വാഷിങ്ടൻ ∙ പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചുകൊണ്ട് കാപിറ്റോളിൽ നടന്ന പ്രകടനത്തിന് മുന്നോടിയായി നാഷനല്‍ ഗാർഡിനെ വിളിക്കണമെന്ന തന്റെ അഭ്യർഥനകളെ സഭയിലെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചതായി യുഎസ് കാപിറ്റോള്‍ പൊലീസ് മേധാവി ആരോപിച്ചു. സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് ഘടകവിരുദ്ധമായാണ് പോലീസ് മേധാവി സ്റ്റീവൻ സണ്‍ഡിന്റെ പ്രസ്താവന. കാപിറ്റോളിലെ അക്രമത്തിന് മുമ്പും ശേഷവും ഒന്നിലധികം തവണ നാഷനൽ ഗാർഡിനെ വിളിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം മുമ്പത്തെ പ്രകടനങ്ങളെക്കാൾ വളരെ വിപുലമായിരിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടിട്ടും ഗാർഡിനെ വിളിക്കാനുള്ള ഔദ്യോഗിക നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ സൂപ്പർവൈസർമാർ വിമുഖത കാണിച്ചു. ഞായറാഴ്ച വാഷിങ്ടൻ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സണ്‍ഡിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന.
ബുധനാഴ്ച, സായുധ പ്രക്ഷോഭകർ യുഎസ് കാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടെണ്ണൽ നിർത്താൻ ചേംബറിനെ നിർബന്ധിച്ചു. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച ട്രംപ് അക്രമത്തിന് തുടക്കമിട്ടു,“ഞങ്ങൾക്ക് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അക്രമാസക്തമായ നീക്കങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ടായിരുന്നു. വലിയൊരു ജനക്കൂട്ടം കാപിറ്റോള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും എനിക്ക് അറിയാമായിരുന്നു," സണ്‍ഡ് പറയുന്നു.
ബുധനാഴ്ച കീപിറ്റോള്‍ ഹില്ലിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഉദ്യോഗസ്ഥർ ഉന്നയിച്ച അവകാശവാദങ്ങൾക്ക് വിരുധമായാണ് സണ്‍ഡിന്റെ പ്രസ്താവന. നാഷണൽ ഗാർഡും മറ്റ് അധിക സുരക്ഷാ പിന്തുണയും നൽകാമായിരുന്നുവെന്ന് സണ്‍ഡിന്റെ മേലുദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു കാപിറ്റൾ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.