സെനറ്റർ കെവിൻ തോമസിന് വീണ്ടും ജയം
Mail This Article
ന്യൂയോര്‍ക്ക് ∙ മെയിൽ ഇൻ ബാലറ്റ് കൂടി എണ്ണിയതോടെ സെനറ്റർ കെവിൻ തോമസ് 1400-ൽ പരം വോട്ടിനു വിജയിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞയുടനുള്ള പ്രൊജക്ഷനിൽ കെവിൻ തോമസ്, ആറായിരത്തോളം വോട്ടിനു പിന്നിലായിരുന്നു. അതോടെ വിജയ സാധ്യത ഇല്ല എന്നാണു പൊതുവെ കരുതപ്പെട്ടത്. കാൽ ലക്ഷത്തിലേറെ തപാൽ വോട്ടുകൾ എണ്ണാനുണ്ടായിരുന്നു.
ന്യുയോർക്ക് സ്റ്റേറ്റിലും സിറ്റിയിലും കൊണ്ടു വന്ന പല നിയമങ്ങളും ചൂണ്ടിക്കാട്ടി കെവിൻ തോമസ് അടക്കം ഡമോക്രാറ്റിക് സ്ഥാനാഥികൾക്കെതിരെ വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. കെവിൻ തോമസിനെ മാത്രം ലക്ഷ്യമിട്ടു പൊലീസ് ബെനവലന്റ് അസോസിയേഷനും വലതു പക്ഷ സംഘടനകളും അതിശക്തമായ പ്രചാരണം അഴിച്ചു വിട്ടു. എന്തായാലും അത് ഫലിച്ചില്ലെന്നു വ്യക്തമായി.
ന്യുയോർക്ക് ലെജിസ്ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് കെവിൻ തോമസ്. ഇപ്രാവശ്യം ഇന്ത്യൻ വംശജരായ ജെന്നിഫർ രാജ്കുമാർ, സൊഹ്റാൻ മാംദാനി എന്നിവർ സ്റേറ് അസംബ്ലിയിലേക്കു ക്വീൻസിൽ നിന്ന് വിജയിച്ചു. ധാരാളം ദക്ഷിണേഷ്യക്കാരുള്ള ഡിസ്ട്രിക്ടുകളിലാണ് ഇരുവരും വിജയിച്ചതെങ്കിൽ ലോംഗ് ഐലൻഡിലെ അധികം ഇന്ത്യാക്കാരില്ലാത്ത ആറാം ഡിസ്ട്രിക്ടിൽ നിന്നാണ് കെവിൻ ജയിച്ചതെന്നതും അഭിമാനകരമായി.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡെന്നിസ് ഡണിനെയാണ് കെവിൻ പരാജയപ്പെടുത്തിയത്.
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് തന്റെ വിജയത്തിനു കാരണമെന്നു കെവിന് പറയുകയുണ്ടായി. കഴിയുന്നത്ര പേരെ നേരില്‍ കണ്ടു. വീടുകളില്‍ പോയി സംസാരിച്ചതും ഫലം കണ്ടു.സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ് കെവിന്.
റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ മകനായ കെവിന് ദൂബായിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണ് അമ്മ. ഒരു സഹോദരിയുണ്ട്. ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്മണി തറയില്‍ ജോണ്സണ് ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും മകളാണ്.
ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അറ്റോര്‍ണിയാണ് കെവിന്. താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാർഥിത്വമെന്നു കെവിന് പറഞ്ഞിരുന്നു
ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യുഎസ് കമ്മീഷന് ഓണ്‍ സിവില്‍ റൈറ്റ്സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.