീകൗണ്ടിങ് നടന്നാല്‍ ട്രംപ് വിജയിക്കാന്‍ സാധ്യതയേറെയാണ്. 

അരിസോണ ബൈഡന് അനുകൂലമാണെന്ന് പലരും പറഞ്ഞു. എന്നാല്‍ ട്രംപ് ഈ നിലപാട് അംഗീകരിക്കാന്‍ വിസമ്മതിച്ചു. അതു കൊണ്ട് ഇവിടെയും നിയമപരമായ യുദ്ധത്തിലേക്കാണ് ട്രംപ് നീങ്ങുന്നത്. അരിസോണയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ ദേശീയ സമിതിയും ചേര്‍ന്നാണ് ശനിയാഴ്ച കേസ് ഫയല്‍ ചെയ്തത്. കൃത്യമായ ആസൂത്രണത്തോടെ നിയമപോരാട്ടം നടത്തുന്ന ട്രംപ് രണ്ടും കല്‍പ്പിച്ചാണ്. ഇരുപത്തൊന്ന് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ കളി മാറുമെന്ന് റിപ്പബ്ലിക്കന്മാര്‍ക്ക് നന്നായറിയാം. ചുണ്ടിനും കപ്പിനുമിടയില്‍ മധുരം വിട്ടുകളയാന്‍ അതു കൊണ്ടു തന്നെ ട്രംപിനും കഴിയില്ലെന്നതാണ് സ്ഥിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com