ADVERTISEMENT

ഹൂസ്റ്റണ്‍ ∙ കാനഡയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തികളിലെ യാത്രാ നിയന്ത്രണങ്ങള്‍ ബൈഡന്‍ ഭരണകൂടം നീക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് രാജ്യത്തിന് പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കും, വേര്‍പിരിഞ്ഞ കുടുംബാംഗങ്ങള്‍ക്കും അമേരിക്കയുടെ വാതിലുകള്‍ വീണ്ടും തുറക്കുന്നു. വാക്‌സിനേഷന്റെ തെളിവ് നല്‍കിയാൽ കുടുംബങ്ങളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാന്‍ അനുവദിക്കും. അമേരിക്കയിൽ ഷോപ്പിങ് നടത്താനും, വിദേശ യാത്രക്കാരെ പ്രവേശിപ്പിക്കാനും അനുവദിക്കും. നിയന്ത്രണം ഉടന്‍ നീക്കുമെന്ന് ഭരണകൂടം അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്ന് രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കുന്നത്.

 

നിരോധനങ്ങള്‍ എടുത്തുകളയുന്നത് യുഎസ് യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ഗുണകരമാകും. ഇത് ടൂറിസത്തിനായി വീണ്ടും രാജ്യം തുറക്കുന്നതിനു തുല്യമാണ്. രാജ്യം ഏകദേശം 19 മാസത്തോളം അതിര്‍ത്തികള്‍ അടച്ചു. പുതിയ നടപടി വീണ്ടെടുക്കലിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ വാക്സീൻ എടുത്ത സന്ദര്‍ശകരെ മാത്രമേ അമേരിക്ക സ്വാഗതം ചെയ്യുകയുള്ളൂ .വാക്സീൻ സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് മെക്‌സിക്കോ–കാനഡ അതിര്‍ത്തി കടക്കുന്നതില്‍ വിലക്ക് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ഡ്രൈവര്‍മാരും വിദ്യാർഥികളും ഉള്‍പ്പെടെ കര അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടില്ലാത്തവരും ജനുവരി മുതല്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ തെളിവ് കാണിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

 

യാത്രാ നിയന്ത്രണങ്ങള്‍ എറി കൗണ്ടിക്ക് 660 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റായ സെനറ്റര്‍ കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് പറഞ്ഞു. അതിർത്തികൾ  വീണ്ടും തുറക്കുന്നത് വടക്കന്‍ അതിര്‍ത്തിയിലുടനീളമുള്ള യാത്രയെ ആശ്രയിക്കുന്ന എണ്ണമറ്റ ബിസിനസുകാർ, മെഡിക്കല്‍ ദാതാക്കള്‍, കുടുംബങ്ങള്‍, എന്നിവര്‍ക്ക് സ്വാഗതാര്‍ഹമായ വാര്‍ത്തയാണെന്ന് ഗില്ലിബ്രാന്‍ഡ് പറഞ്ഞു.

 

യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള കൃത്യമായ തീയതി ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല. മെക്‌സിക്കോ അല്ലെങ്കില്‍ കാനഡ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നവരെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ കടക്കാന്‍ അനുവദിക്കുന്നതിന് മുമ്പ്, അവരുടെ വാക്‌സിനേഷനെക്കുറിച്ച് ചോദിക്കും. രേഖകള്‍ പരിശോധിക്കാന്‍ യാത്രക്കാരെ സെക്കന്‍ഡറി സ്‌ക്രീനിങ്ങിലേക്ക് അയയ്ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും, സംരക്ഷണമോ സാമ്പത്തിക അവസരമോ തേടുന്ന കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാന്‍ പ്രസിഡന്റ് ബൈഡന്‍ പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ നടപ്പാക്കിയ ഒരു പ്രത്യേക അതിര്‍ത്തി നയം ഉപയോഗിക്കുന്നത് തുടരുമെന്ന് ഉന്നത സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദേശ വിമാന യാത്ര ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കര അതിര്‍ത്തികള്‍ സംബന്ധിച്ച തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ വാക്‌സിനേഷന്റെ തെളിവുകളും നെഗറ്റീവ് ടെസ്റ്റ് റിസൾട്ടും അമേരിക്കയില്‍ പ്രവേശിക്കാന്‍ കാണിക്കേണ്ടതുണ്ടെങ്കിലും, കര അതിര്‍ത്തി കടക്കുന്നവര്‍ക്ക് പരിശോധന ആവശ്യമില്ല.

 

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, ഫൈസര്‍-ബയോഎന്‍ടെക് അല്ലെങ്കില്‍ മോഡേണ വാക്‌സീനുകളുടെ രണ്ടാം ഡോസ് അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒരു ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ് ആളുകളെയാണ് പൂര്‍ണ്ണമായും കുത്തിവയ്പ് എടുത്തവരായി കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനായി ലിസ്റ്റുചെയ്തിട്ടുള്ള വാക്‌സീനുകള്‍ സ്വീകരിച്ചവരെയും പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരായി കണക്കാക്കും. കര അതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇതു ബാധകമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 

 

വിമാന യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള തീരുമാനം വിദേശത്തും അമേരിക്കയിലും ഉള്ള വ്യവസായികൾക്ക് ആശ്വാസമായി. നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് കമ്മ്യൂണിറ്റികള്‍ക്ക് ഗുണം ചെയ്യുമെന്ന് വാഷിങ്ടനിൽ നിന്നുള്ള ഡെമോക്രാറ്റായ സെനറ്റര്‍ പാറ്റി മുറേ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ നിലനിര്‍ത്താന്‍ അതിര്‍ത്തി കടന്നുള്ള യാത്രയെ പൂര്‍ണ്ണമായും ആശ്രയിക്കുന്നവരാണ് ഇവര്‍. എന്നാല്‍ അതിര്‍ത്തി തുറക്കുന്നതിലൂടെ 'മാസങ്ങളുടെ സാമ്പത്തിക ദുരന്തത്തിന്' ശേഷം, സമൂഹത്തിന് പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com