sections
MORE

ഫോമാ വനിതാ ഫോറം ഉദ്ഘാടനം ശ്രദ്ധ നേടി

fomaa-wf
SHARE

ന്യൂയോർക്ക് ∙ ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം നിവഹിച്ച് നടിയും പാർലമെന്റംഗവുമായ സുമലതയുടെ പ്രസംഗവും ഫോറത്തിന്റെ സഞ്ജയിനി സ്കോളർഷിപ്പ് -സ്പോൺസർ എ സ്റ്റുഡന്റ്-  പ്രഖ്യാപനം നടത്തി മുൻ ഡിജിപി ശ്രീലേഖ ഐപിഎസിന്റെ പ്രസംഗവും ഏറെ ശ്രദ്ധേയമായി. വനിതാ ഫോറം നാഷണല്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍ സ്വാഗതവും ഫോറം  വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം നന്ദിയും പറഞ്ഞു.  ഗായിക രഞ്ജിനി ജോസ്, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവർ ആശംസകൾ നേർന്നു.ഫോമാ വനിതാ ഫോറം സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവരായിരുന്നു എംസിമാർ. 

മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെ നീറ്റലും വിശുദ്ധിയും വിരഹവും നിർമ്മലതയും നിസ്സാരതയും ആത്മാർത്ഥതയുടെ അളവുകോലും നമുക്കു മുന്നിൽ തുറന്നുവച്ച ഒരു പാഠപുസ്തകമാണ് തൂവാനത്തുമ്പികളിലെ  ക്ലാര. ആ ഒരൊറ്റ കഥാപാത്രം മതി ഇന്നും മലയാളിയുടെ മനസ്സിൽ സുമലതയുടെ മുഖം ഓടിയെത്താൻ-സുമലതയെ പരിചയപ്പെടുത്തിക്കൊണ്ട് ഷൈനി അബൂബക്കര്‍ ചൂണ്ടിക്കാട്ടി.

'പുതിയ ദിനം, പുതിയ വർഷം, പുതിയ തുടക്കം. 2021 ൽ എല്ലാവര്‍ക്കും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ഉദ്ഘാടനകർമ്മം നിർവ്വഹിക്കാൻ ക്ഷണിച്ചതിലെ നന്ദി അറിയിക്കുന്നു,'  സുമലത പറഞ്ഞു.  'ശക്തം, നിർഭയം' എന്നീ രണ്ടു വാക്കുകളാണ് വിമൻസ് ഫോറത്തിൽ ഞാൻ ശ്രദ്ധിച്ചത്. ഈ രണ്ട് കാര്യങ്ങളും  എന്നിലുണ്ട്. എന്നെ അങ്ങനെ വളർത്തിയെടുത്തത് കരുത്തയായ എന്റെ അമ്മയാണ്. മുപ്പത്തിമൂന്നാം വയസ്സിൽ വൈധവ്യം അനുഭവിക്കേണ്ടി വന്ന സ്ത്രീയായിരുന്നു അമ്മ. ആരുടെയും പിന്തുണയും സഹായവും ഇല്ലാതെയാണ് അമ്മ ഞങ്ങൾ അഞ്ചു മക്കളെ വളർത്തി വലുതാക്കിയത്. എന്റെ ഏറ്റവും വലിയ പ്രചോദനം എനിക്ക്  ജീവിതമൂല്യങ്ങൾ പകർന്നു തന്ന അമ്മ തന്നെയാണ്. ഏതൊരു പ്രതിസന്ധി മുന്നിൽ വന്നാലും അമ്മയുടെ മുഖമാണ് ഞാൻ ഓർക്കുക. അവർ താണ്ടിയ കഷ്ടതകൾ ചിന്തിച്ചാൽ, എന്റെ പ്രശ്നങ്ങൾ അവിടെ ഒന്നും അല്ലാതായി തീരും. അതിജീവനത്തിന്റെ വലിയ ഉദാഹരണമാണ് അമ്മ. 

ഈ അവസരത്തിൽ ശക്തരും നിർഭയരുമായ എല്ലാ സ്ത്രീകൾക്കും എന്റെ സല്യൂട്ട്. നിങ്ങൾ കാഴ്ചവയ്ക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് എന്റെ അഭിനന്ദനം.

മലയാളികൾക്ക് എന്റെ സിനിമാ അനുഭവങ്ങൾ കേൾക്കാൻ ആയിരിക്കും കൂടുതൽ താല്പര്യം എന്നറിയാം. പതിനഞ്ചാം വയസ്സിലാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അഭിനയം, നൃത്തം അങ്ങനെ ഒന്നും അറിയാതെ ഒരു കൗമാരക്കാരി തികച്ചും അപരിചിതമായ വലിയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുകയാണ്. സെറ്റുകളിൽ നിന്ന് ആദ്യാക്ഷരങ്ങൾ മുതൽ പഠിച്ചെടുത്തു.  മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു. ജോഷി സർ, ഭരതൻ സർ, പത്മരാജൻ സർ, സിബി മലയിൽ, കമൽ  എന്നിങ്ങനെ മലയാളത്തിലെ പ്രഗത്ഭരോടൊപ്പം സിനിമകൾ ചെയ്തു. ഇവരിൽ നിന്നൊക്കെയാണ് സിനിമയെക്കുറിച്ച് ഞാൻ പഠിച്ചതും അറിഞ്ഞതും.

കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് എവിടെ ചെന്നാലും പണ്ടു ചെയ്ത കഥാപാത്രങ്ങൾ ഓർത്തുവച്ച് ആളുകൾ ഇപ്പോഴും അടുത്തേക്ക് ഓടിവരാറുണ്ട്. ദുബായ്, അമേരിക്ക, ഓസ്‌ട്രേലിയ അങ്ങനെ എവിടെയും മലയാളികൾ എന്നെ തിരിച്ചറിയും. പലർക്കും ഞാൻ ക്ലാരയാണ്. ന്യൂഡൽഹിയിലെയും നിറക്കൂട്ടിലെയും കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ അങ്ങനൊരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു. ആ ചിത്രങ്ങളിൽ അവസരം ലഭിച്ചത് നന്ദിയോടെ ഓർക്കുന്നു. 

2020 ലെ പ്രതിസന്ധികൾ നേരിടാനും മുന്നേറാനുമുള്ള കരുത്ത് 2021 എല്ലാവര്‍ക്കും തരട്ടെ. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നോക്കുക, പ്രതീക്ഷ ഒരിക്കലും കൈവിരുത്. ഒരിക്കൽ കൂടി ആയുരാരോഗ്യ സൗഖ്യത്തിന്റെ പുതുവർഷം നേരുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ-സുമലത പറഞ്ഞു 

ഫോമാ വിമൻസ് ഫോറത്തിന്റെ സഞ്ജയിനി സ്കോളർഷിപ്പ് -സ്പോൺസർ എ സ്റ്റുഡന്റ്- പദ്ധതിയുടെ   പ്രഖ്യാപനം നടത്തിയത് മുൻ ഡിജിപി ശ്രീലേഖ ഐ പി എസ് ആണ്.  

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സർവോന്മുഖമായ വികാസത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ, വ്യക്തിത്വ വികാസം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ഉദ്ദേശത്തോടെയാണ് വിമൻസ് ഫോറം സഞ്ജയിനി  സ്കോളർഷിപ്പ്  സ്പോൺസർ എ  സ്റ്റുഡന്റ്  പദ്ധതി തുടങ്ങുന്നത്-ഫോറം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

'2006 മുതൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളുടെ  സംഘടനയായ   ഫോമ വനിതാ ഫോറം തുടങ്ങിയെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി,' ശ്രീലേഖ ഐ പി എസ് പറഞ്ഞു. 

'പ്രാരംഭം മുതൽ ഈ നിമിഷംവരെയും സ്ത്രീകളുടെ ശക്തിമത്തായ ഒരു കൂട്ടായ്മയായി നിലകൊള്ളുന്നു എന്നാണ്  ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചത്. നിങ്ങളെ പരിചയപ്പെടാനും അഭിസംബോധന ചെയ്ത് രണ്ടു വാക്ക് പറയാനും സാധിക്കുന്നതിൽ ഏറെ സന്തോഷം. കഴിഞ്ഞ വര്‍ഷം ഉൾപ്പെടെ സാമൂഹിക സേവനരംഗത്ത്  നിങ്ങൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അഭിനന്ദിക്കുന്നു. 

2020 ൽ  ലോകം മുഴുവൻ പ്രതിസന്ധിയിലായിരുന്നതിനാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഉദ്ദേശിച്ച രീതിയിൽ പല പ്രോജക്ടുകളും മുന്നോട്ടു നീക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കാതെ വന്നിട്ടുണ്ടാകാം. ഒരു കൂട്ടായ്മയുടെ വിജയം എപ്പോഴും പരസ്പരം കണ്ടും ചർച്ചചെയ്തും  ഉരുത്തിരിയുന്ന ആശയങ്ങളിൽ നിന്നാണല്ലോ. എന്നാൽ, മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിന് സാഹചര്യം ഉണ്ടായിരുന്നില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി ആ പരിമിതി അതിജീവിച്ചതായി  ഞാൻ മനസിലാക്കുന്നു. നേരിട്ട് കാണുന്നതിന്റെ സുഖം ഇതിൽ നിന്ന് കിട്ടില്ല. പൊലീസ് ഡിപ്പാർട്മെന്റിൽ ആയാലും അഗ്നിശമനസേനയിൽ ആയാലും ഇപ്പോൾ മീറ്റിങ്ങുകൾ നടക്കുന്നത് വെർച്വൽ ആയിട്ടാണ്. 2021 ൽ കഴിഞ്ഞ വര്‍ഷത്തേക്കാൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു. 

33 വർഷവും 5  മാസങ്ങളും നീണ്ട എന്റെ പൊലീസ് ജീവിതത്തിൽ, സ്ത്രീകളുടെയും  കുട്ടികളുടെയും ഉന്നമനത്തിനായി കഴിവിനൊത്ത് പ്രവർത്തിച്ചതിൽ സന്തോഷവും ചാരിതാർഥ്യമുണ്ട്. ഇപ്പോൾ, പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസത്തിനുവേണ്ടി നിങ്ങൾ ഒരുക്കുന്ന 'സഞ്ജയിനി ' എന്ന സ്കോളർഷിപ്പ് പദ്ധതിയും വീടുകളിലിരുന്ന് ചെയ്യാവുന്ന സ്ത്രീകളിലെ കരകൗശലത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും എന്റെ മനസ്സ് നിറയ്ക്കുന്നു. 

ഫോമയിലെ സ്ത്രീകൾ ശക്തി ആർജ്ജിച്ചവരാണ്. പത്തുവർഷത്തെ പ്രവർത്തനങ്ങൾകൊണ്ടത് തെളിയിക്കുകയും ചെയ്തു. നിങ്ങൾക്ക് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട്  എന്റെ ഉപദേശം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ, നമ്മുടെ നാട്ടിൽ പരിതാപകരമായ അവസ്ഥ അഭിമുഖീകരിക്കുന്ന നിരവധി സ്ത്രീകളുണ്ട്. പ്രത്യേകിച്ച്, 'പേടി' എന്ന സംഗതി സ്ത്രീകളെ വലിഞ്ഞുമുറുകി പിന്നോട്ട് വലിക്കുന്നുണ്ട് . ഭയം എന്ന വികാരം ഉള്ളിലുള്ള സ്ത്രീക്ക് വിജയം നേടാൻ ഒരിക്കലും കഴിയാതെ വരും. ധൈര്യത്തോടെ ഒരു കാര്യം ചെയ്യുമ്പോൾ, തോൽവി വന്നാലും നേരിടാൻ പ്രയാസമുണ്ടാവില്ല. 

നിർഭയ എന്ന പദ്ധതിയുടെ നോഡൽ ഓഫിസറായി പ്രവർത്തിച്ചിരുന്നതുകൊണ്ടു തന്നെ കേരളത്തിലെ സ്ത്രീകളുടെ പേടിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഒരു കുഞ്ഞൻ വൈറസ് വന്ന് എല്ലാവരെയും പേടിപ്പിച്ച് വീട്ടിനുള്ളിൽ ആക്കിയ സമയം കൂടി ആണല്ലോ. തമ്മിൽ കണ്ട് സംസാരിക്കാൻ പേടി, തൊടാൻ പേടി, പുറത്തുപോയി വന്നാൽ കൈകഴുകിയില്ലേ എന്നോർത്തു പേടി... പേടി കൂടിയിരിക്കുന്നു. എന്നാൽ, കോവിഡിന് മുൻപും എല്ലാത്തിനോടും പേടിയുള്ള മലയാളി സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. ഗാർഹിക പീഡനത്തിനും ലൈംഗീക അതിക്രമങ്ങൾക്കും ഇരയാകുന്ന കേരളത്തിലെ നിരവധി സ്ത്രീകളെ അടുത്തറിഞ്ഞിട്ടുള്ളതുകൊണ്ട് ഭയത്തെ എങ്ങനെ നേരിടാമെന്ന് അവരെ പഠിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്ന് ഞാൻ മനസിലാക്കുന്നു. 

ഫോമയുടെ വിമെൻസ് ഫോറം വിദ്യാർത്ഥികൾക്കാണല്ലോ സ്കോളർഷിപ് നൽകുന്നത്. അതിൽ തന്നെ അൻപത് സ്‌കോളർഷിപ്പുകൾ നഴ്സിങ് രംഗത്തെ വിദ്യാർത്ഥികൾക്കാണ്. അവരുടെ പ്രവർത്തന മേഖല എത്രത്തോളം  പ്രയാസകരമാണെന്ന് നമുക്കറിയാം. പുരുഷന്മാരെ അപേക്ഷിച്ച് മൾട്ടി-ടാസ്കിങ്ങിനുള്ള കഴിവ് സ്ത്രീകൾക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടോ മൂന്നോ കാര്യങ്ങളിൽ ഒരേ സമയം ശ്രദ്ധ ചെലുത്തുകയും കാര്യക്ഷമമായി മികച്ച രീതിയിൽ പൂർത്തീകരിക്കാനും സ്ത്രീകൾ പ്രാപ്തരാണ്. ഇമോഷണൽ കോഷ്യന്റ് (ഇക്യൂ ) സ്ത്രീകളിൽ കൂടുതലാണെന്നത് വൈകാരികമായ ദൗർബല്യമായി പലരും പറയുമ്പോഴും എനിക്കതൊരു ശക്തിയായി തോന്നുന്നു. കണ്ണീര് സ്ത്രീയെ തളർത്തുന്ന ഒന്നല്ല, അവളെ കരുത്തയാക്കുന്ന ഇന്ധനമാണ്. ഒന്ന് കരഞ്ഞുതീരുമ്പോൾ ഏത് സ്ത്രീയും ദൃഢനിശ്ചയത്തോടെ പുതിയ തീരുമാനമെടുത്ത് മുന്നോട്ടുള്ള ചുവടുവയ്ക്കും.  വെല്ലുവിളികളെ നേരിടാൻ പ്രാപ്തയാകും. 

പേടി ഇല്ലാതാക്കാൻ എനിക്കറിയാവുന്ന ഒരു വഴി ഞാൻ പറഞ്ഞുതരാം. നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്തുചിന്തിക്കും എന്ന തോന്നൽ എടുത്തു മാറ്റുക. പിന്നെ, ധൈര്യം തനിയെ വരും.  ഉള്ളിൽ നിന്നൊരു ശബ്ദം നമ്മളോട് മന്ത്രിക്കുന്നുണ്ട് -നിന്നെക്കൊണ്ട് സാധിക്കും, നിനക്ക് കഴിവുണ്ട്, നീയാണ് ഏറ്റവും നല്ലത് എന്നൊക്കെ. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കുകയും അവരെന്ത് വിചാരിക്കുമെന്ന് തല പുകയ്ക്കുകയും ചെയ്യുമ്പോൾ നമ്മൾ നമ്മുടെ ഉള്ളിലെ ശബ്ദം തിരിച്ചറിയാതെ പോകും. കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തിൽ നോക്കി, നിങ്ങളുടെ കണ്ണുകളിൽ നോക്കി, നിങ്ങളെ തന്നെ സ്നേഹിക്കുക. സ്വയം സ്നേഹിച്ചാൽ, നിങ്ങൾക്ക് മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയും, ആ സ്നേഹം തിരിച്ചുകിട്ടുകയും ചെയ്യും. അതൊരു ദീപം പോലെയാണ്. ആ പ്രകാശം പടർന്നുപിടിക്കും. സ്വയം കത്തിയാലേ ദീപത്തിന് മറ്റുള്ളവരിലേക്ക് നാളം പകരാൻ സാധിക്കൂ. 

ഇന്നത്തെ ഡിജിറ്റൽ ഉദ്ഘാടന കർമ്മത്തിലായാലും സ്വിച്ച് ഓൺ ചെയ്യുകയല്ല, ദീപം തെളിക്കുകയാണ്. എന്തെന്നാൽ, തിരിനാളം മാത്രമേ മറ്റുള്ളവരിലേക്ക് പകരാൻ കഴിയൂ. സ്നേഹത്തിന്റെ ദീപം ഉള്ളിൽ തെളിച്ചുവയ്ക്കുക. നിങ്ങളുടെ ചുറ്റുപാടുമുള്ള ഇരുണ്ട മൂലകളിലേക്കെല്ലാം ആ സ്നേഹദീപം വെളിച്ചം എത്തിക്കും. 

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ. വിദ്യാഭ്യാസത്തിനു വേണ്ടി ഒരു സ്കോളർഷിപ് നിറഞ്ഞ മനസ്സോടെ നൽകുന്നതും വലിയൊരു ചാരിറ്റി ആണ്. ഇതിൽ പങ്കാളിയാകുന്ന ഓരോരുത്തരെയും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ അനുമോദിക്കുന്നു. ഇനിയും ഇതുപോലെയുള്ള നല്ല പദ്ധതികൾ ഫോമയ്‌ക്ക് നടക്കാപ്പാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. വനിതാ ഫോറം ഇതുപോലെ ഊർജ്ജസ്വലമായി മുന്നോട്ടു പോകട്ടെ. 100 വിദ്യാർഥികളിലേക്കാണ് സഞ്ജയിനി  സ്‌കോളർഷിപ്പ് വഴി വിദ്യയുടെ വെളിച്ചം എത്തുക- 50 നഴ്സിംഗ് വിദ്യാർത്ഥികളും മറ്റു മേഖലയിൽ നിന്നുള്ള 50 വിദ്യാർത്ഥികളും ഇതിലൂടെ പഠിച്ചിറങ്ങും. എല്ലാവിധ ആശംസകളും അർപ്പിച്ചുകൊണ്ട് ഞാൻ ഈ സ്വപ്നപദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. വിമൻസ് ഫോറത്തിന്റെ എല്ലാ അംഗങ്ങൾക്കും സസ്നേഹം എന്റെ സല്യൂട്ട്,' ശ്രീലേഖ ഐ.പി.എസ്. പറഞ്ഞു. തുടർന്ന് വിവിധ കലാപാരിപാടികൾ അരങ്ങേറി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA