ADVERTISEMENT

യുഎസിന്റെ മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ടെക്സസിന് ബന്ധമില്ല, കാരണം ടെക്സസ് വ്യത്യാസ്തമാണെന്ന് പറഞ്ഞ്  വിശ്വസിപ്പിക്കുവാൻ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കൾ ശ്രമിക്കാറുണ്ട്. എന്നാൽ ടെക്സസ് എല്ലാ കാര്യങ്ങളിലും യുഎസിന്റെ  ഭാഗം തന്നെയാണെന്ന് കഴിഞ്ഞ ഒരാഴ്ചത്തെ ദുരന്തദിനങ്ങൾ അടിവരയിട്ട് സമർഥിച്ചു. പൊതുജനങ്ങളോട് നിങ്ങൾ വരുംദിനങ്ങളിലെ കൊടുംതണുപ്പും വിഷമതകളും നേരിടാൻ തയാറായിരിക്കുക എന്ന് അഭ്യർത്ഥിച്ച പ്രാദേശിക, സംസ്ഥാന നേതാക്കളും എനർജി കമ്പനികളും ആവശ്യമായ മൂന്നൊരുക്കങ്ങൾ നടത്തിയില്ല എന്ന് ആരോപണമുണ്ട്. രാഷ്ട്രീയ നേതാക്കൾ അന്യോന്യം പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചു.

ഫെബ്രുവരി 11ന് ആരംഭിച്ച മഞ്ഞുവീഴ്ചയുടെ ആഘാതം ഇന്റർ സ്റ്റേറ്റ് 35 വെസ്റ്റിൽ 133 വാഹനങ്ങൾ കൂട്ടിയിടിച്ച് കുന്നുകൂടിയതോടെ ആരംഭിച്ചു. ആദ്യമായി ടെക്സിസലെ 254 കൗണ്ടികളും തുടർച്ചയായി 139 മണിക്കൂർ നീണ്ടു നില്ക്കുന്ന മഞ്ഞുവീഴ്ചയും സ്ലീറ്റും ഹെയിലും ഉണ്ടായി. 1942 ന് ശേഷം ഏറ്റവും വലിയ ഏഴാമത്തെ മഞ്ഞു വീഴ്ചയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറഞ്ഞു. ടെക്സസ് എക്സപ്ഷനലിസത്തിന്റെ അന്ത്യമാകാം ഇതെന്ന് അവർ മുന്നറിയിപ്പ് നൽകി.

‌മാതാപിതാക്കൾ കുട്ടികളുടെ തണുപ്പ് മാറ്റാൻ തന്നേ പണിപ്പെട്ടു. ഇലക്ട്രിസിറ്റി ഇല്ലാത്ത അവസ്ഥയിൽ ഒന്നിലധികം പുതപ്പുകളിൽ പൊതിഞ്ഞു. തണുപ്പ് അസഹ്യമായപ്പോൾ ഉറങ്ങാനാവാതെ കുട്ടികൾ നിലവിളിച്ചു. ചിലർ വാഹനങ്ങളിലെ ഹീറ്റ് ഓൺ ചെയ്തു കുട്ടികളെ അതിനുള്ളിലാക്കി. ഹോട്ടൽ മുറികൾ ഒന്നും ഒഴിവില്ല എന്ന് അധികാരികൾ അറിയിച്ചു.

വെള്ളം ലഭിക്കാനാവാതെ ധാരാളം പേർ വലഞ്ഞു. ഫേസറ്റുകളിൽ നിന്ന് ഇറ്റ് വീഴുന്ന ജലം തിളപ്പിച്ച് ഉപയോഗിക്കുവാൻ ചിലർക്ക് കഴിഞ്ഞു. ഗ്രോസറി സ്റ്റോർ ഷെൽഫുകളിൽ നിന്ന്  സാധനങ്ങൾ വളരെ വേഗം അപ്രത്യക്ഷമായി. ഡെലിവറി ചെയ്യുവാൻ സാധനങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്തു കാത്തിരുന്നവർക്ക് ലഭിച്ചത് ഒന്നോ രണ്ടോ സാധനങ്ങൾ മാത്രം.

ദ ഇലക്ട്രിക് റിയലബിലിറ്റി കൗൺസിൽ ഓഫ് ടെക്സസ് (എർക്കോട്ട്) വൈദ്യുത ഗ്രിഡിന്റെ നിയന്ത്രണ ചുമതലയുള്ള ഏജൻസിയാണ്. ഒരു റൊട്ടേറ്റിംഗ് മാതൃകയിൽ കുറെ സമയം ചില പ്രദേശത്ത് മാത്രം വൈദ്യുതി വിതരണം ഏജൻസി പരീക്ഷിച്ച് നോക്കിയെങ്കിലും വിജയിച്ചില്ല. ഒരുകോടി 30 ലക്ഷം (ടെക്സസിന്റെ ഏതാണ്ട് പകുതി ജനങ്ങൾ) വൈദ്യുതി ഇല്ലാതെ വിഷമിച്ചു. ഡാലസ് നഗരത്തിന്റെ ഹൃദയഭാഗത്ത് ചില വ്യവസായ സ്ഥാപനങ്ങൾ കണ്ണഞ്ചിക്കുന്ന വൈദ്യുത വിളക്കുകൾ  ജ്വലിപ്പിക്കാറുണ്ട്.  വൈദ്യുതിക്കുവേണ്ടി നഗരത്തിൽ ചിലർ ഉഴലുമ്പോഴും ഈ വിളക്കുകൾ കത്തുകയാണ് എന്ന പരാതികളെ തുടർന്ന് കമ്പനികൾക്ക്  ഈ പ്രഭാപൂരങ്ങൾ നിർത്തേണ്ടി വന്നു.

ഒരാഴ്ചയ്ക്കുശേഷം വെള്ളിയാഴ്ച മിക്കവാറും എല്ലാ ഭവനങ്ങളിലും  ഇലക്ട്രിസ്റ്റി തിരിച്ചെത്തി. ആയിരക്കണക്കിന് ടെക്സസുകാർ  ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ വിഷമിച്ചപ്പോൾ എർകോട്ടും മറ്റ് സ്ഥാപനങ്ങളും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന ട്വീറ്റുകൾ അയച്ച് അവരെ കൂടുതൽ വിഷമത്തിലാക്കി എന്ന് ആരോപണമുണ്ട്.

എർവിങ്ങിൽ നിന്നുള്ള  റിപ്പബ്ലിക്കൻ ജനപ്രതിനിധി ബെത്ത്‍വാൻ ഡുവൻ സ്റ്റേറ്റിന്റെ ഗ്രിഡും യശസ്സും റീബിൽഡ് ചെയ്യാൻ സഹായിക്കുവാൻ തയാറാണെന്നറിയിച്ചു. മൂന്നുദിവസം വൈദ്യുതി ലഭിക്കാതിരുന്ന അവർ ഇപ്പോൾ വാട്ടർ പൈപ്പ് ലൈനും റിപ്പയർ ചെയ്യിക്കേണ്ട അവസ്ഥയിലാണ്. തന്റെ ഫയർപ്ലേസിന്  ചുറ്റും ബ്ലാങ്കറ്റുകളും പില്ലോകളും വെച്ചാണ് ഇവർ തണുപ്പിൽ നിന്ന് രക്ഷപ്പെട്ടത്.

ടെക്സസിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സ്വന്ത ഇഷ്ടപ്രകാരമുള്ള കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാമെന്ന് പത്തിരുപത് വർഷം മുൻപ് നിയമം  ഉണ്ടായി. അതനുസരിച്ച് ഉപഭോക്താക്കൾ കമ്പനികൾ മാറുന്നു.  കുറഞ്ഞ യൂണിറ്റ് നിരക്ക് വാഗ്ദാനം ചെയ്തു കോൺട്രാക്ടിൽപെടുത്തി പല പേരുകളിൽ അടിസ്ഥാന നിരക്കിന് മേൽ ബിൽ ചെയ്തു ഉപഭോക്താക്കളെ വഞ്ചിക്കുന്നു. ഈയിടെ അഞ്ചു ദിവസത്തെ വൈദ്യുതി ഉപയോഗത്തിന് ഒരു ഗൃഹനാഥയ്ക്കു അയ്യായിരം ഡോളറിന്റെ ബിൽ നൽകി ഒരു കമ്പനി ചരിത്രം സൃഷ്ടിച്ചു.

ആരുടെ കുറ്റം മൂലമാണ് ദുരന്തം ഇത്രയും വഷളായത് എന്ന ചോദ്യത്തിന് ഉത്തരമായി പാർട്ടി വിശ്വാസത്തിനനുസരിച്ച് വിരലുകൾ ചൂണ്ടുന്നു. ചിലർ ഗവർണറെയും ലെഫ്. ഗവർണറെയും കുറ്റപ്പെടുത്തുന്നു.  ഗവർണർ ഫെഡറൽ ഗവൺമെന്റ് വളരെ വൈകി 77 മാത്രം ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ ആവശ്യം എല്ലാ 254 കൗണ്ടികളെയും ദുരിതബാധിതമായി പ്രഖ്യാപിക്കണം എന്നായിരുന്നു. എന്നാൽ മറ്റ് കൗണ്ടികളെ ഒഴിവാക്കിയതിനെകുറിച്ച് വൈറ്റ് ഹൗസോ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി (ഫേമ) യോ വിശദീകരണം നൽകിയില്ല. ഫേമയിൽ നിന്ന് രേഖകൾ ലഭിച്ച ഉടനെ താൻ വിളംബരം പുറപ്പെടുവിച്ചു എന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ഔദ്യോഗീക വിളംബരത്തിൽ വന്ന കാലതാമസം രേഖകൾ ശേഖരിക്കുന്നതിൽ അവകാശികൾക്ക് ബുദ്ധിമുട്ടാവുകയില്ല എന്ന് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com